സാഹ – പ്രതിഭയുടെ മേഘനാദം

Amazon Great Indian Sale

'ആധുനിക നക്ഷത്രഭൗതികത്തിന് ജന്മം നല്‍കിയ' മേഘനാദ് സാഹയുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്‍ഷികമാണ് 2018. മികച്ച ശാസ്ത്രജ്ഞന് എങ്ങനെ ജനപക്ഷത്ത് ശക്തമായി നിലയുറപ്പിക്കാം എന്ന് സ്വജീവിതം കൊണ്ട് സാഹ കാട്ടിത്തുന്നു

Amazon Great Indian Sale
മേഘനാദ് സാഹ. ചിത്രം കടപ്പാട്: Saha Institute
of Nuclear Physics, Kolkata

പേമാരിയും ഇടിമുഴക്കവും നിറഞ്ഞ രാത്രിയിലായിരുന്നു ജനനം. അതിനാല്‍, മുത്തശ്ശി അവന് 'മേഘനാദ്' എന്ന് പേരിട്ടു-മേഘനാദ് സാഹ. ഭാവിയില്‍ ശാസ്ത്രരംഗത്ത് അവന്‍ പ്രതിഭയുടെ മേഘനാദമായി മുഴങ്ങുമെന്ന്, ദാരിദ്ര്യം പിടിച്ച ആ ബംഗാളി ഗ്രാമത്തില്‍ ഒരാളും കരുതിയില്ല. സംഭവിച്ചത് പക്ഷേ, അങ്ങനെയാണ്.

ആധുനിക ഇന്ത്യ ജന്മം നല്‍കിയ ശാസ്ത്രജ്ഞരില്‍ മുന്‍നിരയില്‍ കാലം അവന് സ്ഥാനം കരുതിവെച്ചു. പ്രസിദ്ധമായ 'താപഅയണീകരണ സമവാക്യ'ത്തിലൂടെ ആധുനിക നക്ഷത്രഭൗതികത്തിന്റെ ശിരോലിഖിതം സാഹ മാറ്റിയെഴുതി. നക്ഷത്രങ്ങളുടെ രാസരഹസ്യങ്ങള്‍ അതോടെ രഹസ്യമല്ലാതായി! മൂന്നര പതിറ്റാണ്ടു നീണ്ട ഗവേഷണജീവിതം, 87 ശാസ്ത്രപ്രബന്ധങ്ങള്‍. സ്‌പെക്ട്രോസ്‌കോപ്പി, ന്യൂക്ലിയര്‍ ഫിസിക്‌സ്, അയണോസ്ഫിയര്‍, മൗലികകണങ്ങള്‍, കോസ്മിക് കിരണങ്ങള്‍ തുടങ്ങിയ മേഖലകളിലും സാഹ ഗവേഷണമികവ് തെളിയിച്ചു.

ശാസ്ത്രഗവേഷണത്തിന് എത്ര വലിയ സമര്‍പ്പണമാണോ നടത്തിയത്, അത്ര തന്നെ അത്മാര്‍ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും ജീവിതത്തിന്റെ അവസാന നിമിഷം വരെ സാമൂഹികപ്രശ്‌നങ്ങളിലും സാഹ ഇടപെട്ടു. രാജ്യത്താദ്യമായി ആണവശാസ്ത്രം പാഠനവിഷയമായി ഉള്‍പ്പെടുത്തിയ അധ്യാപകന്‍ സാഹയാണ്. ബംഗ്ലാദേശ് അഭയാര്‍ഥികളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ സാഹ നടത്തിയ ഇടപെടല്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചു. പ്രളയക്കെടുതി ഒഴിവാക്കാന്‍ നദീതടപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതിനെപ്പറ്റി ഇന്ത്യയില്‍ ആദ്യമായി ഗൗരവത്തോടെ ചിന്തിച്ചതും സാഹയായിരുന്നു. 1953-ല്‍ കലണ്ടര്‍ നവീകരണത്തിന് സി.എസ്.ഐ.ആര്‍. ചുമതലപ്പെടുത്തിയ കമ്മറ്റിയുടെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. ദന്തഗോപുരവാസിയാകാതെ ശാസ്ത്രജ്ഞന് എങ്ങനെ ജനപക്ഷത്ത് നിലയുറപ്പിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന സാഹയുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്‍ഷികമാണ് 2018.

