വനിതകളേ, മതിലില്‍ കയറി ഇരിക്കൂ

'പൊട്ടിച്ചെറിയൂ ചങ്ങലകള്‍, സ്വതന്ത്രരാവാം നമുക്കെല്ലാം' എന്നായിരുന്നു മുദ്രാവാക്യം. ഏതു ചങ്ങലകള്‍, എങ്ങനെ പൊട്ടിച്ചെറിയണം എന്നതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളതിനാല്‍ അതൊക്കെ വേഗം കഴിഞ്ഞു. അങ്ങനെ സകലമാന ചങ്ങലകളും പൊട്ടിച്ചെറിഞ്ഞപ്പോള്‍ ഒരു മോഹം. എങ്ങനെയാണ് ചങ്ങലയില്‍ ബന്ധിതരായി കിടക്കുക? പഴയ തലമുറ അതൊക്കെ വേണ്ടുംവണ്ണം അറിഞ്ഞതിനാല്‍ പുതിയ തലമുറക്കാര്‍ക്ക് അതിനെപ്പറ്റി അത്ര ഗ്രാഹ്യമില്ല.

Join Nation With Namo

ഒരു ജനകീയ പാര്‍ട്ടിയില്‍ ചുമരെഴുതിയും പോസ്റ്ററൊട്ടിച്ചും കൊടിപിടിച്ചും നടക്കുമ്പോള്‍ ചങ്ങലയെക്കുറിച്ച് ബോധ്യമുണ്ടായില്ലെങ്കില്‍ പന്തികേടല്ലേ. ആയതിനാല്‍ നമുക്കിനി ചങ്ങലയെക്കുറിച്ച് ചിന്തിക്കാം എന്നായി. അങ്ങനെ ചിന്തിച്ചവാരെ 'മനുഷ്യച്ചങ്ങല' എന്നൊരു വിഖ്യാത നാമധേയം രൂപംകൊണ്ടു.

കണ്ണിചേര്‍ത്ത് കണ്ണിചേര്‍ത്ത് നാടുമുഴുവന്‍ ചങ്ങലയില്‍ ആവുമെന്നാണ് ധരിച്ചുവശായത്. അങ്ങനെ ആയിക്കഴിഞ്ഞാലേ നാം വിചാരിച്ച മാതിരിയാവൂ. 'ചാടിക്കളിക്കടാ കുഞ്ചിരാമ, ഓടിക്കളിക്കടാ കുഞ്ചിരാമാ' എന്നു പറയാനും അങ്ങനെ കളിക്കാനും ഈ ചങ്ങല വേണം. പിന്നത്തെ കാര്യങ്ങളൊക്കെ ശരേശരേന്നാവും. അങ്ങനെയാണ് കേരളത്തിന്റെ വിരിമാറിലൂടെ ജനങ്ങള്‍ കണ്ണിചേര്‍ന്ന് മനുഷ്യച്ചങ്ങല രൂപംകൊണ്ടത്.

കണ്ണിചേര്‍ക്കാനായി അന്ന് നടത്തിയ വീരശൂര പരാക്രമങ്ങളെക്കുറിച്ച് പാണന്മാര്‍ വഴിനീളെ ഉടുക്കുകൊട്ടി പറഞ്ഞു നടന്നിരുന്നെങ്കിലും ചേകവപ്പടയുടെ വര്‍ധിത വീര്യത്തിനു മുമ്പില്‍ എല്ലാം സ്വാഹ ആയെന്നാണ് കേട്ടത്. എന്നാലും മതേതര എഴുത്തുകാര്‍, മാനാഭിമാനമുള്ള കവികള്‍, സാഹിത്യകാരന്മാര്‍, നിരീക്ഷകര്‍ തുടങ്ങി ഒരുപാടു പേരെ ഒപ്പം നിര്‍ത്താനായി എന്നതത്രേ അതിന്റെ രാഷ്ട്രീയം.

കണ്ണി ചേര്‍ന്ന സാംസ്‌കാരിക-സാഹിത്യപുംഗവന്മാര്‍ക്കൊക്കെ പലതും കിട്ടിയതിനാല്‍ ചങ്ങലക്കണ്ണിയെക്കുറിച്ച് മഹാകാവ്യങ്ങളും സാഹിത്യ സ്ഖലിതങ്ങളുമായി ഒട്ടുവളരെ സംഗതികള്‍ ഉണ്ടായി. പൊട്ടിച്ചെറിഞ്ഞ ചങ്ങലകളുടെ ഹതാശമായ പ്രതീക്ഷകളുടെ കരളില്‍ കത്തിയിറക്കിയുള്ള ചങ്ങലപിടിത്തം ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഉണങ്ങാത്ത മുറിവായി കിടക്കുന്നുണ്ടെന്നാണ് പിന്നാമ്പുറ സംസാരം.

