ഏകത്വ ദര്‍ശനത്തെ കൈവരിക്കുന്നവരുടെ അവസ്ഥ

സര്‍വ്വഭൂതസ്ഥമാത്മാനം

Join Nation With Namo

സര്‍വ്വഭൂതാനി ചാത്മനി

സംപശ്യന്‍ ബ്രഹ്മപരമം

യാതി നാന്യേന ഹേതുനാ

എല്ലാ ജീവികളിലും തന്റെ ആത്മാവിനേയും ആത്മാവില്‍ എല്ലാ ജീവികളേയും അനുഭവമായി കാണുന്നയാള്‍ പരമമായ ബ്രഹ്മ പദത്തെ പ്രാപിക്കുന്നു. ഇതിന് വേറെ ഒരു വഴിയുമില്ല.നേരത്തെ പറഞ്ഞ .ന കര്‍മ്മണ പ്രജയാ…. എന്ന മന്ത്രത്തിലെ ആശയത്തെ മറ്റൊരു വിധത്തില്‍ വിവരിക്കുകയാണ് ഇവിടെ.

സകല ചരാചരങ്ങളിലും നിറഞ്ഞ് കുടികൊള്ളുന്നതാണ് ആത്മതത്വം. ആത്മാവിനെ എല്ലാറ്റിലും കാണുക എന്നത് പറയാന്‍ എളുപ്പമാണെങ്കിലും അതിനെ അനുഭവമാക്കല്‍ കുറച്ച് പ്രയാസമാണ്. താന്‍ തന്നെയാണ് ആത്മസ്വരൂപത്തില്‍ സകലതിലും ഇരിക്കുന്നത് എന്ന അനുഭൂതി കൈവരിക്കണം. തന്റെയുള്ളില്‍ എല്ലാ ചരാചരങ്ങളേയും ഉള്‍ക്കൊള്ളണം.താന്‍ ആത്മാവാണെന്ന ബോധ്യമുള്ളയാള്‍ക്ക് മാത്രമാണ് ഇതിന് കഴിയുക. ഇങ്ങനെ കഴിയുന്നത് ബ്രഹ്മത്തിലെത്തുന്ന മൂലമാണ്. ആ പരമപദത്തെ നേടാന്‍ ഈ ഏകത്വ ദര്‍ശനമല്ലാതെ മറ്റൊന്നില്ലെന്ന് ഉപനിഷത്ത് ആണയിടുന്നു.

ആത്മാനുഭവത്തെ നേടിയയാള്‍ക്ക് അയാള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന പ്രപഞ്ചാനുഭവം ആത്മാവില്‍ വിലയം പ്രാപിച്ചതായി അറിയാം.ആത്മസാക്ഷാത്കാരത്തിനു ശേഷവും അദ്ദേഹത്തിന്റെ മുന്നില്‍ നാനാത്വപ്രപഞ്ചം തന്നെയാണ് ഉണ്ടാവുക എങ്കിലും എല്ലാ നാമരൂപങ്ങളിലും ഒരേ ആത്മാവിനെ ദര്‍ശിക്കാന്‍ അയാള്‍ക്ക് കഴിയും. എല്ലാം ഒന്നായിത്തീര്‍ന്ന സത്യാനുഭവത്തെ ധ്യാനശേഷവും അദ്ദേഹത്തിന് കൈമോശം വന്ന് പോകുന്നില്ല. ഏകവും അദ്വയവുമായ സത്യം തന്നെയാണ് വിവിധങ്ങളായി പ്രകടമാകുന്നത് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. സംപശ്യന്‍ എന്ന വാക്കു കൊണ്ട് അകത്തും പുറത്തുമുള്ള ആത്മാനുഭൂതിയെയാണ് വിവരിക്കുന്നത്. പരമപദപ്രാപ്തിക്ക് ഇതല്ലാതെ വേറൊന്നില്ല എന്നറിയണം.

