വിവേകാനന്ദന്റെ സ്വപ്നത്തിലെ ഭാരതത്തിലേയ്ക്ക്

Amazon Great Indian Sale

സ്വാമി വിവേകാനന്ദന്റെ വ്യക്തിത്വവും ജീവിതവും ഏത് കാലഘട്ടത്തിലും പ്രസക്തമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചും പരിവര്‍ത്തനങ്ങളെക്കുറിച്ചും ചിന്തിച്ച പല മഹാന്മാരും ചരിത്രത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ തന്റെ സാമൂഹിക അപഗ്രഥന രീതികൊണ്ടും പ്രശ്നപരിഹാര നിര്‍ദ്ദേശംകൊണ്ടും വ്യത്യസ്തമായ സമീപനം സ്വീകരിച്ചതാണ് സ്വാമി വിവേകാനന്ദനെ പ്രസക്തനാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിനെ ഏറെ സ്വാധീനിച്ച മാര്‍ക്സ്, എംഗല്‍സ്, ബെര്‍ഗ്സണ്‍, ജോണ്‍ ഡ്യുയി തുടങ്ങിയ സാമൂഹ്യചിന്തകരുടെ ചിന്തയുടെ അടിസ്ഥാനം രാഷ്ട്രീയ പരിവര്‍ത്തനത്തിന് വേണ്ടി ഭരണമാറ്റം എന്നതായിരുന്നു. സ്വാമിജിയാകട്ടെ വ്യക്തിയിലാണ് ഊന്നല്‍ കേന്ദ്രീകരിച്ചത്. വ്യക്തി നിര്‍മ്മാണം എന്ന് അദ്ദേഹം അതിന് പേര് നല്‍കി. ഉപാധിയായി വിദ്യാഭ്യാസത്തെയാണ് കണ്ടത്.

Amazon Great Indian Sale

തന്റെ പ്രായോഗിക വേദാന്ത ചിന്ത നടപ്പാക്കേണ്ടത് ഭാരതത്തില്‍ ആണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. രാഷ്ട്രീയമാറ്റത്തിന് ഉപരി ഒരു വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ ഉള്ള വ്യക്തി നിര്‍മാണത്തിലാണ് സ്വാമിജി തന്റെ പ്രസംഗത്തില്‍ മുഴുവന്‍ അവതരിപ്പിച്ചത്. ഭാരതത്തിന്റെ പരിവര്‍ത്തനത്തിന് അവശ്യമായ രാഷ്ട്രീയസ്വാതന്ത്ര്യം നേടാനുള്ള ഏകമാര്‍ഗമായി അദ്ദേഹം പറഞ്ഞത്, തുടര്‍ന്നുള്ള അമ്പത് വര്‍ഷം ഭാരത മാതാവിനെ മാത്രം ഉപാസിക്കുക എന്നതാണ്. അത്തരത്തിലുള്ള ഒരു സമൂഹരചനയിലൂടെ 50 വര്‍ഷം കൊണ്ട് ഭാരതത്തിന് സ്വാതന്ത്ര്യം സാധ്യമാകുമെന്ന സ്വാമിജിയുടെ ദീര്‍ഘവീക്ഷണം എത്രത്തോളം വസ്തുനിഷ്ഠവും യുക്തിഭദ്രവുമായിരുന്നെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരമുള്ള നമ്മുടെ നാടിന്റെ വികസനത്തെക്കുറിച്ച് സ്വാമിജി മുന്നോട്ടുവെച്ച ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ നാം വേണ്ടത്ര വിജയിച്ചിട്ടില്ല. അതിന് പ്രധാനകാരണം വിദ്യാഭ്യാസ രംഗത്ത് ഭാരതീയമായ തത്വചിന്തകളെ സ്വീകരിക്കാനും അതിനെ പ്രായോഗികവല്‍ക്കരിക്കാനും വിമുഖത കാട്ടിയതാണ്.

ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവും ആയ വികാസത്തെ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. പ്രായോഗികതലത്തില്‍ സ്വഭാവരൂപീകരണത്തിനും സ്വാവലംബനത്തിനും ഊന്നല്‍ നല്‍കി. ത്യാഗവും സേവനവും രാഷ്ട്രഭക്തിയുമായിരുന്നു ആത്മീയ വികാസത്തിന്റെ അളവുകോല്‍. സ്ത്രീകളുടേയും സര്‍വ്വസാധാരണക്കരുടേയും ഉന്നമനത്തിനായുള്ള വിദ്യാഭ്യാസത്തിന്റെ ഉറച്ച വക്താവായി. സംസ്‌കാരത്തില്‍ അടിയുറച്ചതും വികസനത്തിന് ആക്കം കൂട്ടുന്നതുമായിരിക്കണം വിദ്യാഭ്യാസമെന്ന് ഉദ്ബോധിപ്പിച്ചു. ഭാരതത്തിന്റെ മഹത്വമാര്‍ന്ന ചരിത്രവും സംസ്‌കൃത ഭാഷയും നമ്മുടെ ശാസ്ത്ര സംഭാവനകളും പഠിക്കുന്നതോടൊപ്പം യൂറോപ്പിന്റെ ഭാഷയും ശാസ്ത്രവും സമന്വയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ അത് അനുകരണമായി പോകരുതെന്ന് മുന്നറിയിപ്പു നല്‍കി. ശാസ്ത്രവും, സാങ്കേതിക വിദ്യയും, ദര്‍ശനങ്ങളും ജനങ്ങളുടെ ഭാഷയില്‍ വിതരണം എന്ന് ആഹ്വാനം ചെയ്തു. ഇങ്ങനെയുള്ള വിദ്യാഭ്യാസം നടപ്പാക്കാന്‍ യോഗ്യരായ അധ്യാപകരെക്കുറിച്ച് കുലങ്കഷമായി ചിന്തിച്ചു. ആര്‍ക്കും ആരേയും പഠിപ്പിക്കാന്‍ കഴിയില്ലെന്നും കുട്ടികള്‍ അറിവ് നിറച്ച് അടപ്പിട്ട് മുറുക്കേണ്ട കാലിക്കുപ്പികള്‍ അല്ലെന്നും ഓര്‍മ്മിപ്പിച്ചു. ഇന്ന് നമ്മള്‍ അത് ഏറ്റ് പറയുമ്പോള്‍ സ്വാമിജിയേ സ്മരിക്കുന്നുണ്ടോ?

വിദ്യാര്‍ത്ഥിയുടെ തലത്തിലേക്ക് ഇറങ്ങി വന്ന് അവന്റെ ഭാഷയില്‍ സംസാരിക്കുകയും അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ അധ്യാപകനെന്ന് അധ്യാപരോട് പറഞ്ഞു. ഒരുപാട് അറിവുകള്‍ ഉള്ളിലേക്ക് കുത്തിനിറച്ച്, അത് അവിടെ അജീര്‍ണ്ണമായി കിടക്കുന്നതല്ല വിദ്യാഭ്യാസമെന്ന് പറയുമ്പോള്‍ ഇന്നത്തെ അടി(കെജി) മുതല്‍ മുടി(പിജി) വരെയുള്ള പരീക്ഷ സമ്പ്രദായത്തെയാണ് സ്വാമിജി വിമര്‍ശിച്ചത്. കരിക്കട്ടയെ ഊതി തെളിച്ച് കനല്‍ കട്ടയാക്കലാണ് അധ്യാപകന്റെ കര്‍ത്തവ്യമെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍ ഇന്ന് നാം പറയുന്ന 'ഫെസിലിറേറ്റും', 'മെന്ററും, 'കൗണ്‍സിലിംഗും' തുടങ്ങി എല്ലാ ആശയങ്ങളും അതില്‍ പെടുന്നു. സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ചും വിദ്യാലയ തലത്തില്‍ തനതായ ആശയങ്ങളും പദ്ധതികളും നൈരന്തര്യത്തോടെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും വിദ്യാഭ്യാസരംഗത്ത് സേവന മനോഭാവത്തോടെയുള്ള സ്വകാര്യ- സാമൂഹ്യ സംരംഭങ്ങള്‍ ഭാരതീയ വിദ്യാഭ്യാസ ചിന്തയെ ആധുനിക വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കുന്നതില്‍ ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണ മിഷന്‍, അമൃതാനന്ദമയീ മിഷന്‍, വിദ്യാഭാരതി, ദയാനന്ദ വേദിക് സ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍ തുടങ്ങിയ ആധ്യാത്മിക വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃത സ്വഭാവമോ പദ്ധതിയോ ഇല്ലെങ്കില്‍ തന്നെയും സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ ചിന്തകള്‍ പ്രായോഗികതലത്തില്‍ സ്വാധീനിക്കുന്നത് എല്ലായിടത്തും കാണാന്‍ സാധിക്കും. കഴിഞ്ഞ ഏപ്രില്‍ മാസം 6,7,8 തീയതികളില്‍ ദില്ലിയിലെ ഗാന്ധിസ്മൃതിയില്‍ നടന്ന ഇത്തരം പ്രയോഗങ്ങളുടെയും അനുഭവങ്ങളുടെയും സംഗമം വിദ്യാഭ്യാസരംഗത്തെ ആശാവഹമായ മുഖത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. വിദ്യാലയങ്ങളിലൂടെ സ്വായത്തമാക്കുന്ന മൂന്നോ നാലോ ആശയങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരിക, അത് വിജയിപ്പിച്ചെടുക്കുക, അതിലൂടെ വ്യക്തിയിലും സമാജത്തിലും പരിവര്‍ത്തനം നടത്തുകയെന്ന സ്വാമിജിയുടെ ആശയത്തെയാണ് ഇവിടെ വിജയകരമായി പ്രയോഗിച്ചിരിക്കുന്നത്.

