ഭയം വേട്ടയാടുമ്പോള്‍

ശബരിമല കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും കൂടുതല്‍ വരുമാനമുള്ളതാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യപ്രതിഷ്ഠ. രാവിലെ അഘോരമൂര്‍ത്തി, വൈകുന്നേരം ശരഭമൂര്‍ത്തി, അത്താഴപൂജയ്ക്ക് സങ്കല്‍പ്പത്തിലുമാണ് ആരാധന. ഇവിടെ ഉത്സവത്തിന് കൊടിയേറുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മേല്‍മുണ്ടുമിട്ട് നിവര്‍ന്ന് കാര്യക്കാരായി നിലയുറപ്പിക്കുമായിരുന്നു. പക്ഷേ ഇത്തവണ ചിലര്‍ കോട്ടയത്തെത്തിയിട്ടും ഏറ്റുമാനൂരിലേക്ക് ചെന്നില്ല. മറ്റുചിലര്‍ പാതിവഴിക്ക് മടങ്ങി. ശബരിമല പ്രശ്‌നത്തിലെ ജനവികാരം ഭയന്നാണ് ഈ തിരിഞ്ഞോട്ടം.

Join Nation With Namo

അയ്യപ്പനും ശിവനും തമ്മിലുള്ള ബന്ധം വിവരിക്കേണ്ടതില്ലല്ലോ. അയ്യപ്പഭക്തന്മാരെ= സങ്കടക്കയത്തില്‍ തള്ളിയിട്ട ദേവസ്വംബോര്‍ഡുകാരോട് രുദ്രമൂര്‍ത്തിയായ ശിവന്‍ എങ്ങനെ പ്രതികരിക്കുമെന്ന് ആര്‍ക്കാണ് ഊഹിക്കാനാവുക. അല്ലെങ്കിലും അയ്യപ്പന്‍ പണി തുടങ്ങിയല്ലൊ. ദേവസ്വംബോര്‍ഡ് ഇതിനകം പല തട്ടിലായില്ലെ? തല്‍ക്കാലം പ്രസിഡന്റിനെ വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. നേരത്തെ പാര്‍ട്ടിയും ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയും. തല്‍ക്കാലം തര്‍ക്കമില്ലെന്ന് സെക്രട്ടറിയും ബോര്‍ഡ് പ്രസിഡന്റും പ്രസ്താവിച്ചിട്ടുണ്ട്. ഭയമാണ് ഇരുവര്‍ക്കും. തര്‍ക്കം വേര്‍പിരിയലിലെത്തിയാല്‍ എന്താകും? വരാന്‍ പോകുന്നത് തെരഞ്ഞെടുപ്പാണ്. എല്ലാ മത-ജാതി ഉപജാതികളെയും വിളിച്ചുകൂട്ടി മതിലും വേലിയുമൊക്കെയായി മുന്നോട്ട് പോകുമ്പോള്‍ ദേവസ്വം ബോര്‍ഡ് വയ്യാവേലിയാകുമെന്ന ഭയം.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ് ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷണം പോയത്. അന്ന് ക്ഷേത്രങ്ങളില്‍ കാവല്‍വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അന്ന് നായനാര്‍ ചോദിച്ചത്, ''ഭഗവാനെന്തിനാ പാറാവ്'' എന്നാണ്. പാറാവും പോലീസുമില്ലാതെതന്നെ ഏറ്റുമാനൂരപ്പന്റെ വിഗ്രഹം ലഭിക്കുകയും ചെയ്തു. നായനാര്‍ക്ക് ബോധ്യപ്പെട്ടതാണ് ഏറ്റുമാനൂരപ്പന്റെ കരുത്ത്. പിന്നെയാണോ ദേവസ്വം ബോര്‍ഡും പിണറായിയുമൊക്കെ.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ക്ഷേത്രം ആദ്യം വടക്കുംകൂര്‍ രാജ്യത്തായിരുന്നു. ക്ഷേത്രത്തിന്റെ ഊരായ്മക്കാര്‍ എട്ട് മനക്കാരായിരുന്നു. ഇതുവഴി 'എട്ടുമനയൂര്‍' എന്ന പേര് സ്ഥലത്തിന് വന്നുവെന്നും അതാണ് ഏറ്റുമാനൂര്‍ ആയതെന്നും പറയപ്പെടുന്നു. എട്ട് മനക്കാര്‍ക്കിടയിലെ ആഭ്യന്തരകലഹവും മറ്റുമായപ്പോള്‍ ക്ഷേത്രം തകര്‍ന്നുപോയി. പിന്നീട് കൊല്ലവര്‍ഷം 929ല്‍ ക്ഷേത്രം തിരുവിതാംകൂര്‍ ഏറ്റെടുത്തു. തിരുവിതാംകൂര്‍ ദിവാനായിരുന്ന മണ്‍റോ പ്രഭുവിന്റെ ആശയമായിരുന്നു ഇത്. ഇപ്പോള്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്.

ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയവിളക്കും ഏഴരപ്പൊന്നാനയും. ഇവയുടെ വരവും വളരെ രസകരമായ സാഹചര്യങ്ങളിലാണ്. ക്ഷേത്രത്തിലെ ബലിക്കല്‍പ്പുരയില്‍ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് അഞ്ചുതിരികളോടുകൂടിയ ഒരു കെടാവിളക്കാണ്. നാല് പ്രധാന ദിക്കുകളിലേയ്ക്കും (കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്) വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് അഞ്ചുതിരികളിട്ടിരിക്കുന്നത്. 1540ലാണ് ഈ ദീപം സ്ഥാപിച്ചത്. പിന്നീട് ഇതുവരെ ഇത് കെട്ടിട്ടില്ല. സ്ഥലത്തെ ഒരു മൂശാരിയാണ് ഈ വിളക്ക് തീര്‍ത്തത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ തടഞ്ഞു. ചിലര്‍ മൂശാരിയോട് ഇങ്ങനെ ചോദിച്ചു: 'ഇത്രയും വലിയ വിളക്ക് ഞങ്ങളാരും എവിടെയും കണ്ടിട്ടില്ല. ഇതെവിടെ സ്ഥാപിക്കും?' മൂശാരിക്ക് ഉത്തരം കിട്ടിയില്ല. ആ സമയത്ത് ക്ഷേത്രത്തിനകത്തുനിന്നൊരാള്‍ തുള്ളിവന്ന് മൂശാരിയുടെ കയ്യില്‍നിന്ന് വിളക്ക് വാങ്ങി ദീപം ബലിക്കല്‍പ്പുരയില്‍ കൊണ്ടുപോയി സ്ഥാപിച്ചു. ആ സമയത്ത് ഒരു വന്‍ ഇടിമിന്നലുണ്ടാകുകയും വിളക്ക് എണ്ണയില്ലാതെ കത്തുകയും ചെയ്തു. മൂശാരിയെയും വിഗ്രഹം തറച്ച വിദ്വാനെയും പിന്നീടാരും കണ്ടിട്ടില്ല. ആ വിദ്വാന്‍ സാക്ഷാല്‍ ഏറ്റുമാനൂരപ്പന്‍ തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. മൂശാരി അങ്ങനെ ഭഗവാനില്‍ ലയിച്ചുചേര്‍ന്നുവത്രേ!

