ശാസ്ത്രവും ആദ്ധ്യാത്മികതയും

Amazon Great Indian Sale

മക്കളേ,

Amazon Great Indian Sale

അറിവു നേടാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജസ്വഭാവമാണ്. അതിനുള്ള ശ്രമം രണ്ട് പ്രധാന മാര്‍ഗ്ഗങ്ങളിലൂടെയാണ് പുരോഗമിച്ചത്. ഒന്ന് ശാസ്ത്രത്തിന്റെ മാര്‍ഗ്ഗവും രണ്ട് ആദ്ധ്യാത്മികതയുടെ മാര്‍ഗ്ഗവും. പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടുപിടിക്കാനും മനുഷ്യജീവിതം കൂടുതല്‍ സുഖകരമാക്കാനും വേണ്ടിയുള്ള ബഹിര്‍മുഖമായ അന്വേഷണമാണ് സയന്‍സ്. എന്നാല്‍ സ്വന്തം ഉണ്മയെകണ്ടെത്താനും ദുഃഖങ്ങളില്‍ നിന്നു മോചനം നേടാനുംവേണ്ടിയുള്ള അന്തര്‍മുഖമായ അന്വേഷണമാണ് ആദ്ധ്യാത്മികത.

പരീക്ഷണനിരീക്ഷണങ്ങളുടെയും യുക്തിചിന്തയുടെയും മാര്‍ഗ്ഗമാണ് സയന്‍സ്. അന്തര്‍മുഖമായ ധ്യാനത്തിന്റെയും ആത്മവിചാരത്തിന്റെയും മാര്‍ഗമാണ് ആദ്ധ്യാത്മികതയുടേത്. അന്തര്‍മുഖമായി അന്വേഷിച്ച ഋഷിമാര്‍ ആത്യന്തികമായ സത്യത്തെ കണ്ടെത്തുകയും അതോടെ അവരുടെ അന്വേഷണം പൂര്‍ണ്ണമാവുകയും ചെയ്തു. തന്റെ ഉണ്മയും പ്രപഞ്ചത്തിന്റെ ഉണ്മയും അടിസ്ഥാനപരമായി ഒന്നു തന്നെ എന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ശാശ്വതമായ ശാന്തിയും സമാധാനവും പൂ

ര്‍ണ്ണ സംതൃപ്തിയും ആദ്ധ്യാത്മിക അന്വേഷണം നടത്തിയ ഋഷിമാര്‍ക്കു നേടാന്‍ കഴിഞ്ഞു. ആ മാര്‍ഗത്തില്‍ പുരോഗമിക്കാനുള്ള അറിവ് അവര്‍ ലോകത്തിനു പകര്‍ന്നു നല്‍കുകയും ചെയ്തു. എന്നാല്‍ പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടുപിടിക്കാനുള്ള സയന്‍സിന്റെ ബഹിര്‍മുഖമായ അന്വേഷണം നൂറ്റാണ്ടുകളായി അവസാനമില്ലാതെ തുടരുകയാണ്.

മനുഷ്യജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കാനും സുഖകരമാക്കാനും സയന്‍സിനു തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ ദുഃഖങ്ങള്‍ തീര്‍ക്കാനോ മാനസികസംഘര്‍ങ്ങള്‍ അവസാനിപ്പിക്കാനോ സയന്‍സിനു കഴിഞ്ഞിട്ടില്ല. സയന്‍സ് തന്നില്‍നിന്നും വ്യത്യസ്തമായ ഒരു വസ്തുവായാണ് പ്രപഞ്ചത്തെ കാണുന്നത്. ഇവിടെ ഒരു ചോദ്യമുണ്ട,് ഈ പ്രപഞ്ചത്തെ നാം എങ്ങനെയാണ് അറിയുന്നത്? നമ്മുടെ ഇന്ദ്രിയങ്ങളിലൂടെയും മനസ്സിലൂടെയും നമ്മുടെ ബുദ്ധിയിലൂടെയുമാണല്ലോ.