ഊര്‍ജ്ജ സംരക്ഷണത്തിന് പ്രാധാന്യം തിരിച്ചറിഞ്ഞ് കുട്ടികളുടെ ജീവിതശൈലിയില്‍ വരുത്തിയ മാറ്റത്തിലൂടെ ഒരു ഗ്രാമത്തിലെ വൈദ്യുതി ഉപഭോഗം 40% കുറച്ചത് പ്രത്യക്ഷ അനുഭവമാണ്. അത് ഏത് വിദ്യാലയത്തിനും സ്വീകരിക്കാവുന്ന മാതൃകയുമാണ്. ഒരു ഒറ്റദിനവിപ്ലവം ആയിരുന്നില്ല ഇത്. മൂന്ന് നാല് വര്‍ഷത്തെ നിരന്തര പരിശ്രമവും വിലയിരുത്തലും ബോധവല്‍ക്കരണവും അവര്‍ ശാസ്ത്രീയമായി നടത്തിയിട്ടുണ്ട്. ആദ്യം സ്വന്തം വീട്ടിലെ വൈദ്യുത ബില്ല് എല്ലാ പ്രാവശ്യവും കുട്ടികള്‍ വിദ്യാലയത്തില്‍ കൊണ്ടുവരികയും, അവിടെ രൂപീകരിച്ച വിദ്യാര്‍ത്ഥികളുടെ തന്നെ മേല്‍നോട്ട സമിതി പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ ക്ലാസ്സ് അടിസ്ഥാനത്തിലും വിദ്യാലയ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിച്ചു തുടങ്ങി. പദ്ധതി അയല്‍പക്കത്തിലേക്കും ഗ്രാമത്തിലേക്കും വ്യാപിച്ചു.

പഞ്ചാബിലെ തല്‍വാഡ ജില്ലയിലാണ് വ്യത്യസ്തമായ ഈ സര്‍ക്കാറിതര പദ്ധതി നടപ്പാക്കിയത്. ഭാരതത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് പല വിദ്യാലയങ്ങളും ഈ മാതൃക സ്വീകരിച്ചു നടപ്പാക്കി വരുന്നു. മധ്യപ്രദേശിലെ ജാബുവാ ജില്ലയിലെ ശാരദ വിദ്യാപീഠം എന്ന വിദ്യാലയം മൂന്നു വര്‍ഷം കൊണ്ട് ഒരു മൊട്ടക്കുന്നു മുഴുവന്‍ ഹരിതാഭമാക്കി. 13,000 വൃക്ഷങ്ങളാണ് അവര്‍ വെച്ചുപിടിപ്പിച്ചത്. ഇന്ന് കുട്ടികള്‍ മാത്രമല്ല ഗ്രാമീണരും ജില്ലാ ഭരണകൂടവും ഇത് ഏറ്റെടുത്തിരിക്കുകയാണ്. നിരീക്ഷകന്‍ ഇല്ലാത്ത പരീക്ഷ ഇന്ന് ഒരുപക്ഷേ അചിന്ത്യമാണ്. ബോര്‍ഡ് പരീക്ഷകളിലും പ്രവേശന പരീക്ഷകളിലും മാത്രമല്ല കോപ്പിയടിയും മറ്റ് തിരിമറികളും നടക്കുന്നത്. ഒന്നാം ക്ലാസിലെക്കും എല്‍കെജി-യുകെജി ക്ലാസുകളിലേക്കും ഉള്ള പ്രവേശനത്തിനും ഇതെല്ലാം വ്യാപകമാണ്.

