മണ്ഡലപൂജ ഇന്ന് ഉച്ചയ്ക്ക് 12ന്; തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ ദര്‍ശിക്കാന്‍ ഭക്തലക്ഷങ്ങള്‍

സന്നിധാനം: വ്രതശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും 41 ദിനങ്ങള്‍ക്ക് വിരാരമിട്ട് അയ്യപ്പന് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആചാരപൂര്‍വ്വം കൊണ്ടുവന്ന തങ്ക അങ്കി ഇന്നലെ ചാര്‍ത്തി ദീപാരാധന നടന്നു.

Join Nation With Namo

451 പവന്‍ തൂക്കമുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ട് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട രഥഘോഷയാത്ര ഇന്നലെ ഉച്ചയോടെ പമ്പ ഗണപതിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും വൈകുന്നേരം മൂന്നുമണിക്ക് സന്നിധാനത്തേക്ക് തിരിച്ച ഘോഷയാത്രയെ ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആചാരപൂര്‍വ്വം സ്വീകരിച്ച് പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറി തങ്ക അങ്കിയുമായി മുകളിലെത്തിയ സംഘത്തെ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം വകുപ്പ്സെക്രട്ടറി, ദേവസ്വം കമ്മീഷണര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു.

തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി. തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നു.

തുടര്‍ന്ന് ആയിരക്കണക്കിന് ഭക്തര്‍ തങ്കപ്രഭയിലുള്ള അയ്യനെ കണ്ട് സായൂജ്യമടഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് നടതുറന്ന് നിര്‍മാല്യവും നെയ്യഭിഷേകവും ഗണപതിഹോമവും പതിവ് പൂജകളും നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് മണ്ഡലപൂജയ്ക്ക് തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും. മണ്ഡലപൂജ കഴിഞ്ഞ് അടയ്ക്കുന്ന ക്ഷേത്രനട വൈകുന്നേരം മൂന്നിന് ദര്‍ശനത്തിനായി തുറക്കും. രാത്രി 9.30ന് അത്താഴപൂജയും രാത്രി 9.50ന് ഹരിവരാസനംപാടി 10ന് ശ്രീകോവില്‍ അടയ്ക്കും. മകരവിളക്ക് പൂജകള്‍ക്കായി 30ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും ക്ഷേത്രം തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്.

Read Original Article Here

Digital Signage

Leave a Reply