Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Janmabhumi Article

എതിര്‍ക്കാനല്ല, സംരക്ഷിക്കാനാണീ യാത്ര

ന്‍ഡിഎയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ 13 വരെ നടക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ആര്‍ക്കും എതിരല്ല, വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. കാലത്തിന് അനുസരിച്ച് നവീകരിക്കപ്പെട്ടതാണ് ഹിന്ദുമതം. ആചാരങ്ങള്‍ പലതും മാറ്റപ്പെട്ടിട്ടുണ്ട്. ആരെങ്കിലും അടിച്ചേല്‍പ്പിച്ചോ, കോടതി ഉത്തരവ് പ്രകാരമോ അല്ല നവീകരണം ഉണ്ടായിട്ടുള്ളത്.

ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ നടക്കുന്നത് ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ്. ഹിന്ദുക്കള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സവര്‍ണനെന്നും, അവര്‍ണനെന്നും പറഞ്ഞ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ശ്രമം പരാജയപ്പെടും. ശബരിമലയെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കും.

എന്‍ഡിഎയുടെ യാത്ര സമാപിക്കുന്നതോടെ ഗുണപരമായ മാറ്റം ഇവിടെയുണ്ടാകും. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നൂറ്റാണ്ടുകളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ്. സ്ത്രീകളുള്‍പ്പെടെയുള്ള അയ്യപ്പഭക്തരെ വിധി വേദനിപ്പിച്ചു. വിശ്വാസികളായ സ്ത്രീകള്‍ ഒരിക്കലും ശബരിമലയിലെ നിര്‍ദോഷമായ ആചാരം ലംഘിക്കാന്‍ കൂട്ടുനില്‍ക്കില്ല.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നിര്‍ദോഷമായവയാണ്. അതൊരു സംസ്‌കാരിക തനിമയായി അംഗീകരിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. ഇതൊക്കെ നിയമയുദ്ധത്തിലേക്ക് കൊണ്ടുപോയത് സ്വാര്‍ത്ഥ താത്പര്യക്കാരാണ്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഒട്ടനവധി ആചാരങ്ങള്‍ പിന്തുടരുന്നവരാണ്. അതില്‍ സതിയും മൃഗബലിയും ജാതി വിവേചനവും പോലുള്ളവ നിയമം മൂലം നിരോധിച്ചപ്പോള്‍ പൊതുസമൂഹം സ്വാഗതം ചെയ്തു.

ശബരിമല യുവതീപ്രവേശന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ പ്രത്യേക നിയമസഭയോഗം വിളിച്ചുചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഇടതുവലതു മുന്നണികള്‍ ഒത്തുകളിച്ച് അട്ടിമറിക്കുകയാണ്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിനായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച സംസ്ഥാനമാണിത്. എന്നിട്ടും കേരളത്തെ ഒന്നാകെ ബാധിക്കുന്ന അതീവ ഗുരുതരമായ ശബരിമല പ്രശ്നം ജനകീയ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത നിലപാട് തരംതാണ രാഷ്ട്രീയക്കളിയാണെന്നേ പറയാനാവൂ.

കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെയും കേരളത്തിലെ സകലമേഖലകളെയും ബാധിക്കുന്ന സങ്കീര്‍ണമായ ഈ പ്രശ്നം സാധാരണ തൊഴില്‍ത്തര്‍ക്കം പോലെ ലാഘവത്തോടെയും വാശിയോടെയുമാണ് സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചിരുന്ന ആചാരങ്ങള്‍ ഇരുട്ടിവെളുക്കുമ്പോള്‍ മാറണമെന്ന കടുംപിടുത്തം നല്ലതല്ല.

ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് ചര്‍ച്ച നടത്താന്‍ ബാദ്ധ്യതപ്പെട്ടവരാണ് ഭരണാധികാരികള്‍. സുപ്രീംകോടതി വിധി ജനാധിപത്യ രാജ്യത്ത് അന്തിമവാക്കല്ല. കോടതി വിധികളെ എങ്ങിനെയാണ് ഈ സര്‍ക്കാരുള്‍പ്പടെയുള്ളവര്‍ പണ്ടും ഇപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും ചെയ്തതെന്നും നമുക്കറിയാം. ശബരിമല ദക്ഷിണ ഭാരതത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നു മനസ്സിലാക്കി അതേ പ്രാധാന്യത്തോടെ വിഷയത്തെ അഭിമുഖീകരിക്കണം.