ആത്മാനമരണിം കൃത്വാ

പ്രണവം ചോത്തരരണിം

ജ്ഞാനനിര്‍മ്മഥനാഭ്യാസാത്

പാശം ദഹതി പണ്ഡിത:

അഹങ്കാര ആത്മസ്വരൂപമായ തന്നെ താഴെയുള്ള അരണിയായും പ്രണവത്തെ മുകളിലെ അരണിയുമായി കല്‍പ്പിച്ച് ജ്ഞാന മഥനമെന്ന അരണികടയല്‍ നടത്തണം. ഇതിലൂടെ വിവേകിയായ ഒരാള്‍ തന്റെ എല്ലാ ബന്ധനങ്ങളെയും ദഹിപ്പിച്ചു ഇല്ലാതാക്കും.യാഗത്തിന്റെ വളരെ സുപ്രധാനമായ ചടങ്ങാണ് അരണി കടഞ്ഞ് അഗ്‌നിയുണ്ടാക്കുന്നത്.ഈ അരണിയാണ് യജ്ഞയാഗാദികള്‍ക്ക് ഉപയോഗിക്കുക.ധ്യാന പ്രക്രിയയെ അരണി കടയലിനോടണ് ഇവിടെ ഉപമിച്ചിട്ടുള്ളത്. അഹങ്കാരിയും അല്പജ്ഞനുമായ ജീവനെയാണ് ഇവിടെ ആത്മാനം എന്ന വാക്ക് കൊണ്ട് ഉദ്ദേശ്യം. ബ്രഹ്മം തന്നെയായ ഓങ്കാരമാണ് പ്രണവം.ജീവ – ബ്രഹ്മ വിചാരമഥനത്തിലൂടെ ജ്ഞാനാഗ്‌നിയാണ് ജ്വലിക്കുക. അജ്ഞാനത്താല്‍ വന്നു പെട്ട എല്ലാ ബന്ധനങ്ങളേയും സമൂലം ദഹിപ്പിക്കാന്‍ ജ്ഞാനാഗ്‌നിക്കേ സാധിക്കൂ…

ഏറെ നേരം അരണികടയുമ്പോള്‍ താഴത്തെ അരണിയും മുകളിലെ അരണിയും കൂട്ടിയുരുമ്മുമ്പോഴാണ് തീപ്പൊരികളും പിന്നീട് അഗ്‌നിയും ജ്വലിക്കുന്നത്. അതുപോലെ നമ്മിലെ അഹങ്കാരത്തെ ഓങ്കാരധ്യാനം വഴി മഥനം ചെയ്യുമ്പോള്‍ അതിന്റെ ഫലമായി വിഷയങ്ങളുമായുള്ള താദാത്മ്യത്തെ വെടിയുന്നു. അറിവില്ലായ്മ മൂലം പലതിലും കുടുങ്ങി കിടക്കുന്ന നമുക്ക് മോചനം ജ്ഞാനമുണര്‍ന്നാല്‍ മാത്രമേ ഉണ്ടാകയുള്ളൂ.

ഓങ്കാര ഉപാസന അഥവാ പ്രണവോപാസനയെയാണ് ഇവിടെ പറഞ്ഞത്.ബ്രഹ്മത്തെ പ്രണമായി ധ്യാനിക്കണം. ഓംകാരത്തെ ബ്രഹ്മ മായും ബ്രഹ്മ നിര്‍ദ്ദേശമായും പറയാറുണ്ട്.അഹങ്കാരമായ ജീവനെ ബ്രഹ്മതത്വത്തിലേക്ക് ഉയര്‍ന്നതിന് ഓങ്കാര ധ്യാനം വളരെ സവിശേഷമായാണ് അറിവുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ അഹങ്കാര പ്രേരിതമായ സ്വവ്യക്തിത്വത്തെ സര്‍വ്വത്ര നിറഞ്ഞ ശുദ്ധ ചൈത്യനമായ നിരഹങ്കാരിയും സര്‍വ്വജ്ഞനുമായി ചേര്‍ക്കലാണ് ഓംകാര ധ്യാനത്തിലൂടെ സംഭവിക്കുന്നത്. പിന്നെ ബന്ധനങ്ങളെല്ലാം കത്തിച്ചാമ്പലാവും.

Read Original Article Here

Digital Signage

Leave a Reply