പ്രളയവും പ്രളയാനന്തരവും; തനതു കേരളം തന്നെ വേണം

Amazon Great Indian Sale

കാലാവസ്ഥാ വ്യതിയാനം സാമ്രാജ്യത്വ പ്രചരണമാണ്, മൂന്നാം ലോകരാജ്യവികസനം തടയാനുള്ള തന്ത്രമാണെന്നൊക്കെയാണ് സിപിഎം മുന്‍പ് പറഞ്ഞുനടന്നത്. ഇപ്പോഴും, പരിസ്ഥിതി സംരക്ഷിക്കണമെന്ന് പറയുന്നവര്‍ വിവരമില്ലാത്തവരാണെന്ന് അവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് നാം കേട്ടതാണ്. ഇടതു-വലതുപക്ഷം കൊട്ടിയാഘോഷിക്കുന്ന കേരളവികസനമാണ് പശ്ചിമഘട്ട മലനിരകളെയും കുട്ടനാടന്‍ പ്രദേശങ്ങളെയും മഹാപ്രളയത്തിലാക്കിത്തീര്‍ത്തത്.

Amazon Great Indian Sale

മഴയെ പ്രളയദുരന്തമാക്കി മാറ്റിയ റിസ്സോര്‍ട്ട് മുതലാളിമാരെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളെയും രാഷ്ട്രീയ നേതാക്കളെയും മതപ്രമാണിമാരെയും നിയന്ത്രിക്കാതെ അവരോടുള്ള പ്രീണനനയം നിലനിറുത്തിക്കൊണ്ട് നവകേരള നിര്‍മ്മാണം നടത്തുമെന്നാണ് കേരള സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികളില്‍ നിന്ന് മനസ്സിലാകുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കികൊണ്ട് ഈ മനോഭാവം വെളുപ്പെടുത്തി. വികസനമെന്ന കൊള്ളയെ എതിര്‍ക്കുന്നവരെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുമെന്നുവരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതിക്ക് ഒരുങ്ങുകയാണ്. ഇത് ആ നിയമത്തെ ഇല്ലാതാക്കും. സിപിഎമ്മിന്റെ അതിജീവനപോരാട്ട സമിതി 1000 സ്‌ക്വയര്‍ മീറ്ററില്‍ അധികമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ ഏലക്കാടുകളിലെ മരം മുറിക്കാന്‍ കളക്ടറുടെ അനുവാദം വേണമെന്ന നിര്‍ദ്ദേശത്തിനെതിരെ സമരം ആരംഭിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമത്തിന്റെ പരിധിയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി. കസ്തൂരി രംഗന്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച 123 വില്ലേജുകളെ 91 ആയി ചുരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന തടസ്സമുണ്ടാക്കുന്ന സാമൂഹികദ്രോഹികളാണെന്നും പരിസ്ഥിതി മൗലികവാദികളാണെന്നും മന്ത്രിമാര്‍ പറഞ്ഞു. കീഴാറ്റൂര്‍ സമരസഖാക്കളെ ഇരണ്ടകളെന്ന് വിളിച്ച് ആക്ഷേപിച്ചു. പരിസ്ഥിതി സംരക്ഷിക്കാതെ കേരളത്തിന് പുനര്‍നിര്‍മ്മാണം അസാധ്യമാണെന്ന പ്രാഥമിക പാഠം ഇനിയും മറന്നു പോകുന്നു.

പാടങ്ങളും തണ്ണീര്‍ത്തടങ്ങളും എവിടൊക്കെ നശിപ്പിക്കപ്പെട്ടോ അവിടെയെല്ലാം പുഴകള്‍ ദുരന്തം വിതച്ചു. പുഴകളുടെ ഉത്ഭവസ്ഥാനത്തുള്ള മലനിരകളിലെ കയ്യേറ്റങ്ങള്‍ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിച്ചതും നദികളിലേയ്ക്ക് വെള്ളം ഒഴുകിയെത്തുന്ന തോടുകള്‍ക്കും കൈവഴികള്‍ക്കും ജലനിര്‍ഗമന ചാലുകള്‍ക്കും തടസ്സമുണ്ടാക്കിയതും നാം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദികളില്‍ അടിഞ്ഞുകൂടിയതും മഴയെ ഒരു മഹാപ്രളയമാക്കാന്‍ സഹായിച്ചു. ഈ സത്യങ്ങള്‍ മനസ്സിലാക്കി പുഴകള്‍ക്ക് ആവശ്യാനുസരണം ഒഴുകാനുള്ള അതിരുകള്‍ നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഈ നിശ്ചയിക്കപ്പെടുന്ന ഫ്‌ളഡ് ഏരിയാമാപ്പിനുള്ളില്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുത്. ഈ അതിരുകള്‍ കൃഷിക്കുമാത്രമായി ഉപയോഗിക്കണം. നദികളുടെയും തോടുകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയും അവയിലൂടെ ജലം സുഗമമായി ഒഴുകാനുള്ള സൗകര്യം ഒരുക്കുകയും വേണം. പുഴകളിലും ഒഴുക്കു ചാലുകളിലും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും തള്ളുന്നത് അവസാനിപ്പിക്കണം. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടി വേണം.