നമ്മുടെ ഇന്ദ്രിയങ്ങളില്‍നിന്നും മനസ്സില്‍നിന്നും ബുദ്ധിയില്‍നിന്നും സ്വതന്ത്രമായ ഏതെങ്കിലും ഒരു വസ്തുവിനെക്കുറിച്ചുള്ള അറിവു നേടുവാന്‍ നമുക്ക് ഒരിക്കലും സാദ്ധ്യമല്ല. അങ്ങനെയാണെങ്കില്‍ ഈ പ്രപഞ്ചം നമ്മളില്‍നിന്നും വ്യത്യസ്തമായ ഒരു വസ്തുവാണെന്ന് നമുക്ക് എങ്ങനെ പറയാന്‍ കഴിയും?

ഒരു ഉറുമ്പ് ആനയെ കാണുന്നത് മനുഷ്യന്‍ ആനയെ കാണുന്നതുപോലെയായിരിക്കില്ല. ഉറുമ്പിന്റെ കാഴ്ച്ചശക്തി നമ്മുടെ കാഴ്ചശക്തിയില്‍നിന്ന് വ്യത്യസ്തമാണ്. ആനയുടെ പൂര്‍ണ്ണമായരൂപം ഒരിക്കലും ഉറുമ്പിനു മനസ്സിലാക്കാന്‍ കഴിയില്ല. അതുപോലെ ഒരു പാറ്റ ആനയെ കാണുന്നത് മറ്റൊരു രീതിയിലായിരിക്കും. അങ്ങനെ ചിന്തിച്ചാല്‍ മനസ്സിലാകും ഓരോ ജീവിയും കാണുന്ന ഈ പ്രപഞ്ചത്തിന്റെ ചിത്രം അവയുടെ മനസ്സിനെയും ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും ആശ്രയിച്ചുള്ളതാണ്. അത് ശരിയായ ചിത്രമല്ല.

നമ്മുടെ ചുറ്റുമുള്ള പ്രപഞ്ചത്തെ നാം ഒന്നു നിരീക്ഷിക്കുക. ഇവിടെ എല്ലാം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഒരു വിത്ത് മണ്ണിനടിയില്‍ പോകുന്നു. അതു മുളപൊട്ടി ചെടിയായും പിന്നീട് വൃക്ഷമായും വളരുന്നു. ഒടുവില്‍ ആ വൃക്ഷവും നശിച്ച് മണ്ണായിത്തീരുന്നു. ഐസ് വെള്ളമാകുന്നു, പിന്നെ നീരാവിയാകുന്നു, വീണ്ടും അത് വെള്ളമാകുന്നു. മണ്ണുകൊണ്ട് നാം കുടമുണ്ടാക്കുന്നു. വീണ്ടും ആ കുടം നശിച്ച് മണ്ണാകുന്നു. ഇവിടെ വാസ്തവത്തില്‍ നശിക്കുന്നത് എന്താണ് എന്നു ചിന്തിക്കുമ്പോള്‍ ഗുണങ്ങള്‍ മാറിമാറി വരുന്നു എന്നു വ്യക്തമാകും.

അപ്പോള്‍ അവിടെ മാറാതിരിക്കുന്നത് എന്താണോ അതാണ് യഥാര്‍ത്ഥ വസ്തു. നമ്മള്‍ സാധാരണയായി ഒരു വസ്തു എന്നു വിളിക്കുന്നത് ഗുണങ്ങളുടെ ഒരു പ്രത്യേക തരത്തിലുള്ള ചേര്‍ച്ചയെയാണ്. ആ ഗുണങ്ങളാണ് മാറുന്നത്. അല്ലാതെ വസ്തു ഒരിക്കലും മാറുന്നില്ല. എല്ലാം മാറുമ്പോള്‍ മാറാതിരിക്കുന്ന വസ്തു ആ മാറ്റത്തിനെല്ലാം ആധാരമായിരിക്കുന്ന നിര്‍ഗുണമായ സത്തയാണ്. ഇതാണ് സനാതനധര്‍മ്മത്തിന്റെ കാഴ്ചപ്പാട്.

