അധ്യാപികയ്ക്ക് ശവക്കല്ലറ തീര്‍ത്തവര്‍ വനിതാ മതിലും പണിയുന്നു

പാലക്കാട്: മക്കളായി കണ്ടിരുന്ന വിദ്യാര്‍ഥികള്‍ യാത്രയയപ്പിന് ശവക്കല്ലറയൊരുക്കിയപ്പോള്‍ ഹൃദയം പൊട്ടിയാണ് ഒരു പ്രിന്‍സിപ്പാള്‍ തന്റെ എല്ലാമായിരുന്ന കോളേജില്‍ നിന്നും പടിയിറങ്ങിയത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാളായിരുന്ന ഡോ.ടി.എന്‍. സരസുവിനാണ് യാത്രയയപ്പ് ദിവസം സിപിഎമ്മിന്റെ കുട്ടി സഖാക്കള്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വച്ചത്.ഇതിന് പ്രേരിപ്പിച്ചതാകട്ടെ ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയും.

ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ ആത്മനിര്‍വൃതിയോടെ പടിയിറങ്ങേണ്ടിയിരുന്ന ഒരു അധ്യാപിക ചങ്കുപിളര്‍ന്നാണ് വിക്ടോറിയ കോളേജിന്റെ കവാടമിറങ്ങിയത്.

ഏറെ പേരുകേട്ടതും നിരവധി മഹാന്മാരെ വാര്‍ത്തെടുത്തതും 125 വര്‍ഷത്തിലധികം പഴക്കവുമുള്ള പാലക്കാട് ഗവ. വിക്ടോറിയ കോളേജിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ഏട് കൂട്ടിച്ചേര്‍ക്കപ്പെട്ട ദിവസമായിരുന്നു 2016 മാര്‍ച്ച് 31. 1987ല്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ സുവോളജി അധ്യാപികയായി ജീവിതം ആരംഭിച്ച ടീച്ചര്‍ക്ക് വിക്ടോറിയയോട് ഏറ്റവും കടപ്പാടും സ്‌നേഹവും ആത്മാര്‍ഥയുമുണ്ടായിരുന്നു.

എന്റെ ജീവിതവും ജീവനും ഈ കോളേജിന് വേണ്ടിയാണ് ചെലവഴിച്ചത്. അവസാനം എനിക്ക് അവര്‍ ശവക്കല്ലറയും പണിതു തന്നു. എന്‍സിസി ഓഫീസര്‍ കൂടിയായിരുന്ന ടീച്ചര്‍ അല്‍പ്പം കര്‍ക്കശക്കാരിയായിരുന്നു.

ടീച്ചര്‍ ഇടതുപക്ഷ അധ്യാപകസംഘടനായ എകെജിസിടിഎയുവില്‍ അംഗമായിരുന്നു. എന്നാല്‍ അവരുടെ ആശയങ്ങളും പ്രവൃത്തികളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നു മനസ്സിലായപ്പോള്‍ അതില്‍ നിന്നും പിന്മാറി. അന്നു തുടങ്ങിയ വൈരാഗ്യമാണ് ശവക്കല്ലറയില്‍ എത്തിയത്.

വിരമിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പാണ് പ്രിന്‍സിപ്പാളായി എത്തിയത്. ചാര്‍ജെടുത്ത ദിവസം തന്നെ എസ്എഫ്‌ഐയിലെ ചില വിദ്യാര്‍ഥികള്‍ അപമര്യാദയായി പെരുമാറി. കുട്ടികളെ ഗുണ്ടകളാക്കുകയാണ് എകെജിസിടിഎ ചെയ്യുന്നതെന്ന് സരസു ടീച്ചര്‍ പറഞ്ഞു.

വിരമിക്കല്‍ ദിവസമായ 2016 മാര്‍ച്ച് 31ന് ഭര്‍ത്താവുമൊത്ത് കാറില്‍ രാവിലെ കോളേജിലെത്തിയ ടീച്ചര്‍ ഗെയ്റ്റിനടത്തു ഒരു ശവകല്ലറയും റീത്തും കണ്ടു. തനിക്കുവേണ്ടി മക്കള്‍ തീര്‍ത്ത കല്ലറയാണെന്ന് അറിഞ്ഞതും തകര്‍ന്നുപോയ മനസ്സുമായാണ് ഓഫീസില്‍ കയറിയത്. സംഭവം പോലീസിനെ അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും അത് നശിപ്പിച്ചിരുന്നു. എകെജിസിടിഎയുടെയും എസ്എഫ്‌ഐയുടെയും ഗുണ്ടായിസവും ആഭാസവും എതിര്‍ത്തതിന് അവര്‍ നല്‍കിയ യാത്രയയപ്പ്, അതെന്നും നീറുന്ന ഓര്‍മയാണെന്ന് ടീച്ചര്‍ ജന്മഭൂമിയോട് പറഞ്ഞു.

ഇതിനെതിരെ കേരളത്തിലെ ഒരു പുരോഗമനവാദിയും സാഹിത്യകാരനും പ്രതികരിച്ചില്ല എന്നത് ഖേദകരമാണെന്നും ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ പല വനിതാ പ്രിന്‍സിപ്പാളുമാരും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ആരും പറയാറില്ല. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും വിലയുമില്ല.

നാണം കെടാനാണ് വനിതാ മതിലെന്ന പേരില്‍ ഇറങ്ങിയിരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന വനിതാമതിലില്‍ സാധാരണക്കാരായ സ്ത്രീകളാരും പങ്കെടുക്കില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും പറ്റിയ തെറ്റ് ശരിയാക്കാനാണ് മതിലുമായി ഇറങ്ങിയിരിക്കുന്നതെന്നും ടീച്ചര്‍ പറഞ്ഞു.

Read Original Article Here

Leave a Reply