ബഹുഭൂരിപക്ഷം ഹൈന്ദവവിശ്വാസികള്‍ക്കും വേദനയുണ്ടാക്കുന്ന ശബരിമല പ്രശ്നത്തെ രമ്യമായി പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രദ്ധവേണ്ടത്. കടുംപിടുത്തം മൂലം സന്നിധാനത്ത് എന്തെങ്കിലും അനിഷ്ടങ്ങളുണ്ടാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ഒരു നൂറ്റാണ്ടോളം നീണ്ട സഭാ നിയമയുദ്ധത്തിനൊടുവില്‍ പിറവം സെന്റ് മേരീസ് പള്ളി ഓര്‍ത്തഡോക്സുകാര്‍ക്ക് അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ന്യായങ്ങളൊക്കെ ശബരിമല കേസിലും അവലംബിക്കാവുന്നതേയുള്ളൂ. ശബരിമലയോളം ക്രമസമാധാന പ്രശ്നമൊന്നും പിറവത്ത് ഒരിക്കലുമുണ്ടാകാനിടയില്ല. അവിടെ കാണിക്കുന്ന ഭരണതന്ത്രജ്ഞത ശബരിമലയില്‍ അന്യമാകുമ്പോള്‍ ആരും സംശയിച്ചുപോകും.

വെല്ലുവിളികളും ബലപ്രയോഗവും ജനാധിപത്യസംവിധാനങ്ങള്‍ക്ക് ഭൂഷണമല്ല. എത്രയും വേഗം നിയമസഭ വിളിച്ചുകൂട്ടുകയും ഒപ്പം മറ്റ് സമവായ നീക്കങ്ങള്‍ നടത്തുകയുമാണ് വേണ്ടത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന എന്‍ഡിഎയെ അധിക്ഷേപിക്കുന്നവര്‍ മുസ്ലീംലീഗിനേയും കേരളാ കോണ്‍ഗ്രസിനെയും ഐഎന്‍എല്‍ അടക്കമുള്ളവരെയും ഇടതുംവലതും നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. തരാതരം പോലെ ജാതിമതശക്തികളെ ഉപയോഗിക്കുന്നവരാണ് ഇപ്പോള്‍ മതേതരത്വവും പുരോഗമനവും പറയുന്നത്. ഇക്കൂട്ടരുടെ ദുഷ്പ്രചാരണങ്ങള്‍ ഇനി വിജയിക്കില്ല. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. ഇപ്പോള്‍ ഹിന്ദുക്കള്‍ക്കെതിരെയാണെങ്കില്‍ നാളെ മതന്യൂനപക്ഷങ്ങളിലെ വിശ്വാസികള്‍ക്കെതിരെയാകും അവിശ്വാസികള്‍ വാളോങ്ങുക.

ഹൈന്ദവ സമൂഹത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും മുറിവേല്‍പ്പിക്കുന്ന സമീപനത്തില്‍ നിന്ന് ഭരണകൂടം പിന്മാറണം. ശത്രുതാ മനോഭാവം വെടിയണം. തങ്ങളുടെ വിശ്വാസത്തേയും, ഭക്തിയേയും സംബന്ധിച്ച് എന്ത് തീരുമാനം എടുക്കാനും സ്ത്രീ സമൂഹത്തിന് അവകാശവും, അധികാരവുമുണ്ട്. എന്നാല്‍ മഹത്തായ ആചാരവും വിശ്വാസവും മുറിവേല്‍പ്പിക്കാന്‍ സ്ത്രീ സമൂഹം തയ്യാറാവുകയുമില്ല. ലോകത്തിലെ തന്നെ ഏക കാനന ക്ഷേത്രമായ ശബരിമലയില്‍ എത്താന്‍ 41 ദിവസത്തെ കഠിന വ്രതം മാത്രം പോരാ, ശബരീശന്റെ അനുഗ്രഹവും പാദബലവും മനോബലവും വേണം.

