അമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ച മകളെ കാണാനില്ല

തലശ്ശേരി : അമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ച മകളെ കാണാനില്ല. തുടര്‍ന്ന് പരിഭ്രാന്തയായ അമ്മ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത് നാടകീയ സംഭവങ്ങളാണ്. 19 കാരിയെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ തലശേരി റെയില്‍വെ സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചെന്നൈ -മംഗലാപുരം എക്സ്പ്രസില്‍ മംഗലാപുരത്തെ ബന്ധു വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കോഴിക്കോട് സ്വദേശിനികളായ അമ്മയും മകളും. തലശേരി സ്റ്റേഷന്‍ വിട്ടതോടെ മകളെ കാണാതാകുകയായിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ അമ്മ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. അപ്പോഴേക്കും ട്രെയിന്‍ കൊടുവള്ളി പാലത്തിലെത്തിയിരുന്നു. ട്രെയിന്‍ നിര്‍ത്തി അവിടെ ഇറങ്ങിയ അമ്മ വിവരം റെയില്‍വെ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് തലശേരി പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലശേരി റെയില്‍വെ സ്റ്റേഷനിലിറങ്ങിയ പെണ്‍കുട്ടി പുതിയ ബസ്സ്റ്റാന്‍ഡിലെത്തിയതായി കണ്ടെത്തി. പുതിയ ബസ്സ്റ്റാന്‍ഡിലെ ലോട്ടറി കച്ചവടക്കാരനില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവതി ഒരു യുവാവിനെ ഫോണില്‍ വിളിച്ചു വരുത്തി കൂടെ പോയതായിട്ടാണ് പ്രാഥമികന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. ലോട്ടറി കച്ചവടക്കാരന്റെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും കോഴിക്കോട് കടലുണ്ടി സ്വദേശിയായ യുവാവിനെയാണ് പെണ്‍കുട്ടി വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Share30Tweet2 SharesRead Original Article Here

Leave a Reply