എന്റെ ശ്രീകൃഷ്ണന്‍

"'ശ്രീകൃഷ്ണന്‍' ടെലിവിഷന്‍ പരമ്പരയില്‍ ശ്രീകൃഷ്ണ വേഷത്തില്‍ നിതീഷ് ഭരദ്വാജ്"

Join Nation With Namo

ആരാണ് മഹാപ്രഭു ശ്രീകൃഷ്ണന്‍? ഞാന്‍ പോയിടങ്ങളിലും പ്രവര്‍ത്തിച്ചിടങ്ങളിലും വിദേശ രാജ്യങ്ങളിലും ഈ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. ഇതിനുത്തരം തേടാന്‍ ഞാനും പരിശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ ഞാന്‍ ചില കാര്യങ്ങളില്‍ എത്തി. ആരാണ് ശ്രീകൃഷ്ണന്‍? ദൈവമാണോ? അമാനുഷികനാണോ? അതിമാനുഷികനാണോ?

പലര്‍ക്കും ദൈവമാണ്. പക്ഷേ എനിക്ക് ശ്രീകൃഷ്ണന്‍ ഒരു വ്യക്തിയോ ദൈവമോ അമാനുഷനോ ഒന്നുമല്ല. ഒരു പ്രസ്ഥാനമാണെന്നാണ് തോന്നിയിട്ടുള്ളത്.

ശ്രീകൃഷ്ണന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. ഒരു സാമൂഹ്യ പ്രസ്ഥാനമാണ്, ഒരു ആത്മീയ പ്രസ്ഥാനമാണ്. എനിക്കങ്ങനെ വിലയിരുത്താനാണ് തോന്നുന്നത്. എന്റെ മാത്രം നിഗമനമാണ്. മറ്റു പലര്‍ക്കും പലതാകാം.

ശ്രീകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുമ്പോള്‍ അങ്ങനെ വിലയിരുത്തുന്നത് ശരിയാണെന്നു ബോധ്യമാകും. അക്കാലത്ത് അധികാരികളെ, ഭരണത്തിലുള്ളവരെ, അനുസരിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. അധികാരത്തിലുള്ളവരെ ബഹുമാനിക്കാന്‍ നടത്തുന്ന അത്തരം ചടങ്ങുകളിലൊന്നായിരിക്കണം പര്‍വതപൂജ. അതിന് പ്രകൃതി സംരക്ഷണത്തിന്റെയും പ്രകൃതി പാലനത്തിന്റെയും പരിസ്ഥിതി വിഷയത്തിന്റെയും പശ്ചാത്തലം കൂടിയുണ്ടാവണം. കൃഷ്ണനും കൂട്ടുകാരും ചേര്‍ന്ന് ഗോവര്‍ധന പര്‍വതത്തെ പൂജിച്ച സംഭവം അങ്ങനെയായിരിക്കണം. അവിടെ ജാതി-മത-ചിന്താഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന സാമൂഹോത്സവമായിരുന്നു അത്. അതിന്റെ ഓര്‍മ്മയും മറ്റും നിലനിര്‍ത്തുന്ന ഇന്നത്തെ ഉറിയടി ഉത്സവമൊക്കെയോര്‍മിക്കുക. ഉറിയടിക്ക്, ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന തൈര്‍ക്കുടം പൊട്ടിക്കാന്‍ മനുഷ്യരെക്കൊണ്ട് മലയുണ്ടാക്കുന്നു. അതിന് കൃത്യമായ എഞ്ചിനീയറിങ് ഉണ്ട്. ഘടനയുണ്ട്. അതിപ്രധാനമാണ് അതിന്റെ നിര്‍മാണവും സങ്കല്‍പ്പവും. ഏറ്റവും കരുത്തരായ അധ്വാനശേഷിയുള്ളവരായിരിക്കും ഏറ്റവും അടിയില്‍. അതിനു മേലേ കനം കുറഞ്ഞവരെ, അതിനും മേലെ പിന്നെയും ഭാരം കുറഞ്ഞവരെ. അങ്ങനെ ഉയര്‍ത്തിയുയര്‍ത്തി അതിന് ഏറ്റവും മേലെ ഒരു കുട്ടി.

