ഭരണഘടനയല്ല തന്ത്രവിധിക്ക് ആധാരം

Amazon Great Indian Sale

കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍, തന്ത്രശാസ്ത്രത്തിലെ കേരളീയ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. അങ്ങനെയൊരു ആചാരവും അനുഷ്ഠാനവും അതത് ക്ഷേത്രങ്ങളില്‍ നിശ്ചയിക്കാന്‍ അതിന്റേതായ കാരണങ്ങളുമുണ്ട്. പ്രതിഷ്ഠാ സമയത്ത് ആ ദേവതയെ ഏത് ഭാവത്തിലാണോ സങ്കല്‍പിച്ചത്, അതിന്റെ അടിസ്ഥാനത്തിലാണ് ആചാരാനുഷ്ഠാനങ്ങള്‍. ഇതിന് ഭംഗം വരുത്തുന്നതു ദേവകോപത്തിനിടയാക്കും. ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകും. ദേശത്തിനും ഭക്തര്‍ക്കും ദോഷാനുഭവങ്ങളും കഷ്ടതകളും ഉണ്ടാകും. ഇതിന് കാരണവും പരിഹാരവും തേടിയാണ് ദേവപ്രശ്നം നടത്തുകയും പ്രായശ്ചിത്ത പരിഹാരങ്ങള്‍ നടത്തുകയും ചെയ്യുന്നത്.

Amazon Great Indian Sale

പ്രതിഷ്ഠാ സമയത്തെ ദേവന്റെ ഭാവത്തിനുള്ള പ്രാധാന്യം, രാമായണത്തിലെ ഒരു കഥാ സന്ദര്‍ഭംകൊണ്ടു വ്യക്തമാകും. വനവാസക്കാലത്ത് ജടാവല്‍ക്കല ധാരിയായി ശ്രീരാമചന്ദ്രന്‍ ഭരദ്വാജാശ്രമത്തിലെത്തി. ഭരദ്വാജ മഹര്‍ഷി അദ്ദേഹത്തെ അതിഥിയായി കണ്ട് ഉപചരിച്ചു. കാലം കടന്നുപോയി. രാവണവധം കഴിഞ്ഞ് ത്രിലോകാധിപതിയായി ശ്രീരാമന്‍, സീതാലക്ഷ്മണ സമേതനായി അയോദ്ധ്യയിലേക്ക് തിരിച്ചുപോകും വഴി വീണ്ടും ഭരദ്വാജാശ്രമത്തിലെത്തി. ത്രിലോകാധിപത്തിക്ക് വേണ്ട സ്വീകരണങ്ങള്‍ മഹര്‍ഷി അവിടെ ഒരുക്കി. ഇതുകണ്ട രാമന്‍ ചോദിച്ചു : ''ഇതൊക്കെ എന്തിനാണ് മഹാമുനേ? വനവാസക്കാലത്തും ഞാന്‍ ഇവിടെ വന്നതല്ലേ…..? അന്നു ചെയ്ത അതേ ഉപചാരങ്ങളുടെ ആവശ്യമല്ലേ ഉണ്ടായിരുന്നുള്ളൂ??

മഹര്‍ഷിയുടെ മറുപടി ശ്രദ്ധേയമാണ് : 'അവസ്ഥാം പൂജ്യതേ രാമാ!'

''അല്ലയോ രാമാ…അവസ്ഥയെയാണ് പൂജിക്കുന്നത്. ഇന്ന് അങ്ങ് ത്രിലോകാധിപതിയാണ്. ആ അവസ്ഥയ്ക്ക് അര്‍ഹമായ കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തെ അങ്ങ് വന്നപ്പോഴുള്ള അവസ്ഥ ഇതല്ലായിരുന്നു. അവസ്ഥാഭേദം അനുസരിച്ച് ഉപചാരങ്ങള്‍ക്ക് വ്യത്യാസമുണ്ടാകും.