ഏതായാലും അടിതടകളില്‍ തളര്‍ന്ന് പക്ഷപാതം വരെ പിടിച്ചുകിടന്ന അണികളെ കൂട്ടിക്കൊണ്ടുപോയി സര്‍ക്കസ് നടത്താന്‍ കഴിഞ്ഞു എന്നതത്രെ അതിലെ പ്രധാനപ്പെട്ട വശം. ഉണര്‍വും ഊര്‍ജവും കിട്ടിയതോടെ സ്വതസ്സിദ്ധമായ കലാപരിപാടികള്‍ അരങ്ങേറുകയും ഒട്ടുവളരെ ഹതഭാഗ്യര്‍ കാണാമറയത്തേയ്ക്ക് പോവുകയും ചെയ്തു. കണ്ണിപൊട്ടിയ സ്ഥലങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കൊക്കെ പണി കിട്ടിയെന്നും കേട്ടു.

ഏതായാലും ചങ്ങല അത്ര നല്ല ഏര്‍പ്പാടല്ലെന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊങ്കാല വന്നത്. ആറ്റുകാല്‍ പൊങ്കാലയുടെ ജനകീയതയും സ്വീകാര്യതയും രാഷ്ട്രീയ പൊങ്കാലയിലേയ്ക്ക് സന്നിവേശിപ്പിക്കാനായിരുന്നു ശ്രമം. നാടൊട്ടുക്കും അടുപ്പുകൂട്ടി സമരമെന്ന ആഭാസത്തിന് അങ്ങനെ പൊങ്കാലയുടെ പേരു നല്‍കിയതോടെ പോളിറ്റ്ബ്യൂറോ മുതല്‍ ബ്രാഞ്ച്ബ്യൂറോ വരെ സജീവം.

വനിതകളെ പാര്‍ട്ടിയുടെ നേര്‍രേഖയിലേയ്ക്ക് കൊണ്ടുവരാനുള്ള മേപ്പടി ആഭാസത്തിന് തുടക്കമിടാന്‍ കാരണം തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാലയായിരുന്നുവത്രെ. അതിന്റെ സ്വീകാര്യത ഏറ്റെടുത്തുകൊണ്ട് ആ ചടങ്ങിനെ അപമാനിക്കുക എന്ന രാഷ്ട്രീയ നൃശംസതയും അതിനുള്ളിലുണ്ടായിരുന്നു. ദില്ലി വാഴും പെമ്പറന്നോര് തിര്വന്തോരത്ത് വന്ന വേളയില്‍ കണ്ട പൊങ്കാല അങ്ങനെ രാഷ്ട്രീയ മൂശയിലേക്ക് പടര്‍ന്നുകേറി.

വിജയവും പരാജയവും ഒരു രാഷ്ട്രീയ കക്ഷിയെ സംബന്ധിച്ച് സ്വാഭാവികമായതിനാല്‍ പാര്‍ട്ടിപ്പൊങ്കാല വന്‍ വിജയമായി പോളിറ്റ് ബ്യൂറോ മുതല്‍ സകല ബ്യൂറോയും ആവേശപ്പൊലിമയോടെ വരച്ചുകാട്ടി. ഇതഃപര്യന്തമുള്ള ഇമ്മാതിരി നാടകങ്ങളുടെ കഥയും തിരക്കഥയും രചിച്ച് പരിചയമുള്ള വിദ്വാന്മാരുടെ ഏറ്റവും പുതിയ നാടകമാണ് 'വനിതാമതില്‍'. സകല മതിലുകളും പൊളിച്ചുകൊണ്ട് ജനങ്ങള്‍ പുതിയ ഭുമിയും പുതിയ ആകാശവും കാണുന്ന വേളയിലാണ് സ്ത്രീകള്‍ തളച്ചിടപ്പെടേണ്ടവരാണ് എന്ന സന്ദേശവുമായി വനിതാമതില്‍ വരുന്നത്.

പുതുവര്‍ഷപ്പുലരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മതില്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ ആഭിമുഖ്യത്തിലായിരിക്കുമെന്നാണ് തമ്പ്രാക്കന്മാര്‍ അവകാശപ്പെടുന്നത്. മതിലുകെട്ടി മാറ്റി നിര്‍ത്തേണ്ട ഭ്രാന്തന്‍ അവസ്ഥകളെ പുനരാനയിക്കാനുള്ള ഈ ശ്രമത്തില്‍ തൊണ്ണൂറിലധികം സംഘടനകള്‍ സഹകരിക്കുന്നു എന്നാണ് പാര്‍ട്ടി അഭിമാനം കൊള്ളുന്നത്.

