ഇടത് ചിന്തകളിലെ മോഷണകല

ലയാളത്തില്‍ സാഹിത്യചോരണവിവാദം ആദ്യമായല്ല. ഏറെ പ്രശസ്തരായവരും, അപ്രശസ്തരുമൊക്കെ ഈയൊരു വിവാദത്തില്‍ പെട്ടുപോയിട്ടുണ്ട്. ആരുടെയും പേരെടുത്തുപറഞ്ഞ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുദ്ദേശിക്കുന്നില്ല. എങ്കിലും, ഈയിടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട രണ്ട് സാഹിത്യ മോഷണവിവാദങ്ങളെക്കുറിച്ച് പറയാം. ഒന്ന് സമകാലിക കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രഭാഷകന്‍ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ പ്രബന്ധചോരണവും, മറ്റൊന്ന് ദീപാനിശാന്ത് എന്ന അദ്ധ്യാപികയുടെയും, ശ്രീചിത്രന്റെയും കവിതാചോരണവുമാണ്. ഇരുവരും ഇടതുപക്ഷത്തിന്റെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളാണ്. ബുജി എന്നു ചുരുക്കപ്പേര്.

Join Nation With Namo

സുനില്‍ പി. ഇളയിടത്തിന്റെ പ്രബന്ധചോരണത്തെക്കുറിച്ച് വിമര്‍ശനമുന്നയിച്ചത് രവിശങ്കര്‍ എസ് നായര്‍ ആണ്. വിമര്‍ശനലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് സി.കെ. ആനന്ദന്‍ പിള്ളയുടെ സാഹിത്യവിമര്‍ശം ദ്വൈമാസികയിലുമാണ്. രവിശങ്കര്‍ എസ്. നായരുടെ വിമര്‍ശനലേഖനത്തില്‍ അദ്ദേഹം രണ്ട് പുസ്തകങ്ങള്‍ വായനക്കാരുടെ മുന്നില്‍ വെക്കുന്നു. ഡോ. സുനില്‍ പി. ഇളയിടത്തിന്റെ, ചിന്ത പബ്ലിഷേഴ്‌സ് 2014ല്‍ പ്രസിദ്ധീകരിച്ച അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന പുസ്തകവും, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല 2010ല്‍ പ്രസിദ്ധീകരിച്ച ദവേഷ് സോനേജിയുടെ പ്രബന്ധ സമാഹാരമായ Bharathanatyam A Reader എന്ന ഗ്രന്ഥവും. കാനഡയിലെ മക്ഗില്‍ സര്‍വ്വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസറാണ് ദവേഷ് സോനേജി. അദ്ദേഹത്തിന്റെ പ്രബന്ധത്തിലെ പല ഭാഗങ്ങളും അതേപടി കോപ്പിയടിച്ചിരിക്കുകയാണ് ഇളയിടം എന്നു രവിശങ്കര്‍ വ്യക്തമാക്കുന്നു. കേരളീയ കലകള്‍, യേശുദാസ്, ത്യാഗരാജന്‍, ഭരതനാട്യം, രാജാ രവിവര്‍മ്മ, അമൃത ഷെര്‍ഗില്‍, കെ.സി.എസ്. പണിക്കര്‍ എന്നിവയാണ് ഇളയിടത്തിന്റെ പുസ്തകത്തിലെ പ്രബന്ധങ്ങളുടെ വിഷയങ്ങള്‍. ലളിതഗാനം, ചിത്രകല, കര്‍ണ്ണാടക സംഗീതം, നൃത്തകല, കലയിലെ കേരളീയത എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഗഹനവും പ്രൗഢവുമായ ഈ പഠനങ്ങള്‍ വായിക്കുമ്പോള്‍ ഇത്രയധികം മേഖലകളില്‍ ഇത്ര ആഴത്തിലുള്ള പാണ്ഡിത്യം ഒരു മനുഷ്യനില്‍ സമ്മേളിക്കുമോയെന്ന് ആരും അന്തം വിട്ടുപോകുമെന്ന് രവിശങ്കര്‍ പറയുന്നു.