കുട്ടനാടിനെ സംരക്ഷിക്കാന്‍ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം. കേരളത്തിന്റെ കാടും നദിയും തണ്ണീര്‍ത്തടങ്ങളും കടല്‍ത്തീരവും സംരക്ഷിക്കാന്‍ കഴിയുന്ന നാട്ടറിവുകളും തനതു സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തണം. കീഴാറ്റൂരിലും ആനവിഴുങ്ങിയിലും മറ്റും നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി റോഡുണ്ടാക്കുന്നതു തുടരണമോ എന്ന് ചിന്തിക്കണം. അതിവൃഷ്ടി ഉള്‍ക്കൊള്ളാനും വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെ ചെറുക്കാനുമുള്ള കാടിന്റെയും മണ്ണിന്റെയും നദികളുടെയും സ്വാഭാവികശേഷിക്കു തടസ്സമുണ്ടാക്കുന്ന കയ്യേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കണം. ഇനി കേരളത്തില്‍ ഡാമുകള്‍ കെട്ടി ഉയര്‍ത്തുന്നതുകൊണ്ട് പ്രയോജനമില്ല. കാലാവധി കഴിഞ്ഞ ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണം. ഡാം മാനേജ്‌മെന്റ് രംഗത്തും വെള്ളപ്പൊക്ക നിവരാണരംഗത്തും ഇന്നുള്ള ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ മോണിറ്ററിംഗ് സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. സോളാര്‍ പോലുള്ള ഊര്‍ജ്ജ സ്‌ത്രോസുകള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. കേരളത്തിന്റെ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഊന്നല്‍ നല്‍കുന്ന നവകേരള ആസൂത്രണമാണ് വേണ്ടത്.

പക്ഷേ, പല രാജ്യങ്ങളും കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ള കെപിഎംജി കണ്‍സള്‍ട്ടന്‍സിയെ നവകേരള നിര്‍മ്മാണം ഏല്‍പിക്കുകയും സാമ്പത്തികമായി അവരെ ആശ്രയിക്കുകയും ചെയ്യുന്നതിലൂടെ നവകേരള നിര്‍മ്മിതിയുടെ മറവില്‍ വിനാശകരമായിരുന്ന കേരളമോഡല്‍ നടപ്പിലാക്കാനാണ് സാധ്യത. നവകേരള നിര്‍മ്മിതിയുടെ പേരില്‍ ലോകബാങ്കും, ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കും ആഫ്രിക്കന്‍ ഡെവലപ്പ്‌മെന്റ് ബാങ്കും നമ്മെ അടിമപ്പെടുത്തുമ്പോള്‍, ഇവര്‍ നമ്മെ നിയന്ത്രിച്ച് പരിസ്ഥിതി വിരുദ്ധമായ പുനര്‍നിര്‍മ്മാണത്തിലേക്ക് കൊണ്ടെത്തിക്കും. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക ഘടനയെക്കുറിച്ച് ഇവര്‍ക്ക് എന്തറിയാം?

പുനര്‍നിര്‍മ്മാണത്തിനാവശ്യമായ വിഭവങ്ങളും പണവും വൈദഗ്ദ്ധ്യവും ഇന്ത്യയില്‍ നിന്നുതന്നെ കണ്ടെത്തണം. പ്രകൃതി വിഭവങ്ങള്‍ കഴിവതും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് എടുക്കരുത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വിവക്ഷിക്കുന്ന പ്രാദേശികതലം മുതലുള്ള ജനകീയ പങ്കാളിത്തത്തോടുകൂടിയ പുനര്‍നിര്‍മ്മാണ നയരൂപീകരണമാണ് ഉറപ്പുവരുത്തേണ്ടത്. ഒപ്പം ആധുനിക സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും വേണം.

ഓരോ പ്രദേശത്തിന്റെയും മേഖലകളുടെയും സവിശേഷതകള്‍ പരിഗണിച്ചുള്ള നയരൂപീകരണത്തിനും നടത്തിപ്പിനുമായുള്ള പ്രാദേശികസമിതിക്ക് രൂപം നല്‍കണം. ഈ സമിതിയില്‍ ശാസ്ത്രജ്ഞന്മാരുടെയും പരിസ്ഥിതി വിദഗ്ദ്ധരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം. ഈവിധം രൂപംകൊള്ളുന്ന സമിതികള്‍ ഓരോ പ്രദേശത്തിന്റെയും മേഖലകളുടെയും സവിശേഷതകള്‍ പരിശോധിച്ച് നയരൂപീകരണം നടത്തണം. ഇങ്ങനെ ജനങ്ങളുടെ തൊഴിലും ആരോഗ്യവും വിദ്യാഭ്യാസവും എല്ലാതലങ്ങളിലുള്ളവരുടെയും ഉപജീവനവും ഉറപ്പാക്കുന്ന പരിസ്ഥിതി സൗഹൃദമായ ഒരു നവകേരളമാണ് നാം കെട്ടിപ്പടുക്കേണ്ടത്. അതല്ലെങ്കില്‍ നവകേരള സൃഷ്ടി വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും. മുകളില്‍ നിന്ന് നിശ്ചയിച്ച് താഴെ ഇറക്കുന്ന വികസനമല്ല നമ്മുക്കാവശ്യം. പരിസ്ഥിതി സംരക്ഷണത്തോടുകൂടിയ മൂലധനനിക്ഷേപമാണ് നമ്മുക്കാവശ്യം. ഇതിനായി ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും കാഴ്ചപ്പാടില്‍ ചില അടിസ്ഥാനമാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

എം. ജോണ്‍സണ്‍ റോച്ച്‌

Read Original Article Here

Amazon Great Indian Sale

Leave a Reply