മഞ്ഞിന്റെ വെള്ളക്കുപ്പായത്തില്‍ മൂന്നാര്‍ കോരിത്തരിക്കുന്നു

Amazon Great Indian Sale

പ്രകൃതി ഒരുക്കുന്ന അപൂര്‍വ്വ അനുഭവമായി മാറുകയാണ് മൂന്നാറില്‍ ഒരാഴ്ചയിലധികമായി തുടരുന്ന തണുപ്പും മഞ്ഞുവീഴ്ചയും. സംസ്ഥാനത്തെമ്പാടും വിരുന്നെത്തിയ തണുപ്പ്, മൂന്നാറില്‍ മഞ്ഞായി പെയ്തിറങ്ങുന്നു. മലനിരകളെ വെള്ള പുതപ്പിക്കുന്നു.

Amazon Great Indian Sale

സാധാരണ പുതുവര്‍ഷത്തില്‍ ഇടവിട്ട സമയങ്ങളിലാണു മൂന്നാറില്‍ മഞ്ഞുപെയ്യാറുള്ളത്. ഇക്കുറി അത് എട്ട് ദിവസമായി തുടരുന്നത് അത്യപൂര്‍വ്വ പ്രതിഭാസമാണെന്ന് പഴമക്കാര്‍ പറയുന്നു. മുമ്പ് പരമാവധി രണ്ട് ദിവസം വരെയാണ് മഞ്ഞുവീഴ്ച തുടരുക. പിന്നീട് താപനില അല്‍പം ഉയരും. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ വീണ്ടും മഞ്ഞുപെയ്യും. ഇത് അധികം സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേട്ടറിഞ്ഞ് എത്തുമ്പോഴേയ്ക്കും സ്ഥിതിമാറും. പലരും നിരാശയോടെ മടങ്ങുകയായിരുന്നു പതിവ്.

ഇത്തവണ ജനുവരി ഒന്ന് മുതല്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസിലേക്ക് വളരെ പെട്ടെന്നാണ് താപനില താഴ്ന്നത്. പരിസര പ്രദേശങ്ങളും എസ്‌റ്റേറ്റുകളായ ചെണ്ടുവര, പെരിയവാര, സെവന്‍വാലി, സൈലന്റുവാലി, മാട്ടുപ്പെട്ടി, പഴയമൂന്നാര്‍, പോതമേട്, നല്ലതണ്ണി, കന്നിമല എന്നിവിടങ്ങളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനം അധിവസിക്കുന്ന ഗ്രാമപ്രദേശമാണ് ആയിരക്കണക്കിന് ഹെക്ടര്‍ വിസ്തൃതിയില്‍ കിടക്കുന്ന തേയില ഗ്രാമമായ മൂന്നാര്‍.

വൈകിട്ട് നാല് മണിയോടെ തുടങ്ങുന്ന തണുപ്പ് രാത്രി വൈകുന്തോറും കൂടിവരും. കടുത്ത തണുപ്പുമൂലം രാത്രിയില്‍ ആളുകള്‍ വെളിയില്‍ ഇറങ്ങാറില്ല. പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് മഞ്ഞുവീഴ്ച പതിവ്. നേരം വെളുക്കുന്നതോടെ വാഹനങ്ങള്‍ക്ക് മുകളിലും പുല്‍ത്തകിടിയിലും വീടിന് മുകളിലും തേയിലച്ചെടികളിലും പൂക്കളിലും മഞ്ഞുനിറഞ്ഞ് കിടക്കുന്നത് സുന്ദരമായ കാഴ്ചയാണ്. ഈ കാഴ്ച വെയിലിനു ചൂട് കൂടുന്ന ഏതാണ്ട് എട്ടുമണിവരെ തുടരും. വെളിച്ചം വീഴുമ്പോള്‍ മുതല്‍ സഞ്ചാരികള്‍ മഞ്ഞുപെയ്ത് കിടക്കുന്നത് കാണാനിറങ്ങും.

മുമ്പ് മഞ്ഞുകാലം ആസ്വദിക്കാന്‍ കശ്മീരടക്കം ഉത്തരേന്ത്യയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തേടിയാണു നാം പോയിരുന്നത്. കുളു, മണാലി, സിംല തുടങ്ങിയ ഇടങ്ങളിലേക്ക് ഇതിനായി പ്രത്യേക പാക്കേജുകളും നിലവിലുണ്ട്. സാധാരണക്കാരന്റെ കുളുവും മണാലിയുമാണ് ഈ മഞ്ഞുകാലത്ത് മൂന്നാര്‍. ഇടത്തരം റിസോര്‍ട്ടുകളില്‍ വലിയ വാടക കൊടുക്കാതെതന്നെ താമസിക്കാനാകും എന്നതും പ്രത്യേകതയാണ്.

പൊതുപണിമുടക്ക് ദിവസമായിട്ടും ഇന്നലെ മാത്രം മൂന്നാറിലെത്തിയത് ആയിരങ്ങളാണ്. ഇന്നലെ രാവിലെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത് ചെണ്ടുവരയിലാണ്. മൈനസ് രണ്ട് ഡിഗ്രി. മൂന്നാര്‍ ടൗണിലും നല്ലതണ്ണിയിലും പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില. ജനുവരി ആദ്യം വരെ ഒരു വിനോദ സഞ്ചാരിപോലും തിരിഞ്ഞുനോക്കാത്ത മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ പുത്തനുണര്‍വായി. പ്രളയത്തില്‍ തകര്‍ന്ന മേഖലയിലെ ജനങ്ങളുടെ ദു:ഖത്തിന് ഒരു പരിധിവരെ ഈ കാലാവസ്ഥ ആശ്വാസം പകര്‍ന്നു. താരതമ്യേന ചെറിയ റോഡുകളുള്ള മൂന്നാറിനെ സഞ്ചാരിപ്രവാഹം ഗതാഗത കുരുക്കിലാക്കുമ്പോഴും സഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് മൂന്നാര്‍ നിവാസികള്‍.

