കോണ്‍ഗ്രസിനുള്ളിലെ ‘കൊടും ജനാധിപത്യം’

ഏകാധിപത്യത്തിനും വംശാധിപത്യത്തിനുമെതിരെ ഒരുപാടു പ്രസംഗിച്ചിട്ടുള്ള വ്യക്തിയാണ് എ.കെ. ആന്റണി. പലരുടേയും ചെവിയില്‍ ഇപ്പോഴും ആ പ്രസംഗങ്ങള്‍ മുഴങ്ങുന്നുണ്ടാകും. അതുകൊണ്ടൊക്കെയാവും, ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ പലരും നെറ്റിചുളിക്കുന്നത്. ആന്റണിയുടെ മാത്രമല്ല വേറെയും പല വേണ്ടപ്പെട്ടവരുടെയും മക്കള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്നു എന്നു പിന്നാമ്പുറ വാര്‍ത്തകളുണ്ട്.

Join Nation With Namo

കോണ്‍ഗ്രസ് ഒരു കുടുംബാധിപത്യ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനവും ഒരു കുടുബത്തിന്റെ കുത്തകയാണെന്ന് ആ കുടുംബവും അതിലധികമായി കോണ്‍ഗ്രസ്സുകാരും വിശ്വസിച്ചു ശീലിച്ചുപോയി. അങ്ങനെയൊരു പാര്‍ട്ടിയില്‍ ആന്റണിയുടെ മകന്‍ വന്നാല്‍ എന്ത് കുഴപ്പമാണ്? വാര്‍ഡിലും മണ്ഡലത്തിലും കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ച് ചുവരെഴുതിയും വാള്‍പോസ്റ്റര്‍ ഒട്ടിച്ചും നടന്നിട്ടുള്ള പലരുടേയും തലയ്ക്കു മുകളിലൂടെ ഒരു അനില്‍ ആന്റണി വരുന്നു എന്ന് പരാതിപ്പെടുന്നവര്‍, ഓര്‍ക്കണം, രാഹുല്‍ ഗാന്ധി ഏത് നിലയില്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് നേതൃത്വത്തിലേയ്ക്കു വന്നത്? സോണിയയുടെ രാഷ്ട്രീയ പാരമ്പര്യം എന്താണ്? രാജീവിന് എന്തു പാരമ്പര്യമുണ്ടായിരുന്നു? കെ. മുരളീധരന്‍ രാഷ്ട്രീയ പ്രവേശനം നടത്തിയത് സേവാദളിലൂടെയും എംപിയായത് കരുണാകരന്‍ മൂത്രം ഒഴിക്കാന്‍ പോയതക്കത്തിനു ലിസ്റ്റില്‍ കയറിയുമായിരുന്നല്ലോ.

മുരളീധരനെ കിങ്ങിണിക്കുട്ടന്‍, മരങ്ങോടന്‍, മണ്ണുണ്ണി എന്നൊക്കെ അന്ന് വിളിച്ചത് ആന്റണി ഗ്രൂപ്പുകാരായിരുന്നു. കരുണാകരനോടുള്ള ദേഷ്യം തീര്‍ക്കാനാണ് അങ്ങനെ വിളിച്ചതെന്നാകും ആന്റണിയും കരുതിയിട്ടുണ്ടാവുക. കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മം പുത്രനായി ജനിക്കുമെന്നും ആ പുത്രന്‍ പിതാവിനെ തകര്‍ത്ത് തരിപ്പണമാക്കുമെന്നും മറ്റും അന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മുരളിയുടെ രംഗപ്രവേശം തങ്ങള്‍ക്ക് ദോഷമായിക്കണ്ട തിരുത്തല്‍വാദി നേതാവ് ജി. കാര്‍ത്തികേയന്‍, തന്റെ അവസാനനാളില്‍ രാഹുലിനോട് നേരിട്ട് പറഞ്ഞ് മകനെ രാഷ്ട്രീയത്തിലേയ്ക്ക് ഇറക്കിവിട്ടത് നമ്മള്‍ കണ്ടതല്ലേ? രാഹുലിനും മുരളിക്കും ശബരിനാഥിനും ആകാമെങ്കില്‍ തനിക്കുമാകാമെന്നു ആന്റണിയുടെ മകനും കരുതിക്കാണും.

