മുല്ലപ്പള്ളി ബെഹ്റ, പിന്നെ ലഷ്‌കറും

ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസ് ഇന്നിപ്പോള്‍ വീണ്ടും വിവാദമായിരിക്കുകയാണല്ലോ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് അതിന് കാരണം. മുല്ലപ്പള്ളി യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു എന്നതാണ് പ്രധാനം. കേരളത്തിലെ ഡിജിപി ലോക്‌നാഥ് ബെഹ്റയെ ലക്ഷ്യമിട്ടാണ് മുല്ലപ്പള്ളി വെടിപൊട്ടിച്ചതെങ്കിലും അത് യഥാര്‍ഥത്തില്‍ ചെന്ന് തറയ്ക്കുക യുപിഎ സര്‍ക്കാരിന്റെ നെഞ്ചത്താണ്; പി. ചിദംബരത്തിലാണ്. മാത്രമല്ല അതിന്റെ കണ്ണികള്‍ കോണ്‍ഗ്രസിലെ അത്യുന്നത കുടുംബത്തിലേക്കും നീങ്ങുമെന്ന് കരുതിയവരുമുണ്ട്. അക്കാലത്ത് നടന്ന ഒരു കൊടിയ വഞ്ചനയുടെ കഥ ചര്‍ച്ചചെയ്യാന്‍ ഇടയാക്കിയതിന് മുല്ലപ്പള്ളിയോട് നന്ദി പറയുക. യഥാര്‍ഥത്തില്‍ ബെഹ്റയും കൂട്ടരും പൊളിച്ചത് നരേന്ദ്ര മോദിയെയും അമിത് ഷായെയും കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത പദ്ധതിയാണ്.

Join Nation With Namo

നമ്മുടെ മാധ്യമങ്ങള്‍ മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് എന്തൊരു പ്രാധാന്യമാണ് നല്‍കിയത്. പിണറായി വിജയന് നേരെയുള്ള ആയുധമാണിതെന്ന് കോണ്‍ഗ്രസുകാര്‍ക്കൊപ്പം നടക്കുന്ന ആ പത്രങ്ങള്‍ കരുതിയപ്പോള്‍ തിരിഞ്ഞുകുത്തുമെന്ന് ചിന്തിച്ചിട്ടേയുണ്ടാവില്ല. കുറെ ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തിയാണ് മുല്ലപ്പള്ളി ആ വിവാദ പ്രസ്താവന നിരത്തിയിരിക്കുന്നത്. അതിനൊക്കെ ഉത്തരം ഇന്ത്യയിലെ പൊതുമണ്ഡലത്തിലുണ്ട്; അത് അവരുടെ തന്നെ കള്ളത്തരങ്ങളാണ് തുറന്നുകാട്ടുക. ആദ്യമേ പറയട്ടെ, ഇവിടെ ബെഹ്റയെയോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ യജമാനന്മാരെയോ പിന്തുണക്കാന്‍ ഒരു ഉദ്ദേശവുമില്ല. ഇത് വായിക്കുമ്പോള്‍ അങ്ങനെ തോന്നേണ്ടതില്ല എന്നര്‍ത്ഥം. പക്ഷേ ചരിത്രത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത് വഴിയൊരുക്കുന്നു എന്നത് ഗുണകരമാണ്.