ആ ഘടനയില്‍, ഓരോ തലത്തിലും ഓരോരോ ജോലി ചെയ്ത് ശീലമുള്ളവരെ ആയിരിക്കണം വിന്യസിച്ചത്. അവരെല്ലാവരും ചേര്‍ന്ന് തൈര്‍ക്കുടം ഉടച്ച് എല്ലാവര്‍ക്കും തൈര് വീതിച്ച് കൊടുക്കുന്ന സാമൂഹ്യക്രമമാണിതിന് പിന്നില്‍. അവിടെ ജാതിയും തൊഴിലും നിറവും ഒന്നും പ്രശ്നമാകുന്നില്ല, വേര്‍തിരിവാകുന്നില്ല. അത് ശ്രീകൃഷ്ണന്റെ സാമൂഹ്യപ്രസ്ഥാന ഭാവമായാണ് ഞാന്‍ കാണുന്നത്.

ഇനി, ജരാസന്ധന്റെ വധത്തെക്കുറിച്ച് ചിന്തിക്കൂ. മഥുരാപുരിയുടെ ഭരണരീതിയും ഘടനയും പ്രത്യേകതരത്തിലായിരുന്നു. എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുന്ന, മാന്യത നല്‍കുന്ന സ്വതന്ത്ര സംവിധാനം. ജനായത്ത സംവിധാനം. ദ്വാരകയും അതേപോലെയായിരുന്നു. ജനായത്ത സംവിധാനം. ജനക്ഷേമം നോക്കുന്ന രാജാക്കന്മാരുടെ ഭരണം. അതിനെ ചെറുക്കാനും അട്ടിമറിക്കാനുമാണ് ജരാസന്ധനെപ്പോലുള്ളവര്‍ ശ്രമിച്ചത്. അതായത് ജനാധിപത്യ-ജനായത്ത-ജനപ്രീതിയുള്ള ഭരണക്രമത്തെ തകര്‍ക്കാനുള്ള ശ്രമം. അതിനെതിരെയായിരുന്നു ശ്രീകൃഷ്ണന്റെ പ്രവര്‍ത്തനം. ജരാസന്ധനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതുവഴി ശ്രീകൃഷ്ണന്‍ രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയായിരുന്നു.

ആത്മീയമായ ശ്രീകൃഷ്ണ പ്രവൃത്തിയാണ് മറ്റൊന്ന്. വേദം, ഉപനിഷത്ത്, പുരാണം, ഇതിഹാസം തുടങ്ങിയ ആത്മീയ, ആദ്ധ്യാത്മിക വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കുന്ന വിശാലമായ ഗ്രന്ഥ വിജ്ഞാനങ്ങളെത്രയെത്ര. അവയെല്ലാം പഠിച്ചറിയാന്‍ എളുപ്പമല്ല. അപ്പോള്‍ ഈ വിശിഷ്ട ഗ്രന്ഥങ്ങളില്‍നിന്നെല്ലാം ഉള്‍ക്കൊള്ളേണ്ടവയില്‍ ഏറ്റവും പ്രധാനപ്പെട്ടതെല്ലാം എടുത്ത് സമാഹരിച്ചതാണ് ഭഗവദ്ഗീത. ശ്രീകൃഷ്ണന്റെ ആ ഗീതോപദേശം അങ്ങനെ ആത്മീയ രംഗത്തെ അത്ഭുതകരമായ ആത്മീയ പ്രസ്ഥാനമാണ്.

ഞാന്‍ ശ്രീകൃഷ്ണനെ കണ്ടെത്തിയത് ഇങ്ങനെയൊക്കെയാണ്.

(മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട നടന്‍ നിതീഷ് ഭരദ്വാജ്, മലയാള സിനിമ, ഞാന്‍ ഗന്ധര്‍വനില്‍ മുഖ്യ നടനാണ്. ബിജെപി

ടിക്കറ്റില്‍ മധ്യപ്രദേശില്‍ മത്സരിച്ച് ലോക്സഭയിലെത്തിയ ഭരദ്വാജ് ഇപ്പോള്‍ മധ്യപ്രദേശില്‍ സംസ്‌കാര്‍ ഭരതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. എംഎ സാറിന്റെ (എം.എ. കൃഷ്ണന്‍) നവതിയാഘോഷത്തില്‍ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തില്‍നിന്ന്)

Read Original Article Here

Digital Signage

Leave a Reply