ഇളയിടം തന്റെ പുസ്തകത്തിലെ ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും എന്ന പ്രബന്ധത്തില്‍, കോപ്പിയടിച്ച മൂന്ന് ഖണ്ഡികകളും, ദവേഷ് സോനേജിയുടെ പുസ്തകത്തിലെ മൂലഭാഗങ്ങളും രവിശങ്കറിന്റെ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്. ചിഹ്നങ്ങള്‍ അടക്കം വലുതും ചെറുതുമായ ഖണ്ഡികകള്‍ പദാനുപദം വിവര്‍ത്തനം ചെയ്തിരിക്കുകയാണ്. സോനെജി സമാഹരിച്ചിരിക്കുന്ന പുസ്തകത്തില്‍ നിന്ന് ഇളയിടം തന്റെ പുസ്തകത്തിലെ ഒരു ലേഖനത്തിലേക്കുമാത്രം പകര്‍ത്തിയ ഭാഗങ്ങളും, അവയുടെ മൂലഭാഗങ്ങളും എടുത്തെഴുതിയാല്‍ ആ മാസികയില്‍പിന്നെ വേറെ ലേഖനത്തിന് ഇടമുണ്ടാവില്ലത്രെ. രാജാ രവിവര്‍മ്മ, ത്യാഗരാജന്‍, അമൃത ഷെര്‍ഗില്‍ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളും കോപ്പിയടി വഴി സൃഷ്ടിക്കപ്പെട്ടവയാണെന്ന് രവിശങ്കര്‍ ഉറപ്പിച്ചുപറയുന്നു.

സുനില്‍ പി. ഇളയിടം എന്ന ബുദ്ധിജീവി പരിവേഷക്കാരനായ പ്രഭാഷകന്റെ യഥാര്‍ത്ഥ മുഖവും വിശ്വാസ്യതയും തുറന്നുകാട്ടുകയാണ് ഇവിടെ. ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന കാലടി സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന്‍ കൂടിയായ ഒരാള്‍ ഇങ്ങനെ മോഷണം നടത്തിയാല്‍ അതില്‍പ്പരം ഹീനമായി മറ്റെന്തുണ്ട്?

തൃശൂര്‍ കേരളവര്‍മ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്ത് ഒരു വിലാപം നടത്തുന്നതും കേരളം കണ്ടുകൊണ്ടിരിക്കുന്നു. കവിതാ മോഷണം നടത്തിയത് കൈയ്യോടെ പിടിക്കപ്പെട്ടിട്ടും അവരെപ്പോലെ പ്രമുഖയായൊരു എഴുത്തുകാരിക്ക് അങ്ങനെ കവിത മോഷ്ടിക്കേണ്ടതില്ല എന്ന വിലാപമാണവര്‍ നടത്തിയത്. എസ്. കലേഷ് എന്ന കവിയുടെ ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ എന്ന കവിതയാണ് ദീപ നിശാന്തിന്റെ പേരില്‍ ഒരു സര്‍വ്വീസ് മാഗസിനില്‍ അച്ചടിച്ചുവന്നത്. കലേഷ് ഈ കവിത 2011ല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. മാധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. സി.എസ്. വെങ്കിടേശ്വരന്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിക്കുകയും, 2015ല്‍ പുറത്തിറങ്ങിയ ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതാണ് ഈ വിവരങ്ങള്‍. കവിത മോഷ്ടിക്കപ്പെട്ടകാര്യം 2011ലെ ബ്ലോഗ് ലിങ്ക് സഹിതം പുറത്തുവിട്ടത് കവി തന്നെയാണ്.