എന്താണ് മുല്ലപ്പള്ളി പറഞ്ഞതെന്ന് ആദ്യം പരിശോധിക്കാം: 'നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാനായി റിപ്പോര്‍ട്ട് തയ്യാറാക്കിയ ആളാണ് ലോക്‌നാഥ് ബെഹ്റ. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി എന്ന നിലയ്ക്ക് ഇസ്രത് ജഹാന്‍ കേസിന്റെ ഫയലുകള്‍ താന്‍ കണ്ടതാണ്. അതില്‍ അമിത് ഷായെ രക്ഷിക്കാന്‍ ബോധഃപൂര്‍വമായ ശ്രമം നടന്നിരിക്കുന്നു. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഫയലുകളും കണ്ടു. മോദിയും അമിത് ഷായും കൂട്ടുപ്രതികളായ ഒരുപാട് കേസുകള്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അന്ന് ബെഹ്റ. ആ മനുഷ്യന്‍ മോദിയെയും ഷായെയും വെള്ളപൂശാന്‍ അന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് വിസ്മയം ഉളവാക്കി. അതിന്റെ പ്രത്യുപകാരമായി മോദി തന്റെ പുതിയ കൂട്ടുകാരന്‍ പിണറായിയോട് ആ ഫയലില്‍ ഒപ്പുവെക്കാന്‍ പറഞ്ഞപ്പോള്‍ അക്ഷരം പ്രതി ആ വാക്കുകള്‍ ശിരസ്സാവഹിച്ചു. 'പിണറായി വിജയന്‍ ബെഹ്റയെ ഡിജിപിയാക്കിയതുമായി ബന്ധപ്പെട്ടാണ് ഈ ആക്ഷേപം. അതൊക്കെ അവിടെ നില്‍ക്കട്ടെ.

ആദ്യമേ സൂചിപ്പിക്കട്ടെ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിക്കെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയത് സുപ്രീംകോടതി നിയമിച്ച എസ്‌ഐടിയാണ്. അത് കോടതി ശരിവെച്ചതുമാണ്. അതിലേക്ക് എന്തിനാണ് പോലീസ് ഉദ്യോഗസ്ഥരെ വലിച്ചിഴയ്ക്കുന്നത്. ഇനി ഇസ്രത് ജഹാന്‍ കേസ്; മുല്ലപ്പള്ളിയുടെ കാലഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ഒരാളുടെയും അദ്ദേഹത്തിന് കീഴിലെ മറ്റൊരു ഉദ്യോഗസ്ഥന്റെയും വെളിപ്പെടുത്തലുകള്‍ മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ. എന്താണ് അന്ന് മുല്ലപ്പള്ളിയും അദ്ദേഹത്തിന്റെ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരവും ചെയ്തതെന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം. ആ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മലയാളിയാണ് എന്നതും പറയാതെ വയ്യല്ലോ. അതെ, ഗോപാല്‍ കൃഷ്ണ പിള്ള എന്ന ജികെ പിള്ള. മറ്റൊരു ഉദ്യോഗസ്ഥന്‍, ആവിഎസ് മണി. ഇസ്രത് ജഹാന്‍ കേസിന്റെ പേരില്‍ സത്യത്തിനൊപ്പം നിന്നതിന് ആര്‍വിഎസ് മണിക്ക് നേരിടേണ്ടിവന്ന പീഡനങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടുമുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ജയിലില്‍ കഴിയണം എന്ന കോണ്‍ഗ്രസ് പദ്ധതിയുടെ ഭാഗമാണിതെന്ന് അവര്‍ രണ്ടുപേരും പറയാതെ പറയുന്നുണ്ട്. ഇവിടെ നാം കാണേണ്ടത്, ഇത് നടക്കുന്നത് 2004 ജൂണ്‍ 15നാണ്. ആ വര്‍ഷം മെയ് 22ന് കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു; നരേന്ദ്ര മോദിയും അമിത്ഷായും തങ്ങളുടെ രാഷ്ട്രീയഭാവിക്ക് ഭീഷണിയാണെന്ന് അന്നുതന്നെ കോണ്‍ഗ്രസുകാര്‍, അല്ലെങ്കില്‍ സോണിയപരിവാര്‍ കണ്ടിരുന്നു എന്നതാണ് പ്രധാനം. അവരെ ഒതുക്കാന്‍, നശിപ്പിക്കാന്‍ കോണ്‍ഗ്രസ് 2009 മുതല്‍ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും പിന്നാമ്പുറങ്ങളിലും നടന്ന ചെയ്തികള്‍ വിശകലനം ചെയ്താല്‍ ബോധ്യമാവും.

