എസ്എന്‍ഡിപിയില്‍ പ്രതിഷേധം, കൂട്ടരാജി

ആലപ്പുഴ: ഹിന്ദുക്കളെ ജാതീയമായി ഭിന്നിപ്പിക്കാന്‍ മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കാനുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീരുമാനത്തില്‍ ശ്രീനാരായണീയരില്‍ വ്യാപക അമര്‍ഷം. പ്രതിഷേധിച്ച് എസ്എന്‍ഡിപി യൂത്ത്മൂവ്‌മെന്റിലെ നിരവധി ഭാരവാഹികള്‍ രാജിവച്ചു.

യുത്ത്മൂവ്‌മെന്റ് സൈബര്‍ സേന ജില്ലാ എക്‌സിക്യുട്ടീവ് അംഗം മര്‍ഫി മറ്റത്തില്‍, മേഖലാപ്രസിഡന്റ് ജെ.എസ്. സാജന്‍ ഉള്‍പ്പടെ പതിനേഴംഗ സമിതിയിലെ മുഴുവന്‍ പേരും രാജിവച്ചു. ഹിന്ദുവിന്റെ വിശ്വാസത്തെ വെല്ലുവിളിക്കുന്നതിനെതിരെ ഉണര്‍ന്ന ഹൈന്ദവ മുന്നേറ്റത്തിനൊപ്പം നില്‍ക്കാതെ യോഗത്തെ സിപിഎമ്മിന്റെ കാല്‍ച്ചുവട്ടില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

എസ്എന്‍ഡിപി യോഗം ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് വിശ്വാസികളായ ശ്രീനാരായണീയ വനിതകള്‍ പന്തളത്തും, ചങ്ങനാശേരിയിലും നാമജപത്തില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് യോഗം ഭക്തരോടൊപ്പം എന്ന നിലപാട് വ്യക്തമാക്കിയത്.

ശബരിമലയിലെ ആചാരം കാത്തുസൂക്ഷിക്കണമെന്നാണ് യോഗത്തിന്റെ നിലപാട്. വനിതാമതില്‍ സംഘാടക സമിതി ചെയര്‍മാനായി യോഗം ജനറല്‍ സെക്രട്ടറി നിന്ന് കൊടുത്തതിലൂടെ പിണറായി കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഭക്തര്‍ക്കൊപ്പവും പിണറായിക്കാപ്പവുമാണെന്ന ഇരട്ടനിലപാട് യോഗത്തിന് നാണക്കേടാണെന്ന നിലപാടാണ് ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും.

Read Original Article Here

Leave a Reply