പണ്ട് സഞ്ജയ് ഗാന്ധിയെ ഇന്ദിര യുവരാജാവാക്കാന്‍ നടക്കുന്നുവെന്ന് ആന്റണി കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിച്ച് നടന്നിട്ടുണ്ട്. ഇന്ദിരയുടെ വംശാധിപത്യത്തിനും കുടുംബാധിപത്യത്തിനുമെതിരെ അന്ന് ആന്റണിയും കൂട്ടരും ആഞ്ഞടിച്ചിട്ടുമുണ്ട്. അതൊക്കെ അധികാരം നഷ്ടപ്പെട്ട ഇന്ദിര ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് കരുതി പറ്റിപ്പോയതാണ്. ഇന്ദിരക്ക് അധികാരം തിരികെ ലഭിച്ചപ്പോള്‍ അതുവരെ പറഞ്ഞതെല്ലാം മറന്ന് അവരില്‍ ജനാധിപത്യവാദിയെ കാണുകയും പിന്നീട് രാജീവിന്റെയും മാഡം സോണിയയുടേയും ഇപ്പോള്‍ രാഹുലിന്റേയും വിനീത വിധേയനാവുകയും ചെയ്ത ആളാണ് ആന്റണി. ആദര്‍ശം അദ്ദേഹത്തിനു പ്രസംഗ വിഷയം മാത്രമാണ്. അധികാരത്തിനും താല്‍പ്പര്യസംരക്ഷണങ്ങള്‍ക്കും വേണ്ടി ഓന്തിനെപോലെ നിറം മാറുന്നത് എത്രതവണ കണ്ടിരിക്കുന്നു.

ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായാണ് ആന്റണിയുടെ മകന്റെ രംഗപ്രവേശം. അതിന് കാരണമായി മുല്ലപ്പള്ളി പറഞ്ഞ ന്യായം കുറെ കടന്നുപോയി. ഗുജറാത്തില്‍ ഈ പയ്യന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പോലും കോണ്‍ഗ്രസ് പിടിച്ചുനിന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് കളിച്ച വൃത്തിക്കെട്ട കളികള്‍ ഇവിടെ വിശദീകരിക്കുന്നില്ല. അത്രയും വലിയൊരു പയ്യനെ ഈ കൊച്ചുകേരളത്തില്‍ കൊണ്ടുവന്ന് മെനക്കെടുത്താതെ യുപിയിലോ മഹാരാഷ്ട്രായിലോ കൊണ്ടുചെന്ന് ഇരുത്തിയിരുന്നെങ്കില്‍ രാഹുലിന് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചുകൂടായിരുന്നോ? ഇപ്പോഴും വലിയ കുഴപ്പം ഉണ്ടായിട്ട് പറയുന്നതല്ല, കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാല്‍ വോട്ട് കിട്ടില്ലെന്നാണ് മായാവതിയൊക്കെ പറയുന്നതെങ്കിലും രാഹുലിനോ അനുയായിവൃന്ദത്തിനോ അത് വിശ്വസിക്കാന്‍ കഴിയുമോ? മായാവതി അസൂയകൊണ്ട് പറയുന്നതാകും.

രാജീവും സോണിയയും ഇപ്പോള്‍ രാഹുലും കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക് കണ്ണടച്ച് തുറക്കുന്നതിനുമുമ്പ് വന്നത് യാതൊരു തത്വദീക്ഷയും ഇല്ലാതെയാണ്. സീതാറാം കേസരിയെ തല്ലിയോടിച്ചാണ് സോണിയ അധികാരം പിടിച്ചെടുത്തത്. എത്രയോ പ്രഗത്ഭന്മാരുടേയും ത്യാഗികളായിട്ടുള്ളവരുടേയും തലയുടെ മുകളിലൂടെയാണ് ഇവരെല്ലാം കുടുംബമഹിമയും അവകാശവും പറഞ്ഞ് സ്ഥാനമാനങ്ങള്‍ കൈക്കലാക്കിയത്. പ്രിയങ്കയുടെ മക്കള്‍ക്ക് വരെ സിന്ദാബാദ് വിളിച്ചു നില്‍ക്കുന്ന ഒരു ആള്‍കൂട്ടപാര്‍ട്ടി മാത്രമായ കോണ്‍ഗ്രസില്‍, ബന്ധുക്കള്‍ക്കും സ്വന്തകാര്‍ക്കും ഇഷ്ടക്കാര്‍ക്കും മാത്രമേ സ്ഥാനമുള്ളൂ.

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ വയലാര്‍ രവിയുടെ മകള്‍ക്ക് ഒരു സീറ്റിനുവേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ശ്രമം നടന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ എന്തേ മിണ്ടാത്തത്? തൃശൂരില്‍ സി.എന്‍. ബാലകൃഷ്ണന്റെ മകള്‍ക്ക് സീറ്റിനുവേണ്ടി ശ്രമിച്ചപ്പോഴും നടന്നില്ലല്ലോ. നെഹ്‌റു കുടുംബത്തിന്കൂടി ഇഷ്ടപ്പെടുന്ന കുടുംബക്കാരനായാല്‍ മാത്രമേ കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ക്കും പ്രവേശനമുള്ളൂവെന്ന് പാര്‍ട്ടി നിയമം ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

വാളങ്കോട് രാജഗോപാല്‍

Read Original Article Here

Digital Signage

Leave a Reply