കവിതാമോഷണത്തെ തുറന്നുകാട്ടി, കലേഷിന്റെ കവിതയും, എകെപിസിടിഎയുടെ ജേര്‍ണലില്‍ ദീപ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച കവിതയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഒരു ഖണ്ഡികയുടെ തുടക്കത്തില്‍ രണ്ടുവരികള്‍ ഒഴിവാക്കിയെന്നതൊഴിച്ച് കലേഷിന്റെ കവിത അതേപടി ദീപ നിശാന്തിന്റെ പേരില്‍ അവരുടെ ഫോട്ടോയൊടുകൂടി പ്രസിദ്ധീകരിച്ചതുകണ്ട് വായനക്കാര്‍ അത്ഭുതപ്പെട്ടു. മാസികയുടെ അധികൃതര്‍ ദീപ നിശാന്താണ് കവിത അയച്ചുതന്നതെന്നും പ്രശസ്തയായതുകൊണ്ട് ആധികാരികത പരിശോധിക്കാതെ പ്രസിദ്ധീകരിക്കുകയാണുണ്ടായതെന്നും വിശദീകരിച്ചു. കോളേജ് അദ്ധ്യാപിക കൂടിയായ ദീപ നടത്തിയ മോഷണത്തില്‍ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നു. യുവമോര്‍ച്ച പോലുള്ള സംഘടനകള്‍, എഴുത്തുകാരിക്ക് പ്രതീകാത്മകമായി ബണ്ടിചോര്‍ പുരസ്‌കാരം നല്‍കി. എന്‍.എസ്. മാധവന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ആദ്യമൊക്കെ താന്‍ മോഷ്ടിച്ചിട്ടില്ലെന്നു പറഞ്ഞും, എന്നെപ്പോലൊരാള്‍ മോഷ്ടിക്കുമെന്ന് തോന്നുന്നുണ്ടോയെന്നു ചോദിച്ചും, പ്രതിരോധം ഉയര്‍ത്തിയെങ്കിലും, പിന്നീട് ഗത്യന്തരമില്ലാതെ ദീപ സത്യം അംഗീകരിക്കുകയും, കലേഷിനോട് മാപ്പുപറയുകയും ചെയ്തു.

ഒരു പ്രമുഖ വ്യക്തിയാണ് തനിക്ക് കലേഷിന്റെ കവിത അദ്ദേഹത്തിന്റെതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അയച്ചുതന്നതെന്നും താന്‍ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും ആളുടെ പേരു പറയാതെ ദീപ പറയുന്നുണ്ട്. ശ്രീചിത്രന്‍ എം.ജെ. എന്ന വ്യക്തിയാണ് അതെന്ന് സമൂഹമാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. നവോത്ഥാന പ്രഭാഷണമെന്ന പേരില്‍ പലയിടത്തും പ്രഭാഷണം നടത്തിവരുന്ന ശ്രീചിത്രന്റെ കള്ളത്തരവും ഇതോടെ വെളിച്ചത്തുവന്നു. ശ്രീചിത്രനും കലേഷിനോട് മാപ്പുപറഞ്ഞു.

ഈ സാഹിത്യചോരണം കുറേയധികം കള്ളനാണയങ്ങളെ പൊതു സമൂഹത്തിന് തിരിച്ചറിയാന്‍ നിമിത്തമായി. സുനില്‍ പി. ഇളയിടവും, ദീപ നിശാന്തും, ശ്രീചിത്രനുമൊക്കെ അവരില്‍ ചിലര്‍ മാത്രം. എഴുത്തില്‍ അല്‍പം പോലും മൗലികതയില്ലാത്ത, കട്ടെഴുത്തുകാരാണ് പുരോഗമനമെന്ന മേനിനടിച്ച് ഞെളിഞ്ഞുനിന്ന് പ്രസംഗിക്കുന്ന ഇടതുപക്ഷചിന്തകരെന്ന യാഥാര്‍ത്ഥ്യം ഈ പ്രശസ്ത കള്ളനാണയങ്ങളുടെ വെളിപ്പെടലുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. സ്വന്തമായി എഴുതാനുള്ള ബുദ്ധിയും കഴിവും സര്‍ഗ്ഗശേഷിയുമില്ലാത്തവരാണല്ലോ മറ്റുള്ളവര്‍ എഴുതിയത് മോഷ്ടിക്കുന്നത്. ആഘോഷിക്കപ്പെടുന്ന ഇടതുചിന്തകന്‍മാരൊക്കെ മോഷണവിദഗ്ധരാണെന്ന് പൊതുജനം വിശ്വസിച്ചാല്‍ കുറ്റം പറയാനില്ല.

Read Original Article Here

Digital Signage

Leave a Reply