വട്ടവടയും കാന്തല്ലൂരും മഞ്ഞുപുതച്ചു

മൂന്നാറിലെത്തിയാല്‍ എല്ലാ സ്ഥലങ്ങളും ഒന്ന് വേഗം കണ്ടു തീര്‍ക്കണമെങ്കില്‍ തന്നെ മൂന്ന് നാല് ദിവസം വേണം. പ്രധാന ആകര്‍ഷണം രാജമലയിലെ ഇരവികുളം ദേശീയോദ്യാനവും വരയാടുകളും തന്നെയാണ്. മാട്ടുപ്പെട്ടി ഡാമും പരിസരവുമാണ് തൊട്ടുപിന്നില്‍.

മൂന്നാറില്‍നിന്ന് മറയൂര്‍ പോകുന്നവഴി എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാര്‍ക്കിലെത്താം. വരയാടുകളുടെ പ്രജനനം ആരംഭിച്ചതിനാല്‍ നിയന്ത്രണമുണ്ട്. ഇടയ്ക്കിടെ ഓടിയെത്തി മായുന്ന മഞ്ഞും ഇടയ്ക്ക് തെളിയുന്ന ഇളം വെയിലും കണ്ണെത്താദൂരത്തോളം കിടക്കുന്ന തേയിലത്തോട്ടങ്ങളും ആനമുടി മലനിരയും മായികക്കാഴ്ചകള്‍ സമ്മാനിക്കും. മാര്‍ച്ച് മുതല്‍ രണ്ടുമാസം പാര്‍ക്കിലേക്ക് പ്രവേശനമില്ല.

മാട്ടുപ്പെട്ടി, എക്കോപോയിന്റ്, മീശപ്പുലിമല, കൊളുക്കുമല, കുണ്ടള, ടോപ് സ്റ്റേഷന്‍, പാമ്പാടുംഷോല ദേശീയോദ്യാനം, പോതമേട്, ലക്ഷ്മി, ചിന്നാര്‍ വന്യജീവി സങ്കേതം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, സൈലന്റുവാലി, ആനക്കുളം (മാങ്കുളം), സൂര്യനെല്ലി, ചിന്നക്കനാല്‍, ആനയിറങ്കല്‍ എന്നിവിടങ്ങളും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. മൂന്നാറില്‍ നിന്ന് 47 കിലോമീറ്റര്‍ (രണ്ട് മണിക്കൂര്‍) അകലെയാണ് മറയൂര്‍. അവിടെനിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാന്തല്ലൂരിലുമെത്താം. മറയൂര്‍ പോകുന്ന വഴിക്കാണ് ഇരവികുളം ദേശീയോദ്യാനം. അതിരാവിലെ പാര്‍ക്കിലെത്തി ഉച്ചയോടെ ഇറങ്ങായില്‍ മറയൂരും കാന്തല്ലൂരും ഒരു ദിവസംകൊണ്ട് കാണാം. ഇവിടെ പഴത്തോട്ടങ്ങളും ഫ്‌ളവര്‍ ഗാര്‍ഡനുകളുമാണ് ആകര്‍ഷണം.

ദിവസങ്ങളായി കാന്തല്ലൂരിലും മഞ്ഞുവീഴുന്നുണ്ട്. മഴനിഴല്‍ പ്രദേശമായ മറയൂരും സമീപ പ്രദേശമായ ചിന്നാറും മറ്റൊരു വിസ്മയമാണ് ഒരുക്കി വെച്ചിരിക്കുന്നത്. ആനക്കോട്ട പാര്‍ക്കും, മുനിയറകളും മധുരത്തിനു പേരുകേട്ട മറയൂര്‍ ശര്‍ക്കരയുമാണ് മറയൂരിലെ പ്രധാന ആകര്‍ഷണം. ചാമ്പല്‍ മലയണ്ണാനും വന്യജീവികളും നിറഞ്ഞതാണ് ചിന്നാര്‍. പുല്‍മേടുകളും നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും വരണ്ട മേഖലകളും മാറ്റുകൂട്ടും.

എത്തിച്ചേരാനുള്ള വഴി

തൊടുപുഴയില്‍ നിന്നും കോതമംഗലത്ത് നിന്നും നേര്യമംഗലം വഴിയാണ് മൂന്നാറിലേക്ക് പ്രധാന റോഡ്. കൊച്ചി-മധുര ദേശീയപാത(85)യുടെ ഭാഗമാണ് ഈ റോഡ്. തൊടുപുഴയില്‍ നിന്ന് 91 കിലോമീറ്ററും കോതമംഗലത്ത് നിന്ന് 76 കിലോമീറ്ററും സഞ്ചരിച്ചാല്‍ മൂന്നാറിലെത്താം. ഇടുക്കിയില്‍നിന്ന് കല്ലാര്‍കുട്ടിവഴി അടിമാലിയിലെത്തിയും മൂന്നാറിലേയ്ക്കുവരാം. ഉദുമല്‍പ്പേട്ട-മറയൂര്‍വഴിയും ദേവികുളം ഗ്യാപ് റോഡ് വഴിയും തമിഴ്‌നാട്ടില്‍നിന്ന് മൂന്നാറിലെത്താനാകും.

അനൂപ് ഒ.ആര്‍

Read Original Article Here

Amazon Great Indian Sale

Leave a Reply