സിപിഐ പിടിച്ച പുലിവാല്

ലോകസഭയില്‍ ഇപ്പോള്‍ ഒരംഗം മാത്രമാണ് സിപിഐയ്ക്ക്. അതും കേരളത്തില്‍നിന്ന്. എന്നുകരുതി സിപിഐ പ്രാദേശിക പാര്‍ട്ടിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാകില്ല. വലിയവായില്‍ ആവോളം ബഹളംകൂട്ടാന്‍ സിപിഐയ്ക്കുള്ള മിടുക്ക് ഒന്നുവേറെതന്നെയാണ്.

Join Nation With Namo

ഇന്ന് ലോകസഭയില്‍ ഒരംഗമാണെങ്കില്‍ ആയകാലത്ത് സിപിഐ ഇന്ത്യയിലെ രണ്ടാമത്തെ കക്ഷിയായിരുന്നു. പത്ത്പതിനേഴ് സംസ്ഥാനങ്ങളില്‍ വളരെ സ്വാധീനമുണ്ടായിരുന്ന കക്ഷി. പ്രവര്‍ത്തനപാരമ്പര്യം ഏറുമ്പോള്‍ പാര്‍ട്ടി വളരുന്നതാണ് പതിവ് കാഴ്ച. പക്ഷെ സിപിഐയുടെ ചരിത്രം ഒന്നുവേറെതന്നെയാണ്. പടവലം പോലെ വളര്‍ച്ച കീഴ്‌പ്പോട്ട്.

നാലര പതിറ്റാണ്ട് മുന്‍പുവരെ കൂട്ടിക്കെട്ടിയ മുന്നണികണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല എന്നായിരുന്നു കമ്മ്യൂണിസ്റ്റ്കാരുടെ മുദ്രാവാക്യം. ആദ്യപിളര്‍പ്പില്‍ രൂപംകൊണ്ട സിപിഎമ്മിലേയ്ക്ക്് അണികള്‍ ഒഴുകിയപ്പോള്‍ തലയെടുപ്പുള്ള നേതാക്കളെക്കൊണ്ട് സിപിഐയ്ക്ക് തൃപ്തിപ്പെടേണ്ടിവന്നു. പിളര്‍പ്പിനുശേഷം കേരളത്തില്‍ ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുപേരെയേ ജയിപ്പിക്കാനായുള്ളു. പിന്നീട് കൂട്ടിക്കെട്ടാതെ കമ്മ്യൂണിസ്റ്റ് കൊടി എവിടെയും പൊങ്ങിയിട്ടില്ല.

ഇടത് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വല്ലാതെ ദുരിതപര്‍വ്വമാണ് അനുഭവിക്കുന്നത്. അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലെന്ന് പറയുംപോലെ പാര്‍ട്ടിക്കകത്ത് പോര് അടങ്ങുന്നേയില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് പാര്‍ട്ടിയിലെ കശപിശ കലശലായത്. തിരുവനന്തപുരം ലോകസഭാ സീറ്റ് സിപിഐയ്ക്ക് തീറെഴുതിക്കൊടുത്തതാണ്. എം.എന്‍. ഗോവിന്ദന്‍നായരും പി.കെ. വാസുദേവന്‍നായരും പന്ന്യന്‍ രവീന്ദ്രനുമൊക്കെ ജയിച്ച് ലോകസഭയിലെത്തിയ മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പേമെന്റ് സ്ഥാനാര്‍ത്ഥിയെ ഇറക്കി ജയിക്കാനൊരു ശ്രമം നടത്തി. പക്ഷേ ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്ത്. സ്ഥാനാര്‍ത്ഥിയാക്കാന്‍ ബനറ്റ് എബ്രഹാമില്‍ നിന്ന് കോടികള്‍ വാങ്ങി എന്ന ആരോപണവും പിന്നാലെ വന്നു. വോട്ടെടുപ്പ് കഴിഞ്ഞാലും ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയ ബനറ്റിനെ പിന്നെ മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല. പാര്‍ട്ടിയിലാകെ പൊട്ടിത്തെറിയും. ജില്ലാ സെക്രട്ടറിമാരായ രണ്ടുപേര്‍ പാര്‍ട്ടിവിട്ടുപോയി. പിന്നീടാകട്ടെ മുന്നണിയുള്ളതുകൊണ്ട് ജീവിച്ചുപോകുന്നു എന്ന മട്ടിലുമായി. വരാന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഒരു എത്തും പിടിയുമില്ല. സീറ്റ് വച്ചുമാറാന്‍ സിപിഎമ്മിനോട് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലെത്തിനില്‍ക്കുന്നു. കുഴപ്പം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നില്ല.

സിപിഐയ്ക്ക് സാമാന്യം ആളുണ്ടെന്ന് കരുതുന്ന ജില്ലയാണ് കൊല്ലം. അവിടെ ജില്ലാ സെക്രട്ടറിയെ നീക്കാന്‍ സംസ്ഥാന കമ്മിറ്റി കിണഞ്ഞു ശ്രമിക്കുന്നു. ആദ്യത്തെ തീരുമാനം പ്രകാരം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ജില്ലാ കൗണ്‍സില്‍ വിളിച്ചുകൂട്ടി. സെക്രട്ടറി എന്‍. അനിരുദ്ധനെ നീക്കലായിരുന്നു ഏക അജണ്ട. ചര്‍ച്ച നടത്തി. ചേരിതിരിഞ്ഞു. ലക്ഷ്യം കാണാതെ സംസ്ഥാന സെക്രട്ടറിക്ക് മടങ്ങേണ്ടി വന്നു. മെലിഞ്ഞതിനെക്കാള്‍ നാണക്കേടാണ് സംസ്ഥാന നിര്‍വ്വാഹസസമിതിയുടെ തീരുമാനം നടപ്പാക്കാന്‍ പറ്റാത്തത്. ഈ വിലയിരുത്തലാണ് ഒരിക്കല്‍കൂടി കൊല്ലത്തേയ്ക്ക് വച്ചുപിടിക്കാന്‍ നിശ്ചയിച്ചത്. അനിരുദ്ധന്‍ മാറിയേപറ്റൂ. പകരം ആരെന്ന് കൊല്ലത്തെ പാര്‍ട്ടി കൗണ്‍സില്‍ തീരുമാനിക്കെട്ടെ എന്നും തീരുമാനം. വല്ലാത്തൊരു പുലിവാലാണ് സിപിഐയെ പിന്തുടരുന്നത്. ഒരു തെരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ അംഗീകൃത പ്രാദേശികകക്ഷി എന്ന പദവികൊണ്ട് സിപിഐയ്ക്ക് തൃപ്തിപ്പെടേണ്ടിവരും.

Read Original Article Here

Digital Signage

Leave a Reply