2004ല്‍ നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട് ഒരു ലഷ്‌കര്‍-ഇ-തൊയ്ബ സംഘം ഗുജറാത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് പോലീസ് ഇടപെട്ടതും ഏറ്റുമുട്ടല്‍ നടന്നതും. അത് സംബന്ധിച്ച ഐബി റിപ്പോര്‍ട്ടും മറ്റും ഗുജറാത്ത് സര്‍ക്കാരിന്റെ പക്കലുണ്ട്. ജമാ അത്ത്-ഉദ്-ദാവഹായുടെ വെബ്‌സൈറ്റില്‍ ഇസ്രത് തങ്ങളുടെ ഒരു ചാവേറാണ് എന്ന ലഷ്‌കറിന്റെ വാര്‍ത്തയുണ്ടായിരുന്നു; എന്നാല്‍ പിന്നീട് അത് അവര്‍ എടുത്തുമാറ്റി. ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് വേണ്ടിയാണ് വെബ്‌സൈറ്റില്‍ നിന്ന് അത് വെട്ടിനീക്കിയതെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലല്ലോ. അതിന് പിന്നാലെയാണ് അത് വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന പരാതിയുയരുന്നത്; ഗുജറാത്തില്‍ മോദിയുടെ ഭരണത്തില്‍ മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ സ്വാഭാവികമായും അതൊരു രാഷ്ട്രീയ വിഷയമായി. അതിനെ തുടര്‍ന്ന് കേസ് ഗുജറാത്ത് ഹൈക്കോടതിയിലെത്തുകയുമായിരുന്നു; ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം 2009 ആഗസ്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത്തിന്റെയും കൂട്ടാളികളുടെയും ലഷ്‌കര്‍ ബന്ധത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അത് സമര്‍പ്പിച്ചത് യുപിഎ- യുടെ കാലഘട്ടത്തിലാണ് എന്നതോര്‍ക്കുക. അന്ന് പി. ചിദംബരവും മുല്ലപ്പള്ളിയുമൊക്കെ ആഭ്യന്തര മന്ത്രാലയത്തിന്റെ കാവലാള്‍മാരായിരുന്നു.

പെട്ടെന്നാണ് ഈ കേസിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നരേന്ദ്ര മോദിയെയും അമിത് ഷായെയുമാണ് കുടുക്കിലാക്കേണ്ടതെന്നുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവണം ആ നീക്കം. അതിന് പറ്റിയ കേസാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി എന്നര്‍ത്ഥം. ആ 'ഗൂഢ പദ്ധതി' ഉദയം ചെയ്തത് ചിദംബരത്തിന്റെയോ മുല്ലപ്പള്ളിയുടെയോ മാത്രം മനസിലാണെന്ന് കരുതുക വയ്യ; അവര്‍ക്കതിലുളള പങ്ക് സ്വാഭാവികമായും സംശയിക്കപ്പെടുക തന്നെ ചെയ്യും; എന്നാല്‍ അതിനപ്പുറം ചില കേന്ദ്രങ്ങളില്‍ ആലോചനകള്‍ നടന്നിട്ടുണ്ടാവണം. ചില ഇറ്റാലിയന്‍ കണക്ഷനുകള്‍, അവരുടെ ഉപദേഷ്ടാക്കള്‍, ചില ഗുജറാത്ത് ബന്ധങ്ങള്‍…. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ദല്ലാള്‍ 'എ.പി' എന്നൊക്കെ കുറിച്ചത് പോലെ പലതും… അങ്ങനെയാണ് 2009 ലെ സത്യവാങ്മൂലം തിരുത്താന്‍ പി. ചിദംബരം നിര്‍ബന്ധിക്കുന്നത്. അത് ചെയ്യുമ്പോള്‍ ചില കഥകള്‍ മെനയാണമല്ലോ… അതിനായി ചിലരെ ചുമതലപ്പെടുത്തുന്നു. പക്ഷേ കള്ളത്തരത്തിന് കൂട്ടുനില്‍ക്കാന്‍ അവരില്‍ ചിലര്‍ മടികാണിച്ചു… അതില്‍പെട്ടയാളാണ് അന്ന് ജികെ പിള്ളയുടെ ഒപ്പമുണ്ടായിരുന്ന ആര്‍വിഎസ് മണി.