കിഴക്കന്‍ ബംഗാളിലെ ധാക്ക ജില്ലയില്‍ സിയോരാട്ടലി ഗ്രാമത്തില്‍ ജഗന്നാഥ് സാഹയുടെയും ഭുവനേശ്വരി ദേവിയുടെയും എട്ടു മക്കളില്‍ അഞ്ചാമതായി 1893 ഒക്ടോബര്‍ ആറിന് സാഹ ജനിച്ചു. ബന്‍സായി നദിക്കരയിലെ ആ ഗ്രാമം മണ്‍സൂണ്‍ മാസങ്ങളില്‍ വെള്ളം കയറി മുങ്ങുമായിരുന്നു. വീടുകളിലെത്താന്‍ വള്ളം വേണ്ടിയിരുന്നു. പലചരക്കു സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുനടന്നു വിറ്റ് കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെട്ടയാളായിരുന്നു ജഗന്നാഥ്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്നത് അദ്ദേഹത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന സംഗതിയല്ല.

ഏഴാംവയസില്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ ചേര്‍ന്ന സാഹ പഠനകാര്യത്തില്‍ അധ്യാപകരെ അമ്പരപ്പിച്ചു. അവന്റെ തുടര്‍പഠനത്തിന് അധ്യാപകര്‍ സമ്മര്‍ദ്ദം ചെലുത്തി. മൂത്ത ജേഷ്ഠന്‍ ജയ്‌നാഥ് തുണയ്‌ക്കെത്തി. ഒരു ചണമില്ലില്‍ 20 രൂപ മാസശമ്പളത്തില്‍ ജോലിചെയ്തിരുന്ന ജയ്‌നാഥ്, പത്തുകിലോമീറ്റര്‍ അകലെ സിമുലിയ ഗ്രാമത്തിലെ ഇംഗ്ലീഷ് മിഡില്‍സ്‌കൂളില്‍ സാഹയെ അയച്ചു. ഭിഷഗ്വരനായ ആനന്ദ്കുമാറിന്റെ വീട്ടില്‍ താമസിച്ച് സ്‌കൂളില്‍ പോകാനും സൗകര്യമുണ്ടാക്കി. ഗണിതവും ചരിത്രവുമായിരുന്നു സാഹയുടെ ഇഷ്ടവിഷയങ്ങള്‍.

Meghnad Saha home
സിയോരാട്ടലിയില്‍ സാഹ പിറന്ന വീട്. ചിത്രം കടപ്പാട്: Saha Institute of Nuclear Physics, Kolkata

താഴ്ന്ന വൈശ്യ ജാതിയില്‍ പിറന്നവന്‍, ദാരിദ്യം, കഠിനമായ ഭൂപ്രകൃതി, ഇന്ത്യക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ശാസ്ത്രപഠനം എന്ന വെള്ളക്കാരുടെ അവജ്ഞ-അങ്ങനെ എല്ലാം പ്രതികൂലമായിരുന്നു സാഹയ്ക്ക്. താഴ്ന്ന ജാതിക്കാരനാകയാല്‍ സരസ്വതീപൂജയുടെ വേദിയില്‍ നിന്ന് അവനെ ഇറക്കിവിട്ടിട്ടുണ്ട്, കോളേജ് ഹോസ്റ്റലില്‍ മേല്‍ജാതിക്കാരായ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. ലോകമറിയുന്ന ശാസ്ത്രജ്ഞനായിട്ടും, സി.വി.രാമനെ പോലെ ഉയര്‍ന്ന വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് സാഹ കടുത്ത വിവേചനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ആഭ സുര്‍ തെളിവുകള്‍ നിരത്തി വിവരിക്കുന്നു (Dispersed Radiance-2011).

