നവോത്ഥാനത്തിന്റെ രാത്രിയാത്രകള്‍

Amazon Great Indian Sale

നവോത്ഥാനം എന്നു പറയുന്നത് എന്താണെന്ന് അത്ര പെട്ടെന്നൊന്നും പറഞ്ഞ് മനസ്സിലാക്കി തരാനാവില്ല. അത് ഒരു വികാരമാണ്. ആ വികാരം സാകാര രൂപം പൂണ്ടാല്‍ എങ്ങനെയിരിക്കുമെന്ന് ഇതിനകം മാലോകര്‍ അറിഞ്ഞുകഴിഞ്ഞു. അറിയാത്തവര്‍ക്കാണ് പ്രശ്‌നം. ഭരിച്ചുകളിച്ച് രസിച്ചിരിക്കുമ്പോള്‍ ഇമ്മാതിരി സംഗതികള്‍ തോന്നരുതെന്നോ പറയരുതെന്നോ ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ല.

Amazon Great Indian Sale

ആയതിനാല്‍ നാട്ടുകാരേ, മാളോരേ നവോത്ഥാനം ഏതു രീതിയിലും വരും. സംശയമുള്ളവര്‍ ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി ഒന്ന് മറിച്ചു നോക്കുക. 'മാനായും മാടായും നരിയായും പുലിയായും വരുമൊടിയന്‍' എന്നു കേട്ടിട്ടില്ലേ? അതുമാതിരി മതിലായും ചങ്ങലയായും ചാക്കാലപ്പാട്ടുകാരായും നവോത്ഥാനം പടികടന്നുവരും. അങ്ങനെ വരും കാലത്തിങ്കല്‍ അതിനെ മുഷ്ടി ചുരുട്ടി ആവേശത്തോടെ ക്ഷണിക്കുകയാണ് വേണ്ടത്. ഈ നവോത്ഥാനം വന്നില്ലായിരുന്നെങ്കില്‍ എന്തെന്തൊക്കെ സംഭവിക്കുമായിരുന്നെന്ന് എങ്ങാനും അറിഞ്ഞിട്ടുണ്ടോ?

ശബരിമലയില്‍ ആരാണ്ടോ എങ്ങാണ്ടോ പറയുംപോലെയാണ് കാര്യങ്ങള്‍ എന്നല്ലേ ധരിച്ചുവശായിരുന്നത്. എന്നിട്ടെന്തായി. നവോത്ഥാനോര്‍ജം അലയടിച്ചുയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ പിടിച്ചു നിര്‍ത്താനാവില്ല. മതില്‍ കെട്ടിയതോടെ യക്ഷിയെ കരിമ്പനയില്‍ തളച്ചതുപോലെയായിട്ടുണ്ട്. വിളിച്ചാല്‍ വിളിപ്പുറത്താണ്. ആചാരമെന്ന പഴഞ്ചന്‍ ആട്ടുകട്ടിലിന്റെ ആണികളൊക്കെ മാറ്റണമെന്ന് എത്രകാലമായിട്ട് ആലോചിക്കുകയാ. ഇപ്പോഴാണ് ഒത്തുവന്നത്.

പകല്‍വെളിച്ചത്തില്‍ മതില്‍ കെട്ടിയാല്‍ എന്താണ് ഗുണമെന്നല്ലേ നിങ്ങള്‍ ചോദിക്കാന്‍ വരുന്നത്. അങ്ങനെ കെട്ടിയ മതിലൊക്കെ രാത്രിയില്‍ ചാടാനുള്ളതാണ്. ആ ചാട്ടത്തിന്റെ രസതന്ത്രം അറിയണമെങ്കില്‍ കോട്ടമുറിക്കാന്‍ പോയവനേയും ശശിയായവനെയും കണ്ട് ചോദിക്കണം. മതില്‍ ചാടിവീഴുമ്പോഴുള്ള സുഖമുണ്ടല്ലോ, അതാണ് ലോകത്തേറ്റവും മികച്ച സുഖം. അതറിയാത്തവരാണ് കന്നംതിരിവുകള്‍ കാണിക്കുകയും പറയുകയും ചെയ്യുന്നത്.

പിന്നെയും നിങ്ങള്‍ രാത്രിയിലത്തെ നവോത്ഥാനത്തെക്കുറിച്ച് ഉത്കണ്ഠാകുലരാവുകയാണോ? ഓര്‍മയില്ലേ, നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെപ്പോഴാ? അര്‍ധരാത്രിയിലല്ലേ? അതുകൊണ്ടുതന്നെ നമുക്ക് സ്വതന്ത്രമായി നവോത്ഥാന പാതയിലേക്ക് മാര്‍ച്ചുചെയ്യാന്‍ പറ്റിയ സമയം അര്‍ധരാത്രി തന്നെ. ശബരിമലയില്‍ നവോത്ഥാനം ഉണ്ടാവണമെങ്കില്‍ പഴയതൊക്കെ പൊളിച്ചെഴുതണം, വലിച്ചെറിയണം. കെട്ടുനിറ മുതല്‍ ശരണംവിളി മുതല്‍, നെയ്യഭിഷേകം വരെ നടക്കുന്ന ഫ്യൂഡല്‍ മാടമ്പി ഏര്‍പ്പാടുകള്‍ അവസാനിപ്പിച്ചേ തീരു.