ആര്‍വിഎസ് മണി വായില്‍തോന്നിയത് എഴുതിക്കൊടുക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ നേരിടേണ്ടിവന്നത് സിബിഐയുടെ കൊടിയ പീഡനമാണ്. ഇതിന്റെ പേരില്‍ സിബിഐ കസ്റ്റഡിയിലെടുക്കുന്നു; ദീര്‍ഘനേരം ചോദ്യം ചെയ്തു; സിബിഐ ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു അത്. സിഗരറ്റ് കത്തിച്ചിട്ട് ദേഹത്തുവെച്ച് പൊള്ളിക്കുക പോലും ചെയ്തു എന്നാണ് മണി പറഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അവസ്ഥയാണിത്. എന്തിനായിരുന്നു അത്? 2009ല്‍ ഐബി റിപ്പോര്‍ട്ടിന്റെയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങളുടെയും വെളിച്ചത്തില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ യുപിഎ സര്‍ക്കാര്‍ തന്നെ നല്‍കിയ സത്യവാങ്മൂലം കോണ്‍ഗ്രസിന്റെ താല്പര്യപ്രകാരം തിരുത്തിക്കൊടുക്കാന്‍ വിസമ്മതിച്ചതിന് ആദ്യ സത്യവാങ്മൂലത്തില്‍ ഒപ്പു വെച്ചത് മണിയായിരുന്നു. യഥാര്‍ഥത്തില്‍ മുല്ലപ്പള്ളിമാര്‍ സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരോട് എന്തൊക്കെ ക്രൂരതകളാണ് കാണിച്ചത് എന്നതാണ് ആര്‍വിഎസ് മണി പറഞ്ഞുതന്നത്. എന്നിട്ട് മുല്ലപ്പള്ളിയും ചിദംബരവും പിന്നെ അവരുടെ രാഷ്ട്രീയ നേതൃത്വവും ഇപ്പോള്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നു.

ഇനി ആര്‍വിഎസ് മണിയുടെ മേലാളന്‍, കേന്ദ്രആഭ്യന്തര സെക്രട്ടറിയായിരുന്ന, ജികെ പിള്ള പറയുന്നത് കേള്‍ക്കുക. കേരളാ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ഇസ്രത് ജഹാന് ഉണ്ടായിരുന്ന ബന്ധം സംബന്ധിച്ച പരാമര്‍ശങ്ങള്‍ സത്യവാങ്മൂലത്തില്‍ നിന്ന് എടുത്തുമാറ്റുകയാണ് പി. ചിദംബരം ഇടപെട്ട് ചെയ്തതെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അക്കാര്യങ്ങള്‍ കോടതി മുന്‍പാകെ ഉണ്ടാവരുതെന്ന് ചിദംബരം നിര്‍ദ്ദേശിച്ചു. മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയില്‍ നിന്ന് ഫയല്‍ പി. ചിദംബരം നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു. അതിന് ശേഷം അത് തിരുത്തപ്പെട്ടു. അതിനൊക്കെ ശേഷമാണ് തന്റെമുന്നില്‍ ആ ഫയലെത്തുന്നത് എന്നും ജികെ പിള്ള പറഞ്ഞിട്ടുണ്ട്.