ഭരണകൂടത്തിന്റെ കളിപ്പാവയായി ദേവസ്വംബോര്‍ഡ് മാറി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും അംഗവും രാജിവെച്ച് ഒഴിയണം. വിശ്വാസി സമൂഹം ഇവരെ പുറത്താക്കുന്ന കാലം വിദൂരമല്ല. നമ്മെ ഏറെ ദുഃഖിപ്പിക്കുന്ന സംഭവമാണ് പന്തളം സ്വദേശി ശിവദാസന്‍ ആചാരിയുടെ പമ്പയിലെ മരണം. ഈ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ധനസഹായം ഉടന്‍ നല്‍കണം. ഹരിയാനയില്‍ തീവണ്ടിയിലെ സീറ്റ് തര്‍ക്കത്തില്‍ മരിച്ച ജുനൈദിന്റെ കുടുംബത്തിന് അവിടെയെത്തി ധനസഹായം നല്‍കിയവര്‍ സ്വന്തം നാട്ടില്‍ ഉണ്ടായ സംഭവം കണ്ടില്ലെന്ന് നടിക്കരുത്. പുല്‍മേട്ടില്‍ മരിച്ച അയ്യപ്പമാരുടെയും പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെയും കുടുംബങ്ങള്‍ക്ക് ഇനിയും സഹായം നല്‍കിയോ എന്ന് ചിന്തിക്കണം. ഇത്തരം വിവേചനങ്ങള്‍ തുറന്ന് പറയുമ്പോള്‍ എന്നെ വിജിലന്‍സ് കേസില്‍ കുടുക്കി തളര്‍ത്താമെന്ന് കരുതരുത്. സമരങ്ങളുടെ സിന്ദൂരമാല ചാര്‍ത്തിയ ആലപ്പുഴയുടെ മണ്ണില്‍ ജനിച്ചു വളര്‍ന്ന് പാടത്തും പറമ്പിലും പണിശാലയിലും പണിയെടുക്കുന്ന പാവപ്പെട്ടവന്റെ ഹൃദയതാളത്തിനൊപ്പം ചേര്‍ന്ന് നിന്ന് ഉണ്ടും, ഉറങ്ങിയും സംഘടനാ പ്രവര്‍ത്തനം നടത്തി വന്നതാണ് എന്റെ ജീവിത സപര്യ.

സാമൂഹ്യനീതി നടപ്പാക്കാന്‍ വനവാസി മുതല്‍ നമ്പൂതിരി വരെയുള്ള സമൂഹത്തിന്റെ ഐക്യത്തിനായി പോരാട്ടം തുടരുകതന്നെ ചെയ്യും. ഹിന്ദുഐക്യം തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ഇന്ന് വിശുദ്ധമായ പൂങ്കാവനം അശുദ്ധമാക്കാന്‍ അവിശ്വാസികള്‍ നടത്തുന്ന പ്രയത്‌നം ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണ്. അടിയന്തരാവസ്ഥയുടെ കിരാത നാളുകള്‍ ഓര്‍മ്മപ്പെടുത്തുന്ന കാര്യങ്ങള്‍ ഇന്ന് നാട്ടിലുണ്ടാകുന്നു. ഹിന്ദുക്കളുടെ ഈ മുന്നേറ്റം തകര്‍ക്കാന്‍, തളര്‍ത്താന്‍, പിളര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ല. ഹിന്ദുവേട്ടയ്ക്ക് അറുതി വരുത്താനും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും പ്രധാനമന്ത്രിയേയും ബിജെപി ദേശീയ പ്രസിഡന്റിനേയും കാണുകയും ചെയ്യും.

ഇതൊരു ധര്‍മ്മസമരമാണ് നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചു വരുന്ന വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍, ദേശാഭിമാന ബോധവും, ജനാധാപത്യബോധമുള്ള മുഴുവന്‍ സജ്ജനങ്ങളും രംഗത്ത് ഇറങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സ്വാമിശരണം.

(ബിഡിജെഎസ് അദ്ധ്യക്ഷനും എന്‍ഡിഎ കേരളഘടകം കണ്‍വീനറുമാണ് ലേഖകന്‍)

Read Original Article Here

Tags
Show More
loading...

Related Articles

Leave a Reply

Close