ഗുരുസ്വാമിയെന്നും പറഞ്ഞ് ഇരിക്കുന്ന ഒരാളുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ഒരവസ്ഥ നോക്കൂ. അദ്ദേഹം പറയുന്നതനുസരിച്ച് ഓരോന്ന് ചെയ്യുക. ഇതില്‍പ്പരം അടിമ മനസ്ഥിതി എന്തുണ്ട്. ആയതിനാല്‍ അതിനൊക്കെ ഒരു ചിതവും ചിട്ടയുമുണ്ടാകണം. അതിന് ആദ്യം വേണ്ടത് ചെറുപ്പക്കാരികളെ അവിടെ എത്തിക്കുകയെന്നതാണ്. അവരെ പകല്‍ വെളിച്ചത്തില്‍ കൊണ്ടുപോകാനാവില്ല. കാരണം നവോത്ഥാനം, സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ അര്‍ദ്ധരാത്രിയില്‍ നടക്കേണ്ടതാണ്. അതാണ് അവരെ അര്‍ധരാത്രിയില്‍ മലകയറ്റിച്ചത്. രാത്രിയില്‍ കാഴ്ചകള്‍ കാണാനായാല്‍ പിന്നെ വീഴ്ചകളുണ്ടാവില്ല. കാര്യം എളുപ്പമായി. മതിലുപണിഞ്ഞ കരുത്തും മനമുരുകിയ കരളുറപ്പും കൂടി ചേര്‍ന്നാല്‍ എന്തെന്തൊക്കെ നടക്കുമെന്ന് നമുക്കൊന്ന് കാണിച്ചുകൊടുക്കണ്ടായോ.

ആയതിനാല്‍ സഹൃദയരേ നവോത്ഥാനത്തിന്റെ കരുത്തുള്ള വഴിയിലേക്ക് എല്ലാവരും വരണം. ഈ നവോത്ഥാന കരുത്ത് പൊന്നുതമ്പുരാനായ നോം നേരത്തെ തന്നെ അറിഞ്ഞതാണ്. തിളങ്ങി നില്‍ക്കുന്ന എത്രയെത്ര വാളുകള്‍! പുക പൊങ്ങി പൊട്ടാന്‍ നില്‍ക്കുന്ന എത്രയെത്ര ബോംബുകള്‍ !! അവയ്ക്കിടയിലൂടെ നെഞ്ചു വിരിച്ചു നടന്നതിന്റെ പുളകോദ്ഗമകങ്ങളായ കഥകള്‍ അനവധിയുണ്ട്. ആസ്ഥാന എഴുത്തുപിള്ള അതിന്റെയൊക്കെ നക്കല്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അടുത്ത നവോത്ഥാന നാളില്‍ ആയത് പൊതുജനസമക്ഷം പ്രകാശിതമാവുകയാണ്. ഇപ്പോഴേ പാണന്മാര്‍ അതൊക്കെ സ്വയമ്പനായി പാടി നടക്കുന്നത് കേട്ടിട്ടില്ലേ? അതിന്റെ കുളിരില്‍ ഓര്‍മകള്‍ പൂത്തിറങ്ങുകയല്ലേ?

വെറുതെയല്ലല്ലോ വമ്പന്‍ സഖാവ് നേരത്തെ പറഞ്ഞത് മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്ന്. സോവ്യറ്റ് റഷ്യയില്‍ നിന്ന് തുടങ്ങിയ ആ മാറ്റം വന്‍മതിലും കടന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുമ്പോള്‍ രൂപം മാറുകയൊന്നുമില്ല. നവോത്ഥാനം ഏതു വഴിക്കും ഏതു രൂപത്തിലും വരുമെന്ന് അനുഭവിച്ചറിഞ്ഞ മാളോരെ, ഞങ്ങള്‍ അഭിമാന പുളകിതരായി വിജൃംഭിതരായിരിക്കുകയാണ്. മതില്‍ കെട്ടിയ സ്ഥിതിക്ക് ഇനി ചാന്തിട്ട് മിനുക്കാനുണ്ട്, പെയിന്റടിക്കാനുണ്ട്, വര്‍ണബള്‍ബുകള്‍ ഘടിപ്പിക്കാനുണ്ട്….. അങ്ങനെയങ്ങനെ പണികള്‍ ഇനിയും പലതുണ്ട്. അപ്പോ നിങ്ങള്‍ക്ക് ന്യായമായും ഒരുസംശയം ഉണ്ടാവാം.

അല്ലാ, ഇതിനൊക്കെ ഇനി ആളുകള്‍ ഉണ്ടാവുമോ ? സത്യം പറയാമല്ലോ, ഞങ്ങള്‍ക്കും ആ സംശയം ഇല്ലാതില്ല. പ്രത്യേകിച്ചും ബംഗാള്‍, ത്രിപുര എന്നീ പ്രദേശങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍. ബോംബിന്റെയും വാളിന്റെയും ഇടയിലൂടെ നടന്നത് നമുക്കല്ലേ അറിയൂ. അതിന്റെ പ്രായോഗിക വിവരണം അത്ര എളുപ്പമല്ലല്ലോ. എതായാലും നവോത്ഥാന നായകരുടെ കൂടെ ഇരിപ്പിടം കിട്ടിയ സ്ഥിതിക്ക് ഇനി എന്തായാലെന്താ? കാക്കത്തൊള്ളായിരം തലമുറകള്‍ക്ക് ഗവേഷണത്തിനും, ഗതിപിടിക്കാനും അങ്ങനെ അവസരം വന്നുചേര്‍ന്നതിന് ആരോടാണ് നന്ദി പറയേണ്ടത്. അതും അയ്യപ്പസ്വാമിയുടെ കൃപകൊണ്ടാണെന്ന് അറിയാമെങ്കിലും അങ്ങനെ പച്ചയ്ക്ക് പറഞ്ഞുകൂടല്ലോ. ഏതായാലും കാത്തിരിക്കു, അടുത്ത നവോത്ഥാന നാടകത്തിനായി. അതുവരേക്കും സകലര്‍ക്കും നല്ല നമസ്‌കാരം.

[email protected]

Read Original Article Here

Amazon Great Indian Sale

Leave a Reply