അതേസമയം, ലഷ്‌കര്‍ ഭീകരരെ കൊന്നൊടുക്കിയ ആ നടപടിയെ അദ്ദേഹം ന്യായീകരിക്കുകയാണ്. 'അത് ഫലപ്രദമായ ഒരു ഓപ്പറേഷനായിരുന്നു. ചിലരെ വധിക്കാനായി ഇന്ത്യയിലേയ്ക്ക് ഷൂട്ടര്‍മാരെ അയയ്ക്കാനുള്ള ലഷ്‌കര്‍- ഇ- തൊയ്ബയുടെ നീക്കം നമ്മള്‍ തിരിച്ചറിഞ്ഞു. അവരുടെ പ്രവര്‍ത്തനം നമുക്ക് നിരീക്ഷിക്കാനും സാധിച്ചു. അങ്ങനെയാണ് ആ നീക്കം കണ്ടെത്തിയത്. അത് നമ്മുടെ ഒരു ആസൂത്രിത ഓപ്പറേഷന്‍ ആയിരുന്നു; ലോകമെമ്പാടുമുള്ള ഇന്റലിജിന്‍സ് ഏജന്‍സികള്‍ ചെയ്യുന്നത് പോലെതന്നെ… ജികെ പിള്ള തുറന്നുപറയുന്നു. ' അതെ അതൊരു ട്രാപ്പ്' (കെണി) ആയിരുന്നു; ലഷ്‌കര്‍ ഭീകരരെ പിടിക്കാനുള്ള കെണി. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ചേര്‍ന്ന് നില്‍ക്കുന്നവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് അതിനായി പ്രയോജനപ്പെടുത്തിയത്. അങ്ങനെയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ശത്രുക്കളോട് ചേര്‍ന്ന് നില്‍ക്കുന്നവരില്‍ നിന്ന് തന്നെ ഇന്റലിജന്‍സുകാര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. നമ്മുടെ ശത്രു എപ്പോള്‍, എന്തിന് കടന്നുവരുന്നു എന്ന് മനസിലാക്കി പെരുമാറുന്നതാണ് എപ്പോഴും നല്ലത്…' എന്നും ജികെ പിള്ള വിലയിരുത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ ഗുജറാത്ത് പോലീസ് ചെയ്തത് ശരിയായിരുന്നു എന്നും അത് കേന്ദ്ര സര്‍ക്കാരും ഇന്റലിജന്‍സ് ഏജന്‍സികളും അറിഞ്ഞുകൊണ്ടായിരുന്നു എന്നുമാണല്ലോ അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞുതരുന്നത്.

നരേന്ദ്ര മോദിയും അമിത് ഷായും ആയിരുന്നു പി. ചിദംബരത്തിന്റെ, കോണ്‍ഗ്രസിന്റെ, ലക്ഷ്യം ഇതില്‍ നിന്നൊക്കെ വ്യക്തമല്ലേ. നേരത്തെ സൂചിപ്പിച്ചത് പോലെ കോണ്‍ഗ്രസുകാര്‍ അന്നേ തന്നെ ഈ രണ്ടുപേരെയും ഭയന്നിരുന്നു. അതുകൊണ്ട് അവരെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കി. അതിന് സ്വാഭാവികമായും ചില ഉദ്യോഗസ്ഥരെ ഒക്കെ ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ടാവണം. ഇത്തരമൊരു 'വലിയ കേസില്‍' ലോക്‌നാഥ് ബെഹ്റയുടെ റോള്‍ എന്തായിരുന്നു എന്നതറിയില്ല. അദ്ദേഹം അക്കാലത്ത് എന്‍ഐഎ -യിലുണ്ടായിരുന്നു.

മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഹിച്ച പങ്ക് ചെറുതല്ലതാനും. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി അമേരിക്കയിലേക്ക് അയച്ചത് അദ്ദേഹത്തെയായിരുന്നു. ഇസ്രത് ജഹാന്റെ ലഷ്‌കര്‍ ബന്ധമൊക്കെ ഹെഡ്‌ലി വെളിപ്പെടുത്തിയത് ബെഹ്റയോടാണ്. വസ്തുതകള്‍ അറിയാവുന്നവര്‍ സത്യത്തിനൊപ്പം ആരെങ്കിലും നിന്നുവെങ്കില്‍ എന്തിനാണ് ആക്ഷേപിക്കുന്നത്. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് ഇവിടെ ലാഷ്‌കര്‍-ഇ-തൊയ്ബയെ വെള്ളപൂശാനല്ലേ ശ്രമിച്ചത്?. ഇവിടെ ബെഹ്റയെ ലക്ഷ്യമിടുന്ന മുല്ലപ്പള്ളി ഇപ്പോള്‍ വെളിപ്പെടുത്തുന്നത് സ്വന്തം ചെയ്തികള്‍ എത്ര ഭീകരവും നികൃഷ്ടവും രാഷ്ട്രീയ പ്രേരിതവും കള്ളത്തരം നിറഞ്ഞതുമായിരുന്നു എന്നതാണ്.

Read Original Article Here

Digital Signage

Leave a Reply