വഞ്ചനയുടെ വാദമുഖങ്ങള്‍

കേരള സര്‍ക്കാര്‍ അയ്യപ്പവിശ്വാസികള്‍ക്ക് എതിരല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാഴികയ്ക്ക് നാല്‍പ്പത് വട്ടം ലോകത്തോട് വിളിച്ച് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിരീശ്വരവാദികളുടെ തനിനിറം സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ പുറത്തെടുത്തു.

Join Nation With Namo

എന്ത് വിധിച്ചാലും കേരള സര്‍ക്കാറിന് പ്രത്യേകിച്ച് ഒന്നുമില്ലെന്നും യുവതീപ്രവേശനവിഷയം ഹിന്ദു ആചാര്യന്മാര്‍ തീരുമാനിക്കട്ടെ എന്നും മുന്‍പ് കോടതിയില്‍ പറഞ്ഞിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്ക് എതിരായാണ് ഇപ്പോള്‍ വാദിച്ചത്.

യുവതീപ്രവേശനം ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഷയം ആണെന്ന് സര്‍ക്കാറിന്—വേണ്ടി ജയ്ദീപ് ഗുപ്തയും വിജയ് ഹന്‍സരിയായും ശക്തിയുക്തം വാദിച്ചു. സുപ്രീംകോടതി വിധിവഴി സര്‍ക്കാരിന് വന്നുചേര്‍ന്ന ഉത്തരവ് നടപ്പാക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്തം മാത്രമാണ് ശബരിമലയിലെ നടപടികള്‍ എന്ന മുഖ്യമന്ത്രിയുടെ ഇത്രയും നാളായിട്ടുള്ള വാദം കബളിപ്പിക്കല്‍ മാത്രമാണ്. അവസരം വന്നപ്പോള്‍ മുഖ്യമന്ത്രിയും സംഘവും വിശ്വാസ സമൂഹത്തിനെതിരെ നിലകൊണ്ടു. ഇതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ എത്രമാത്രം പ്രയത്‌നിച്ച് നേടിയെടുത്ത വിധിയാണ് യുവതീപ്രവേശനമെന്ന് പൊതുസമൂഹത്തിന് വ്യക്തമായി. മുഖ്യമന്ത്രിയെ ഭയന്ന് ഭരണഘടനാബാധ്യത എന്ന് ന്യായീകരിച്ച് നടന്ന പാഴ്ജന്മങ്ങള്‍ക്ക് ഇരുട്ടടിയായി സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും പുതിയ നിലപാടുകള്‍. യുവതികളെ കയറ്റേണ്ടത് ശബരിമലയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാരും ബോര്‍ഡും ഒരേസ്വരത്തില്‍ വാദിച്ചു.

മതവിശ്വാസികളേയും അവിശ്വാസികളേയും ഒരുപോലെ കാണേണ്ടവരാണ് ജനാധിപത്യ മതേതരസര്‍ക്കാര്‍. ഹിന്ദുവിശ്വാസികളുടെ വിശ്വാസവും ഹിന്ദുക്ഷേത്ര ആചാരങ്ങളും സംരക്ഷിക്കേണ്ട ധര്‍മ്മവും ബാധ്യതയാണ് ദേവസ്വം ബോര്‍ഡിന് ഉള്ളത്. ഹിന്ദു മതവിശ്വാസികള്‍ മറ്റ് സെമിറ്റിക് മതങ്ങളെ അപേക്ഷിച്ച് പ്രാകൃതമാണ്, മാത്രമല്ല യുവതീപ്രവേശനിഷേധം ഒരു ദുരാചാരമാണെന്നു കൂടിയാണ് ദേവസ്വം ബോര്‍ഡിന്റെ വക്കീല്‍ ദ്വിവേദി വാദിച്ചത്. ക്ഷേത്രസംരക്ഷണവും ഹിന്ദുവിശ്വാസ സംരക്ഷണവും ഹിന്ദുവിശ്വാസ പ്രചാരണവുമാണ് ഹിന്ദുദേവസ്വം ബോര്‍ഡിന്റെ കര്‍ത്തവ്യം. അല്ലാതെ ആചാരപരിഷ്‌ക്കരണമോ നിരീശ്വരവാദ പ്രചരണമോ അല്ല.

യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡിനെ നിരീശ്വവാദികള്‍ ഹൈജാക്ക് ചെയ്യുകയാണുണ്ടായിരിക്കുന്നത്. യുവതീപ്രവേശന കോലാഹലത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഭൗതീകവാദ പ്രചരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ദേവസ്വം പ്രസിഡന്റ് പോലും അറിയാതെ നിഗൂഢമായി കരുക്കള്‍നീക്കി. അതോടെ ആര്‍ത്തവ പോരാളികള്‍ക്കുവേണ്ടി ഹാജരായ ഇന്ദിര ജയ്‌സിംഗ്, പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദവെ എന്നിവരുടെ വാദങ്ങള്‍ക്ക് ഒപ്പം ദേവസ്വം ബോര്‍ഡ് ചുവടുമാറിനിന്നു.

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് തന്നെ ഹിന്ദുമതത്തെ നികൃഷ്ടമതമെന്ന് അധിക്ഷേപിച്ചു. പുനഃപരിശോധനാ വിധി എന്തുതന്നെയും ആയിക്കൊള്ളട്ടെ. ഒരു കാര്യം സുവ്യക്തം. ഹിന്ദുമതത്തിലെ മാത്രമല്ല എല്ലാ ദൈവവിശ്വാസികളെയും സര്‍ക്കാര്‍ ചതിച്ചു. നിരീശ്വവാദികള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രശ്‌നത്തെ എല്ലാതരത്തിലും കൈകാര്യം ചെയ്തു.

നിയസഭയില്‍ ദേവസ്വംമന്ത്രി പറഞ്ഞത് ശബരിമല ദര്‍ശനം നടത്തുന്ന യുവതികള്‍ക്ക് പ്രേത്യക സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ്. പക്ഷേ 150ല്‍ പരം പോലീസിനെ ഉപയോഗിച്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ പോലീസ് യൂണിഫോം നല്‍കി കയറ്റാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയുടെ കാര്യം പ്രസക്തമാകുന്നത് ഇവിടെയാണ്. നിരീശ്വരവാദിയെന്നതാണ് പിണറായി സര്‍ക്കാര്‍ ചുംബന സമര നായികയില്‍ കണ്ട മേന്മ. യുവതീപ്രവേശനം വഴി വിശ്വാസസമൂഹത്തിന്റെ മനസില്‍ ഉണ്ടാവുന്ന വ്രണത്തിന്റെ തീവ്രത കൂടാന്‍ വേണ്ടിയാണ് മറ്റാര്‍ക്കും നല്‍കാത്ത സര്‍വ്വസന്നാഹവും സര്‍ക്കാര്‍ രഹ്‌ന ഫാത്തിമക്ക് നല്‍കിയത്.

സമാനമായി നിയസഭയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രേഖാമൂലം അറിയിച്ചത് ശബരിമല ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണ് എന്നാണ്. പക്ഷേ സര്‍ക്കാര്‍ സുപ്രീംകോടതിയെ ഒരു പ്രചാരണ മാധ്യമമാക്കി അനവസരത്തില്‍ അറിയിച്ചത് മുഖ്യമന്ത്രിയുടെ ഇഷ്ടസംഖ്യയായ 51 യുവതികള്‍ ശബരിമല കയറിയെന്നാണ്. ഇതും നീറുന്ന വ്രണിത ഹൃദയരായ അയ്യപ്പവിശ്വാസികളുടെ ആത്മാഭിമാനം തകര്‍ക്കാനും ഇതര വിശ്വാസ വിഭാഗങ്ങള്‍ക്കിടയില്‍ പരിഹാസ്യരാക്കുക വഴി നിരീശ്വരവാദത്തിന് ഒത്താശ ചെയ്യാനുമാണ്. ധാര്‍ഷ്ട്യത്തിന്റെയും മര്‍ക്കടമുഷ്ടിയുടെയും അഹങ്കാരത്തിന്റെയും പര്യായമാകുന്ന ഏത് ഭരണാധികാരിക്കും അധികാരത്തിന്റെ സംരക്ഷണം നഷ്ട്ടപ്പെടുന്ന കാലത്ത് കറിവേപ്പിലയുടെ പരിഗണനപോലും ലഭിക്കാറില്ലെന്നതാണ് ചരിത്രം.

Read Original Article Here

Digital Signage

Leave a Reply