സുപ്രീം കോടതി വിധിയെ പൊക്കിപ്പിടിച്ചുകൊണ്ട് ശബരിമലയിലെ ആചാരങ്ങളെ പൂണ്ടടക്കം വെട്ടാനുള്ള ഇടതു സര്‍ക്കാരിന്റെ സകല ശ്രമങ്ങളെയും വിശ്വാസികള്‍ ഒന്നൊന്നായി തച്ചുതകര്‍ത്തതോടെയാണ് ഇനി മതിലുകെട്ടി പാര്‍ട്ടിരാഷ്ട്രീയം സംരക്ഷിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നത്. പണ്ട് മ്ലേച്ഛമായി അപമാനിച്ച് അകറ്റി നിര്‍ത്തിയിരുന്ന ചില സംഘടനകളെ സാമദാനഭേദ്യങ്ങളോടെ സഹകരിപ്പിക്കാന്‍ സാധിച്ചു എന്ന സംഗതി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു ഗുണവും ഉണ്ടായിട്ടില്ല.

സഹകരിക്കാന്‍ തീരുമാനിച്ചവര്‍ തന്നെ ഒന്നൊന്നായി പിന്മാറുകയാണ്. വനിതാ മതില്‍ പണിഞ്ഞ് ശബരിമല പ്രക്ഷോഭത്തെ തടഞ്ഞുനിര്‍ത്താമെന്ന വ്യാമോഹമാണ് എട്ടുനിലയില്‍ പൊട്ടാന്‍ പോവുന്നത്. ഭക്തജനങ്ങളോടും ആചാരവിധികള്‍ പിന്തുടരുന്ന ബന്ധപ്പെട്ടവരോടുമുള്ള ഈ വെല്ലുവിളിയെ നേരിടാന്‍ തക്കവണ്ണമുള്ള ആത്മധൈര്യം ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ നേടിക്കഴിഞ്ഞുവെന്ന് എന്നാണാവോ ഇവര്‍ മനസ്സിലാക്കുക.

വിദ്വേഷത്തിന്റെ വിഷലിപ്തമായ വാക്കും നോക്കുമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചുടലനൃത്തം നടത്തുമ്പോള്‍ എന്ത് സന്ദേശമാണ് വനിതാ മതില്‍ മുന്നോട്ടുവെക്കാന്‍ പോകുന്നത് എന്നറിയുന്നില്ല. മനുഷ്യച്ചങ്ങലയും തെരുവുപൊങ്കാലയും പോലെയുള്ള പൊറാട്ടു നാടകങ്ങളുടെ പരിസമാപ്തി തന്നെയാവില്ലേ ഇതിനും സംഭവിക്കുകയെന്ന് പ്രത്യേകം പറയാനുണ്ടോ? ചെര്‍പ്പുളശ്ശേരി വഴി ചാലക്കുടിയിലൂടെ തിരുവനന്തപുരം വരെ നീളുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പായി ഈ വനിതാമതില്‍ മാറിയിരുന്നെങ്കില്‍ സ്വാഭാവികമായും ജനസമൂഹം സര്‍വാത്മനാ സഹകരിക്കാന്‍ മുന്നിട്ടിറങ്ങുമായിരുന്നു.

പാര്‍ട്ടി ഓഫീസില്‍ പോലും വനിതകള്‍ക്ക് സംരക്ഷണം കൊടുക്കാനാവാത്ത പാര്‍ട്ടിയും ആ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും വനിതാമതില്‍ പണിഞ്ഞ് ആരെയാണ് സഹായിക്കുന്നത്? ആര്‍ക്കാണ് സര്‍വസ്വാതന്ത്ര്യത്തിനുമുള്ള എന്‍ഒസി നല്‍കുന്നത്? 'വിവരമുള്ള ഒരുത്തനുമില്ലേടേ നമ്മുടെ പാര്‍ട്ടിയില്‍' എന്നൊരു കഥാപാത്രം ചലച്ചിത്രത്തില്‍ ചോദിച്ചു പോവുന്നത് ഓര്‍മ വരുന്നുണ്ടെങ്കില്‍ വനിതാമതില്‍ ഒരു വിജയമായി കൂട്ടിക്കൊള്ളുക.

[email protected]

Read Original Article Here

Digital Signage

Leave a Reply