ഐഎഎസ് കാരും ഐപിഎസുകാരും മാത്രമല്ല ഉന്നതരായ പല പ്രമുഖരും ഈ കണ്ണികളില്‍ പങ്കാളികളാണ്. സത്യസന്ധതയ്ക്കു ജീവനെക്കാള്‍ വിലമതിച്ച ഹരിചന്ദ്രന്റേയും ശിബി മഹാരാജാവിന്റെയും കഥകളില്‍ തുടങ്ങി മഹാത്മജിയുടെ സത്യാന്വേഷണ പരീക്ഷകള്‍ വരെ കുട്ടികളെ പഠിപ്പിക്കുന്ന ഭാരതത്തില്‍, കുട്ടികള്‍ സത്യസന്ധത സ്വജീവിതത്തില്‍ പകര്‍ത്തി പരീക്ഷാഹാളില്‍ ഇത്ര ലളിതമായി അവതരിപ്പിക്കുന്ന മാതൃക ഏതു വിദ്യാലയത്തിലാണ് പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിയാതിരിക്കുക. അന്വേഷണത്തില്‍ ഇതിന് വലിയ തയ്യാറെടുപ്പുകളും പരിപാടികളും നടത്തേണ്ടതായി വന്നു. ആത്മനിരീക്ഷണം പോലെ വലിയ ഒരു മൂല്യനിര്‍ണയം വേറെയുണ്ടോ. അഴിമതി വാഴുന്ന സോപാനങ്ങളില്‍ അഗ്നിയായി പടരുക ചാരിത്രശുദ്ധി അല്ലേ. ഇന്‍ഡോറിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനും ആന്ധ്രയിലെ നെല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ സര്‍ക്കാരിന് കീഴിലുള്ള എല്‍പി സ്‌കൂളിനും ശുചിത്വം എന്ന ഒറ്റ ആശയം കൊണ്ട് ഉണ്ടാക്കാന്‍ പറ്റിയ പരിവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ തന്നെ പ്രശംസ നേടിക്കഴിഞ്ഞു. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ നല്‍കുന്ന സമര്‍പ്പണ നിധി കൊണ്ട് വനവാസി – പിന്നാക്ക ചേരിപ്രദേശങ്ങളില്‍ വിദ്യാഭ്യാസ സഹായം എത്തിക്കുന്ന പദ്ധതി കേരളത്തിലെ ചില വിദ്യാലയങ്ങള്‍അടക്കും പലസ്ഥലങ്ങളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിനൊന്നും വേണ്ടത്ര വാര്‍ത്താ പ്രാധാന്യമോ അംഗീകാരമോ കിട്ടുന്നില്ല. കിടമത്സരങ്ങളുടേയും വിദ്യാര്‍ത്ഥി പീഡനങ്ങളുടെയും ബീഭല്‍സമായ അന്തരീക്ഷത്തില്‍ ഇത്തരം പ്രയോഗങ്ങളും പരിപാടികളും വിദ്യാഭ്യാസരംഗത്ത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. ഇവര്‍ക്ക് ഒരുമിച്ച് വരാനുള്ള അവസരങ്ങളാണ് ഉണ്ടാവേണ്ടത്. കലാമേലകളും കായികമേളകളും ശാസ്ത്രമേളകളും എല്ലാം വിദ്യാര്‍ത്ഥികളിലെ കഴിവിനെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും സാമൂഹ്യമാറ്റത്തിന് വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികളും പങ്കുവക്കാനും മേളകള്‍ വേണം. മത്സരാധിഷ്ഠിതമായ ഒരു വേദിക്കപ്പുറം അറിയാനും അറിയിക്കാനും. അങ്ങിനെ ഒരുമിക്കാന്‍ തുടങ്ങുമ്പോള്‍ വിദ്യാഭ്യാസരംഗത്തെ സജ്ജന സംരംഭങ്ങളുടെ ഒരു വിശാല സമാജത്തെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ആ ഒരുമിച്ച് ചേരല്‍ വലിയ ശക്തിയായി രൂപാന്തരപ്പെടും. വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനത്തിന് ഒരു ബദല്‍ സൃഷ്ടിക്കാന്‍ സാധിക്കും. ആയിരം പ്രാവശ്യം നമ്മുടെ വിദ്യാഭ്യാസത്തെയും നമ്മുടെ മഹിതമായ പാരമ്പര്യത്തെയും തകര്‍ത്ത മൊക്കാളയെ കുറിച്ച് വിലപിക്കുന്നതിനേക്കാള്‍ എത്രയോ ഭാവാത്മകവും പരിവര്‍ത്തനോന്മുഖമായിരിക്കും പ്രശ്നപരിഹാരങ്ങളുടെ വിജയഗാഥകള്‍ വിളിച്ചുപറയുന്നത്. അതാണ് സ്വാമി വിവേകാനന്ദന്റെ നവഭാരത രചനയുടെ ബീജമന്ത്രവും. ജനത ഉണര്‍ന്നുദ്ദീപ്മാകുന്നതുവരെ നിരന്തരം പ്രയത്നിക്കാനുള്ള ദിശയും പ്രചോദനങ്ങളും സ്വാമി വിവേകാനന്ദന്റെ ജീവിതത്തില്‍ നിന്നും ഉദ്ബോധനങ്ങളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് മുന്നേറാം.

(ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ

ദക്ഷിണ ഭാരത സംയോജകനും

കേന്ദ്ര മാനവശേഷി വകുപ്പിന് കീഴിലെ

വിദ്യാഭ്യാസ മേല്‍നോട്ട സമിതി

അംഗവുമാണ് ലേഖകന്‍)

Read Original Article Here

Amazon Great Indian Sale

Leave a Reply