1909 ല്‍ ധാക്ക കോളേജില്‍ ചേര്‍ന്ന സാഹ, ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി 1911 ല്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ഗണിതപഠനത്തിന് ചേര്‍ന്നു. പില്‍ക്കാലത്ത് 'ബോസ്-ഐന്‍സ്‌റ്റൈന്‍ സ്റ്റാസ്റ്റിക്‌സ്' രൂപപ്പെടുത്തി പ്രസിദ്ധനായ സത്യേന്ദ്ര നാഥ് ബോസ് (എസ്.എന്‍.ബോസ്) അവിടെ സഹപാഠിയായിരുന്നു. പ്രസിഡന്‍സി കോളേജില്‍ നിന്ന് എം.എസ്.സി.യില്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി ബോസും സാഹയും വിജയിച്ചു. കല്‍ക്കട്ട സര്‍വകലാശാല വൈസ് ചാന്‍സലര്‍ സര്‍ അഷുതോഷ് മുഖര്‍ജി, പുതിയതായി നിലവില്‍ വന്ന കല്‍ക്കത്ത യൂണിവേഴ്‌സിറ്റി സയന്‍സ് കോളേജില്‍ 1916 ല്‍ ഇരുവരെയും അധ്യാപകരായി നിയമിച്ചു. അവിടെ വെച്ചാണ് സാഹയും ബോസും ചേര്‍ന്ന് ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ചുള്ള ഐന്‍സ്റ്റൈന്റെ പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജുമ ചെയ്ത് പ്രസിദ്ധീകരിച്ചത്. ഐന്‍സ്റ്റൈന്റെ സിദ്ധാന്തം ആദ്യമായി ഇംഗ്ലീഷിലെത്തിയത് അങ്ങനെയാണ്!

സയന്‍സ് കോളേജില്‍ അധ്യാപകനായിരിക്കുമ്പോള്‍ 1920 ല്‍ ഫിലോസൊഫിക്കല്‍ മാഗസിനില്‍ സാഹ പ്രസിദ്ധീകരിച്ച നാലു പ്രബന്ധങ്ങളിലൂടെ, സൂര്യന്റെയും നക്ഷത്രങ്ങളുടെയും രാസഭൗതികം മനസിലാക്കാനുള്ള താപഅയോണീകരണ സിദ്ധാന്തം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഒരു വാതകത്തിനുള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തിന് സമാനമായി സൗരാന്തരീക്ഷത്തിലെ അയോണീകരണം സങ്കല്‍പ്പിച്ചാണ് സാഹ തന്റെ പ്രസിദ്ധമായ സമവാക്യം രൂപപ്പെടുത്തിയത്. നീല്‍സ് ബോര്‍ രൂപംനല്‍കിയ ക്വാണ്ടം ആറ്റംമാതൃകയും തെര്‍മോഡൈനാമിക്‌സ് നിയമങ്ങളും സാഹയ്ക്ക് തുണയായി.

വന്‍കുതിപ്പാണ് നക്ഷത്രഭൗതികത്തിന് സാഹയുടെ സിദ്ധാന്തം നല്‍കിയത്. 'ജ്യോതിശാസ്ത്രത്തിന്റെ പുരോഗതിയില്‍ 1596-ന് ശേഷമുള്ള പ്രധാന നാഴികക്കല്ലുകളിലൊന്നാ'യി ആ കണ്ടെത്തലിനെ വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ ആര്‍തര്‍ എഡിങ്ടണ്‍ എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാണിക്കയിലെ ലേഖനത്തില്‍ വിശേഷിപ്പിച്ചു. '1859-ല്‍ വര്‍ണരാജിയുടെ വിശകലനത്തിന് കിര്‍ച്ച്‌ഹോഫ് നല്‍കിയ സംഭാവനയ്ക്ക് ശേഷം, നക്ഷത്രഭൗതികരംഗത്തുണ്ടാകുന്ന ഏറ്റവും പ്രധാന കണ്ടുപിടിത്തമാണിത്'-പ്രിസിദ്ധ ശാസ്ത്രജ്ഞന്‍ പ്രൊഫ.എ.ഫൗളര്‍ അഭിപ്രായപ്പെട്ടു.