ഒരേ വ്യക്തി വിഭിന്ന അവസ്ഥകളില്‍ വിഭിന്ന രീതിയിലാണ് പെരുമാറുന്നത്. മകന്റെ ഭാവത്തില്‍ നിന്ന് വിഭിന്നമാണ് ഭര്‍ത്താവിന്റേത്. ഇതില്‍ നിന്നു വ്യത്യസ്തമാണ് അച്ഛന്റേത്. മുത്തച്ഛന്‍ ആകുമ്പോള്‍ മറ്റൊന്ന്. ഭാവത്തിനനുസരിച്ച് ആ വ്യക്തിക്ക് കിട്ടേണ്ട ഉപചാരങ്ങളും മാറും. ശബരിമലയില്‍ നൈഷ്ഠികബ്രഹ്മചാരീഭാവത്തില്‍ താപസനായി കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയാണുള്ളത്. അഷ്ടവിധ മൈഥുനങ്ങളെയും വര്‍ജ്ജിച്ച താപസനായിട്ടാണ് സ്വാമിയുടെ ഭാവം.

വാക്കില്‍ അര്‍ത്ഥം പോലെയും പൂവില്‍ ഗന്ധം പോലെയും വിഗ്രഹത്തില്‍ അദൃശ്യമായി കുടികൊള്ളുന്ന ചൈതന്യത്തിനു വ്യത്യാസങ്ങളുണ്ട്. എല്ലാ വാക്കിനും ഒരേ അര്‍ത്ഥമല്ല, എല്ലാ പൂവിനും ഒരേ ഗന്ധമല്ല. അതുപോലെ എല്ലാ ചൈതന്യത്തിനും ഒരേ ഇഷ്ടാനിഷ്ടങ്ങളല്ല. അമ്പലപ്പുഴ ശ്രീകൃഷ്ണനു പാല്‍പായസം പ്രിയമാണെങ്കില്‍, ഭദ്രകാളിക്ക് പ്രിയം ഗുരുതിയാണ്, ശിവന് ധാരയാണ്, സുബ്രഹ്മണ്യന് പഞ്ചാമൃതമാണ്. എന്താ കൃഷ്ണന് ഗുരുതികഴിച്ചാല്‍ എന്ന ചോദ്യം യുക്തിഭദ്രമല്ല, യുക്തിഹീനമാണ്.

ഒരു ദേവതയുടെ തന്നെ വ്യത്യസ്ത ഭാവത്തിനനുസൃതമായി ആചാര പദ്ധതികള്‍ മാറുന്നു. ഗുരുവായൂരപ്പന്‍ ഗജപ്രിയനാണ്. ക്ഷേത്ര അടിയന്തിരങ്ങളില്‍ എല്ലാം തന്നെ ആനകള്‍ക്ക് പ്രാധാന്യമുണ്ട്. ഗുരുവായൂരപ്പന് ആനയെ നടയ്ക്ക് ഇരുത്തുന്നത് വിശേഷ വഴിപാടായി ആചരിച്ചു പോരുന്നു. എന്നാല്‍ തളിപ്പറമ്പ്, തൃച്ചംബരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ആനകള്‍ നിഷിദ്ധമാണ്. ശ്രീകൃഷ്ണ ബലരാമമന്മാരെ വധിക്കാന്‍ കംസന്‍ നിയോഗിച്ച കുവലയാപീഡം എന്ന മദയാനയെ വധിച്ച് അതിന്റെ കൊമ്പുമായി കംസ നിഗ്രഹം ചെയ്ത ഉഗ്രഭാവത്തിലാണ് ശ്രീകൃഷ്ണ സ്വാമിയെ അവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭാവത്തിന്റെ പ്രാധാന്യപ്രകാരം തൃച്ചംബരം ക്ഷേത്രത്തിലും അടിയന്തിരങ്ങള്‍ക്കും ആനകള്‍ നിഷിദ്ധമായിരിക്കുന്നു.

ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ ഉള്ളതില്‍ നിന്നു വളരെ വ്യത്യസ്തമാണ് കേരളീയക്ഷേത്രങ്ങളുടെ രൂപകല്‍പനയും ആചരണ പദ്ധതികളും. കേരളത്തിന് പുറത്ത് ക്ഷേത്രങ്ങള്‍ പലപ്പോഴും പ്രാര്‍ത്ഥനാലയങ്ങളാണ്. ആളുകള്‍ക്ക് ഒത്തുകൂടി പ്രാര്‍ത്ഥനകളും ഭജനകളും നടത്തുന്നതിനുള്ള ഒരിടം മാത്രമായിരിക്കുമവിടം. കേരളീയ ക്ഷേത്രങ്ങളാകട്ടെ പ്രപഞ്ചശരീരത്തിന്റെയും വ്യക്തി ശരീരത്തിന്റെയും പ്രത്യക്ഷപ്രതീകങ്ങള്‍ തന്നെയാണ്. മന്ത്രസാധന അനുഷ്ഠിക്കുന്ന സാധകനായിട്ടാണ് നമ്മള്‍ ക്ഷേത്രത്തെ കാണുന്നത്. ശ്രീകോവിലില്‍ കുടികൊള്ളുന്ന വിഗ്രഹം ദേവന്റെ സൂഷ്മ ശരീരമായും ക്ഷേത്രം ദേവന്റെ സ്ഥൂല ശരീരമായും കണക്കാക്കുന്നു. പ്രസിദ്ധ ക്ഷേത്രശില്‍പ ഗ്രന്ഥമായ 'വിശ്വകര്‍മ്മ്യ'ത്തില്‍ ക്ഷേത്രത്തിന്റെ പ്രാകാരങ്ങളെ സ്ഥൂല ശരീരാവയവങ്ങളുമായി അന്വയിപ്പിക്കുന്നു.

ഗര്‍ഭഗൃഹം ശിരസ്സായും അകത്തെ പ്രദക്ഷിണ വഴി (അകത്തെ ബലിവട്ടം) മുഖമായും വേദമന്ത്രോച്ചാരണം നടത്തുന്ന മണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി വയറായും സങ്കല്‍പിച്ചിരിക്കുന്നു. പുറത്തെ മതില്‍ മുട്ടുകളും കണങ്കാലുകളും ഗോപുരം ദേവപാദങ്ങളുമാണ്. ശബരിമലയില്‍ ഗോപുരസ്ഥാനത്ത് പതിനെട്ടാം പടിയാണ്. എങ്ങനെയാണോ മനുഷ്യന്റെ അംഗങ്ങള്‍ക്ക് അനുപാതങ്ങള്‍ ഉള്ളത്, അതുപോലെതന്നെ ദേവശരീരമാകുന്ന ക്ഷേത്രത്തിനും അളവുകളും അനുപാതങ്ങളുമുണ്ട്. അവയുടെ ശാസ്ത്രമാണ് വാസ്തു. ഈ അനുപാതങ്ങളിലൂടെയും ക്രിയാപദ്ധതികളിലൂടെയും ക്ഷേത്രത്തെ ദേവശരീരമാക്കുന്നു. എപ്രകാരമാണോ മനുഷ്യന്റെ സ്ഥൂല – സൂഷ്മ ശരീരങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്, അതുപോലെയാണ് ക്ഷേത്രവും വിഗ്രഹവും അതില്‍ കുടികൊള്ളുന്ന ചൈതന്യവും.

സ്ഥൂല – സൂഷ്മ ശരീരങ്ങളുടെ ദോഷാവസ്ഥ പ്രാണനാശത്തെ വരുത്തുന്നതുപോലെ ക്ഷേത്രത്തില്‍ സംഭവിക്കുന്ന ദോഷങ്ങള്‍ ചൈതന്യഹാനി വരുത്തും. അതു ദേവകോപത്തിന് കാരണമാകുന്നു. അതിന്റെ പ്രതിവിധിയാണ്, രോഗത്തിന് മരുന്ന് എന്നതുപോലെ ക്ഷേത്ര ദോഷങ്ങള്‍ക്ക് പ്രായശ്ചിത്തങ്ങളും.