സയന്‍സിന്റെ കണ്ടുപിടുത്തങ്ങളും നിഗമനങ്ങളും അതിന്റെ ഇപ്പോഴത്തെ പരിമിതമായ അറിവിനെ ആശ്രയിച്ചുള്ളതാണ്. അതിനാല്‍ ഇന്നത്തെ നിഗമനങ്ങള്‍ തെറ്റാണെന്നു നാളെ തിരിച്ചറിഞ്ഞേയ്ക്കാം. ഇന്നു പുതുതായി ഒരു മരുന്നു കണ്ടുപിടിച്ചു. കുറച്ചു നാള്‍ കഴിയുമ്പോള്‍ ആ മരുന്നിന് ഇന്ന ദൂഷ്യഫലങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുന്നു. കൊളസ്‌ട്രോളിന്റെ മരുന്നു ദീര്‍ഘകാലം കഴിക്കുമ്പോള്‍ അതു കരളിനു ദോഷം ചെയ്യാം. പ്രഷറിന്റെ മരുന്ന് കിഡ്‌നിയെ ബാധിക്കാം. അലര്‍ജിയ്ക്കുള്ള മരുന്നു കഴിച്ചാല്‍ ശ്വാസകോശത്തിന് അസുഖം വന്നേക്കാം. അങ്ങനെ മുന്‍പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന പല മരുന്നുകളും ഇന്ന് നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഈ വിധം സയന്‍സിന്റെ ചരിത്രം പിഴവുകളുടെയും തിരുത്തലുകളുടെയും അവസാനിക്കാത്ത തുടര്‍ക്കഥയാണ്. സയന്‍സ് അറിഞ്ഞുകഴിഞ്ഞത് ഒരു തുള്ളിയാണെങ്കില്‍ അറിയാന്‍ ബാക്കിയുള്ളത് ഒരു സമുദ്രമാണ്. ചുരുക്കത്തില്‍ ഭൗതിക ശാസ്ത്രത്തിന്റെ മാര്‍ഗ്ഗം അവസാനിക്കാത്ത അന്വേഷണത്തിന്റെ മാര്‍ഗ്ഗമാണ്. അല്ലാതെ ആത്യന്തികമായ വിജയത്തിന്റേതല്ല. അത് അന്തിമ വിജയമില്ലാത്ത യുദ്ധം പോലെയാണ്. ജഡ്ജില്ലാതെ രണ്ട് വക്കീലന്മാര്‍ തമ്മില്‍ വാദിക്കുന്നതുപോലെയാണത്. അവരുടെ വാദം ഒരിക്കലും അവസാനിക്കുകയില്ല.

ഇങ്ങനെ പറഞ്ഞതുകൊണ്ട് സയന്‍സ് ആവശ്യമില്ലാത്തതാണെന്ന് അര്‍ത്ഥമില്ല. തീര്‍ച്ചയായും സയന്‍സ് മനുഷ്യന് ആവശ്യമുണ്ട്. എത്രയോ രോഗങ്ങള്‍ക്ക് അതു ശമനം ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യന്റെ എത്രയോ പ്രശ്‌നങ്ങള്‍ സയന്‍സ് പരിഹരിച്ചിട്ടുണ്ട്. സയന്‍സിനു പകരം നില്‍ക്കാന്‍ ആദ്ധ്യാത്മികതയ്ക്കു സാധിക്കില്ല. അതുപോലെ ആദ്ധ്യാത്മികതയ്ക്കു പകരം നില്‍ക്കാന്‍ സയന്‍സിനും സാധിക്കില്ല. മനുഷ്യരാശിക്കു രണ്ടിന്റെയും ആവശ്യമുണ്ട്. മനുഷ്യന്റെ മദമാത്സര്യങ്ങളും പരസ്പരമുള്ള ദ്രോഹബുദ്ധിയും ഇല്ലാതാക്കണമെങ്കില്‍ അത് സയന്‍സിനു സാദ്ധ്യമല്ല, ആദ്ധ്യാത്മിക ജ്ഞാനത്തിലൂടെയേ അതു സാധ്യമാകുകയുള്ളൂ. സയന്‍സ് എത്ര പുരോഗമിച്ചാലും ആദ്ധ്യാത്മികതയുടെ പ്രസക്തി ഒട്ടും കുറയുകയില്ല, അതുപോലെ തിരിച്ചും.

Read Original Article Here

Amazon Great Indian Sale

Leave a Reply