സിസിലിയ എച്ച്.പൈന എന്ന ഗവേഷിക, ഹാര്‍വാഡിലെ നക്ഷത്രവര്‍ണരാജി പ്ലേറ്റുകളുടെ സഹായത്തോടെ സാഹയുടെ താപഅയോണീകരണ സിദ്ധാന്തത്തിന്റെ സാധുത പരിശോധിച്ചു. അതെപ്പറ്റി തയ്യാറാക്കിയ പി.എച്ച്.ഡി.പ്രബന്ധം അവര്‍ 'സ്റ്റെല്ലാര്‍ അറ്റ്‌മോസ്ഫിയര്‍' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. 'ജ്യോതിശാസ്ത്രത്തില്‍ എഴുതപ്പെട്ട ഏറ്റവും ഗംഭീര പി.എച്ച്.ഡി.പ്രബന്ധം' എന്നാണ് പൈനെയുടേത് വിശേഷിപ്പിക്കപ്പെട്ടത്. സാഹയുടെ സിദ്ധാന്തത്തെക്കുറിച്ച് പൈനെ ഇങ്ങനെ എഴുതി: 'ആ ആശയമാണ് ആധുനിക നക്ഷത്രഭൗതികത്തിന് ജന്മം നല്‍കിയത്'. ഇത്രയ്ക്ക് പ്രധാനപ്പെട്ട കണ്ടുപിടിത്തം നടത്തിയിട്ടും സാഹക്ക് പക്ഷേ, നൊബേല്‍ പുരസ്‌കാരം ലഭിച്ചില്ല.

സയന്‍സ് കോളേജിലുള്ളപ്പോഴായിരുന്നു രാധാറാണി റോയിയുമായുള്ള സാഹയുടെ വിവാഹം-1918 ജൂണ്‍ 16-ന്. ആ ദമ്പതിമാര്‍ക്ക് ആറ് മക്കള്‍ പിറന്നു (മൂത്ത മകന്‍ എ.കെ.സാഹ പിതാവ് സ്ഥാപിച്ച ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സില്‍ പില്‍ക്കാലത്ത് പ്രൊഫസറായി).

1921 ല്‍ കല്‍ക്കത്ത സര്‍വകലാശാലയില്‍ ഫിസിക്‌സ് വകുപ്പില്‍ ഖൈര പ്രൊഫസറായി നിയമിക്കപ്പെട്ട സാഹ പക്ഷേ, അധിക നാള്‍ അവിടെ തുടര്‍ന്നില്ല. വകുപ്പുമേധാവി സി.വി. രാമനുമായുള്ള ഭിന്നതയും അതിന് കാരണമായി. 1923 ല്‍ അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ഭൗതികശാസ്ത്ര വകുപ്പ് മേധാവിയായി സാഹ കൊല്‍ക്കത്ത വിട്ടു. അവിടെ 15 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം, 1938 ല്‍ കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ തിരികെയെത്തി. ഇത്തവണ പാലിറ്റ് പ്രൊഫസര്‍ പദവിയിലായിരുന്നു (സി.വി.രാമന്‍ വഹിച്ചിരുന്ന പദവി). ആ പദവിയില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ചു.

Meghnad Saha, S N Bose, J C Bose
സാഹ (ഇരിക്കുന്നതില്‍ ഇടത്തേയറ്റം), കൊല്‍ക്കത്തയില്‍ സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞരൊപ്പം. നടുക്ക് ഇരിക്കുന്നത് ജഗദീശ് ചന്ദ്ര ബോസ്. ചിത്രം കടപ്പാട്:
AIP Emilio Segrè Visual Archives.