ക്ഷേത്രത്തിലെ മറ്റൊരു വലിയ ആകര്‍ഷണമാണ് ഏഴരപ്പൊന്നാന. പേര് സൂചിപ്പിക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്‍പ്പരൂപമാണിത്. തേക്കിന്‍തടിയില്‍ തീര്‍ത്ത് സ്വര്‍ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ആനകള്‍ക്കൊപ്പം ഒരു സ്വര്‍ണ പഴക്കുലയും ഉണ്ടാക്കിയിരുന്നു. കുംഭമാസത്തില്‍ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളില്‍ നടക്കുന്ന ആസ്ഥാനമണ്ഡപ ദര്‍ശനത്തില്‍ ഭഗവാന്റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനകളും പ്രദര്‍ശനത്തിനുവയ്ക്കും. ആറാട്ടുദിവസം തീവെട്ടികളുടെ വെളിച്ചത്തില്‍ നാലുപേര്‍ ചേര്‍ന്ന് ഇവയെ ശിരസ്സിലേറ്റുന്ന പതിവുമുണ്ട്. 1972ലിറങ്ങിയ അക്കരപ്പച്ച എന്ന ചിത്രത്തില്‍ 'ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ' എന്ന പ്രശസ്തമായ ഒരു ശിവഭക്തിഗാനമുണ്ട്. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഇത് തിരുവിതാംകൂറിന്റെ സ്ഥാപകനായിരുന്ന അനിഴം തിരുനാള്‍ വീരമാര്‍ത്താണ്ഡവര്‍മ്മ നേര്‍ന്ന വഴിപാടായിരുന്നു. എന്നാല്‍, അത് നേരുംമുമ്പ് അദ്ദേഹം നാടുനീങ്ങിപ്പോയതിനാല്‍ അദ്ദേഹത്തിന്റെ അനന്തരവനും പിന്‍ഗാമിയുമായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മയാണ് (ധര്‍മ്മരാജ) ഇത് നടയ്ക്കുവച്ചത്. വാസ്തവത്തില്‍ ഏഴരപ്പൊന്നാന വൈക്കത്ത് നേരാന്‍ വച്ചിരുന്ന വഴിപാടായിരുന്നുവത്രേ! തിരുവനന്തപുരത്തുനിന്ന് വൈക്കത്തേയ്ക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഏറ്റുമാനൂരെത്തിയപ്പോള്‍ അല്‍പ്പനേരം വിശ്രമിക്കാനും മറ്റുമായി രാജാവും ഭടന്മാരുംകൂടി ഏറ്റുമാനൂരമ്പലത്തിലെ പടിഞ്ഞാറേ ഗോപുരത്തിലെത്തി. ഏഴരപ്പൊന്നാനകളെ ഇറക്കിവച്ച് അവര്‍ വിശ്രമിച്ചു. എന്നാല്‍ പോകാന്‍ നേരത്ത് ആനകളുടെ ദേഹത്തുനിന്ന് ഉഗ്രസര്‍പ്പങ്ങള്‍ ഫണം വിടര്‍ത്തിനില്‍ക്കുന്നു! ഭയാക്രാന്തരായ രാജാവും ഭടന്മാരും അടുത്തുള്ള ഒരു ജ്യോത്സ്യരെക്കൊണ്ട് പ്രശ്‌നം വപ്പിച്ചുനോക്കി. അപ്പോള്‍, അവ ഏറ്റുമാനൂരില്‍ത്തന്നെ സമര്‍പ്പിക്കണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്ന് തെളിഞ്ഞു. തുടര്‍ന്ന്, 1769 മെയ് മാസം 14-ാം തീയതി വെള്ളിയാഴ്ച ഒരു ശുഭമുഹൂര്‍ത്തത്തില്‍ ഏഴരപ്പൊന്നാനകളെ ഭഗവാന് നടയ്ക്കുവച്ചു. പിന്നീട് മറ്റൊരു ഏഴരപ്പൊന്നാനയുണ്ടാക്കി അത് വൈക്കത്ത് സമര്‍പ്പിയ്ക്കാമെന്ന് ധര്‍മ്മരാജ വിചാരിച്ചു. പക്ഷേ, ഒരു ദിവസം അദ്ദേഹത്തിന് വൈക്കത്തപ്പന്റെ സ്വപ്‌നദര്‍ശനമുണ്ടായി. അതില്‍ ഭഗവാന്റെ അരുളപ്പാട് ഇങ്ങനെയായിരുന്നു: 'മകനേ, നീ എന്റെയടുത്ത് മറ്റൊരു ഏഴരപ്പൊന്നാന സമര്‍പ്പിയ്‌ക്കേണ്ടതില്ല. പകരം, അതിന് വന്ന ചെലവില്‍ കുറച്ച് സഹസ്രകലശം നടത്തിയാല്‍ മതി.' പിറ്റേന്നുതന്നെ ധര്‍മ്മരാജ വൈക്കത്തേയ്ക്ക് പുറപ്പെട്ടു. വൈക്കത്തെത്തിയ അദ്ദേഹം ഏഴരപ്പൊന്നാന നേരാന്‍ വച്ച തുക കൊണ്ട് വൈക്കത്തപ്പന് സഹസ്രകലശം നടത്തുകയും ക്ഷേത്രത്തിലെ പ്രസാദമായ പ്രാതലുണ്ട് ആനന്ദദര്‍ശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, ഏഴരപ്പൊന്നാന കൊടുത്തതില്‍ വൈക്കത്തപ്പന് ഏറ്റുമാനൂരപ്പനുമായി പിണക്കമാണെന്ന് അടുത്തകാലം വരെ ഭക്തര്‍ വിശ്വസിച്ചുവന്നിരുന്നു. അതിന്റെ തെളിവായി ഏറ്റുമാനൂരുകാരാരും വൈക്കത്ത് അഷ്ടമിദര്‍ശനത്തിനോ വൈക്കത്തുകാര്‍ തിരിച്ച് ഏറ്റുമാനൂരില്‍ ആസ്ഥാനമണ്ഡപദര്‍ശനത്തിനോ പോയിരുന്നില്ല. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ കഥ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് സ്ഥിതിയില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്.

വൈക്കത്തപ്പന് ഏറ്റുമാനൂരപ്പനോടോ ഏറ്റുമാനൂരപ്പന് വൈക്കത്തപ്പനോടോ വിരോധമില്ല. ജനങ്ങള്‍ക്കിടയിലും ഈ ഐക്യം ശക്തിപ്പെടുമ്പോള്‍ ഭയക്കാതിരിക്കാനാകുമോ നിരീശ്വരവാദികളായ ഭരണാധികാരികള്‍ക്ക്.

Read Original Article Here

Digital Signage

Leave a Reply