ഈ വിഷയങ്ങളില്‍ ഇന്ന് ആചരിക്കുന്ന പദ്ധതി ഒരു കുടുംബമോ വ്യക്തിയോ തന്നിഷ്ടം കാണിച്ചു ചെയ്യുന്നതല്ല. ഓരോ മേഖലയിലെ പ്രവര്‍ത്തനത്തിനും ചില ചിട്ടകളും നിയമാവലികളുമുണ്ട്. വ്യവഹാരങ്ങള്‍ക്ക് ആധികാരിക ഗ്രന്ഥം ഭരണഘടനയും പീനല്‍ കോഡുമാണ്. പക്ഷേ ഡോക്ടര്‍ മരുന്നെഴുതുന്നതിന് ആശ്രയിക്കുന്ന ഗ്രന്ഥം ഭരണഘടനയോ പീനല്‍ കോഡോ അല്ല. ഭൗമശാസ്ത്രജ്ഞന്‍ ഗവേഷണം നടത്തുന്നതിന് വൈദ്യരംഗത്തെ പുസ്തകങ്ങളെയല്ല നോക്കുന്നത്. എന്നതുപോലെ ഒരു തന്ത്രി കേരളതന്ത്രശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ ''തന്ത്രസമുച്ചയവും'' ''കുഴിക്കാട്ടുപച്ചയും'' ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് പ്രായശ്ചിത്തം വിധിക്കുകയും നടപ്പാക്കുകയുംചെയ്യുന്നത്. തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്, ഉപഗ്രഹവിക്ഷേപണം നടത്തുന്നത് ഇന്ത്യന്‍ പീനല്‍ കോഡുവച്ചാണ് എന്ന് പറയും പോലെ ബാലിശമാണ്.

കുഴിക്കാട്ടു പച്ചയില്‍ പറയുന്നതിപ്രകാരം : ഇഹ – ഇവിടെ , അതായത് അശുദ്ധി വരുന്നിടത്ത് (വിഹിതമല്ലാത്ത കാര്യങ്ങള്‍ ചെയ്തയിടം) നിവേദിച്ച നിവേദ്യം അശുദ്ധമായാണ് കരുതുന്നത്. (പ്രത്യേകം സ്മരണീയം). പ്രാസാദ: അര്‍ച്ചാച – പ്രാസാദവും ബിംബവും ദേവന്റെ സ്ഥൂല സൂക്ഷ്മ ശരീരങ്ങളെന്ന് ഹേതുവായിട്ട് ആധാരാധേയത്വമുണ്ടാകയാല്‍ പ്രാസാദബിംബങ്ങളൊന്നില്‍ അശുദ്ധി ബാധിച്ചാല്‍ പ്രാസാദശുദ്ധിയും ബിംബശുദ്ധിയും ഒരുമിച്ച് ചെയ്യണം.

ഇതാണ് സന്നിധാനത്തില്‍ സ്ത്രീപ്രവേശനം ഉണ്ടായതിനെത്തുടര്‍ന്ന് ശബരിമലയില്‍ തന്ത്രി ശുദ്ധി ചെയ്തതിന്റെ അടിസ്ഥാനം. ഇത് തന്ത്രശാസ്ത്ര നിയമമാണ്. തന്ത്ര ശാസ്ത്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി പ്രവര്‍ത്തിക്കേണ്ടത്. തന്ത്രശാസ്ത്ര നിയമങ്ങള്‍ക്കും വിധികള്‍ക്കും വിപരീതമായി പ്രവൃത്തിക്കുന്നത് ആ ശാസ്ത്രത്താല്‍ സ്ഥാപിതമായിരിക്കുന്ന ക്ഷേത്രത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അബദ്ധജഡിലമായിരിക്കും. പ്രത്യക്ഷ ദൃഷ്ടിയില്‍ അശുദ്ധി വെളിപ്പെട്ടാല്‍ ചെയ്യേണ്ട ശുദ്ധിക്രിയകള്‍ ചെയ്യണമെന്നും എന്നാല്‍ പ്രത്യക്ഷമായി കാണാത്ത അശുദ്ധികളോ അഹിതങ്ങളോ സംഭവിച്ചിട്ടുള്ളത് മനസ്സിലാക്കാനും പരിഹരിക്കാനും ദേവപ്രശ്നത്തെ അവലംബിക്കണമെന്നും ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു.

(ജ്യോതിശ്ശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റാണു ലേഖകന്‍)

Read Original Article Here

Amazon Great Indian Sale

Leave a Reply