ശാസ്ത്രഗവേഷണത്തിനൊപ്പം സാമൂഹികപ്രശ്‌നങ്ങളിലും സാഹ ഊര്‍ജിതമായി ഇടപെട്ടു തുടങ്ങുന്നത് 1930 കളിലാണ്. 'സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍' ജേര്‍ണലിലാണ് അദ്ദേഹം തന്റെ ആശയങ്ങളും നിലപാടുകളും പ്രസിദ്ധീകരിച്ചത്. ഗാന്ധിയന്‍ വികസന കാഴ്ചപ്പാടിന് പകരം, സോവിയറ്റ് മാതൃകയിലുള്ള ശാസ്ത്രീയ ആസൂത്രണത്തെ സാഹ പിന്തുണച്ചു. ആണവപരിപാടി, ദേശീയ ആസൂത്രണം തുടങ്ങിയ മേഖലകളില്‍ സാഹയെ സഹകരിപ്പിക്കാന്‍ നെഹ്‌റു സര്‍ക്കാര്‍ തയ്യാറാകാത്തതിന് പ്രധാന കാരണം ഈ നിലപാടായിരുന്നു.

രാജ്യത്താദ്യമായി ആണവശാസ്ത്രത്തിന് മാത്രമായി ഒരു ഗവേഷണകേന്ദ്രം തുടങ്ങാന്‍ 1940 കളില്‍ സാഹ ആരംഭിച്ച ശ്രമം, 1950 ല്‍ കല്‍ക്കത്ത സര്‍വകലാശാല 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്' ആരംഭിക്കുന്നതോടെ സഫലമായി. സാഹ മരിച്ചതിന് ശേഷം ആ ഗവേഷണകേന്ദ്രത്തിന്റെ പേര് 'സാഹ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്' എന്നു മാറ്റി. ഇന്ത്യയില്‍ ശാസ്ത്രപുരോഗതി ലക്ഷ്യമിട്ട് 1876 ല്‍ മഹേന്ദ്ര ലാല്‍ സിര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച 'ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്' നവീകരിക്കാനുള്ള ശ്രമവും സാഹ ഊര്‍ജിതമാക്കുന്നത് 1940-കളിലാണ്.

ജനാധിപത്യത്തില്‍ പാര്‍ലമെന്റാണ് ജനകീയപ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള പരമോന്നതവേദി. അതിനാല്‍ തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്താന്‍ സാഹ ആഗ്രഹിച്ചു. സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായില്ല. 1951 ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി കല്‍ക്കത്ത നോര്‍ത്ത്-വെസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച സാഹ വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. തന്റെ നിലപാടുകളും ദേശീയപ്രശ്‌നങ്ങളും ഉന്നയിക്കാനുള്ള വേദിയായി പാര്‍ലമെന്റിനെ അദ്ദേഹം ഉപയോഗിച്ചു. ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം പാര്‍ലമെന്റ് ചര്‍ച്ചകളുടെ ആഴവും ഗൗരവവും വര്‍ധിപ്പിച്ചു.

1956 ഫെബ്രുവരി 16 ന് സാഹ ഡല്‍ഹിയില്‍ പ്ലാനിങ് കമ്മീഷന്റെ ഓഫീസില്‍ ഡോ.ജെ.സി.ഘോഷിനെ കാണാന്‍ പോകുമ്പോള്‍, ഗേറ്റിന് ഏതാനും അടി അകലെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കൊല്‍ക്കത്തയില്‍ മൃതദേഹം എത്തിച്ചത് സരസ്വതീ പൂജയുടെ ദിവസമാണ്. എല്ലാ ആഘോഷങ്ങളും കൊല്‍ക്കത്ത നിവാസികള്‍ മാറ്റിവെച്ചു, സാഹയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍.

അവലംബം –

* Saha and His Formula (1995). By G. Venkataraman. University Press, Hyderabad.
* Meghnad Saha (1984). By Santimay Chatterjee and Enakshi Chatterjee. National Book Trust, New Delhi.
* Dispersed Radiance: Caste, Gender, and Modern Science in India (2011). By Abha Sur. Navayana, New Delhi.

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Meghnad Saha, Astrophysicist, Stellar Astrophysics, Indian Scientists, Saha Ionization Equation, Stellar Spectra

Read Original Article Here

Amazon Great Indian Sale

Leave a Reply