Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Samskriti

ലോകത്തോടുള്ള സക്തി പരിത്യജിച്ച് സ്വതന്ത്രരാകുക

സ്വാതന്ത്ര്യം ജഗത്തിനുള്ളില്‍ കണ്ടെത്താവതല്ല, അതു നേടുവാന്‍ നമുക്ക് ഈ ജഗത്തിന്റെ പരിമിതികളെ അതിലംഘിച്ചുപോകേണ്ടിയിരിക്കുന്നു. പരിപൂര്‍ണ്ണമായ സമതാവസ്ഥ ഈ ലോകത്തില്‍ ലഭ്യമല്ല; മനസ്സിനോ വിചാരങ്ങള്‍ക്കോ ചെന്നെത്താവുന്നതോ, ഇന്ദ്രിയങ്ങള്‍ക്കു വ്യാപരിക്കാവുന്നതോ, ഭാവനാശക്തിക്കു സങ്കല്പിക്കാവുന്നതോ ആയ ഒരു സ്ഥലത്തും അതു ലഭ്യമല്ല. അത്തരം പ്രദേശങ്ങളൊന്നും ആ സ്വാതന്ത്ര്യത്തെ തരുവാന്‍ സമര്‍ത്ഥങ്ങളല്ല; എന്തെന്നാല്‍, അവയെല്ലാം ദേശകാലനിമിത്താധീനമായ ഈ ജഗത്തില്‍പ്പെട്ടതാകുന്നു.

ഈ ചെറുലോകം അവസാനിക്കുന്നിടത്താണ് യഥാര്‍ത്ഥ മതം ആരംഭിക്കുന്നത്: ഈ ക്ഷുദ്രസുഖങ്ങളും ദുഃഖങ്ങളും വിഷയജ്ഞാനവും അവിടെ അവസാനിച്ചു. സത്യമായിട്ടുള്ളത് ആരംഭിക്കുന്നു. ജീവിതതൃഷ്ണ ക്ഷണികവും സോപാധികവുമായ ഈ ജീവിതത്തോടുള്ള പ്രബലാസക്തി ഉപേക്ഷിക്കാത്തിടത്തോളം ഇതിനപ്പുറത്തുള്ള അനന്തമായ സ്വാതന്ത്ര്യത്തിന്റെ ഒരു നിമിഷദര്‍ശനംപോ

ലും നമുക്ക് ആശിക്കാവുന്നതല്ല. അതിനാല്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോത്കൃഷ്ടങ്ങളായ അഭിലാഷങ്ങളുടെയെല്ലാം ലക്ഷ്യമായ ആ സ്വാതന്ത്ര്യപദത്തിലെത്തുവാന്‍ ഒരു വഴിയേയുള്ളു; ഈ കൊച്ചു ജീവിതത്തെ ത്യജിക്കണം, ഈ കൊച്ചുജഗത്തിനെ ത്യജിക്കണം, ഭൂമിയെ ത്യജിക്കണം, ശരീരത്തെ ത്യജിക്കണം, മനസ്സിനെ ത്യജിക്കണം, എന്നുവേണ്ട, ചുരുക്കത്തില്‍ പരിമിതവും സോപാധികവുമായ എല്ലാറ്റിനേയും ത്യജിക്കണം, ഇതു യുക്തിസിദ്ധമാണ്. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും വിഷയമായ ഈ ചെറിയ ലോകത്തോടുള്ള സക്തി പരിത്യജിക്കാമെങ്കില്‍ ആ നിമിഷത്തില്‍ നാം സ്വതന്ത്രരാകും. ബന്ധനത്തില്‍നിന്നു പുറത്തുകടക്കാനുള്ള ഏകമാര്‍ഗ്ഗം നിയമോപാധികള്‍ക്ക് അപ്പുറം പോവുകയാകുന്നു, നിമിത്തത്തെ അതിക്രമിക്കുകയാകുന്നു.

ജഗത്തിനോടുള്ള സംഗം ഉപേക്ഷിക്കുകയെന്നത് നന്നെ പ്രയാസമുള്ള കാര്യമാകുന്നു. ചുരുക്കം ചിലര്‍ക്കേ അതു സാദ്ധ്യമാകുന്നുള്ളൂ. അതിനു രണ്ടു വഴികള്‍ ശാസ്ര്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്: ഒന്ന്, 'നേതി', 'നേതി' (ഇതല്ല, ഇതല്ല); മറ്റേത് 'ഇതി', 'ഇതി' (ഇതുതന്നെ, ഇതുതന്നെ): ആദ്യത്തേത് ബാധകമാര്‍ഗ്ഗം, രണ്ടാമത്തേത് സാധകമാര്‍ഗ്ഗം. ബാധകമാര്‍ഗ്ഗം അത്യന്തം പ്രയാസമുള്ളതാണ്. അത് സമുന്നതവും അന്യാദൃശവുമായ മനക്കരുത്തും ഗംഭീരമായ ഇച്ഛാശക്തിയും ഉള്ളവര്‍ക്കുമാത്രം സാദ്ധ്യമാകുന്നു. അവര്‍ എഴുന്നേറ്റുനിന്ന് 'ഇതെനിക്കു വേണ്ട' എന്നു പറഞ്ഞാല്‍ അവരുടെ മനസ്സും ദേഹവും അവരുടെ ശാസനത്തെ അനുസരിക്കും; അവര്‍ വിജയികളാകുകയും ചെയ്യും. എന്നാല്‍ അത്തരക്കാര്‍ വളരെ ദുര്‍ല്ലഭം.

ബഹുഭൂരിപക്ഷം ജനങ്ങളും സാധകമാര്‍ഗ്ഗം ലൗകികജീവിതത്തെ സ്വീകരിച്ചുകൊണ്ടുള്ള ബന്ധങ്ങളെ ഛേദിക്കാനായി ആ ബന്ധങ്ങളെത്തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വഴി പിന്തുടരുന്നു. ഇതും ഒരുമാതിരി പരിത്യാഗംതന്നെ. സാവധാനത്തിലും ക്രമേണയും നടത്തപ്പെടുന്നതെന്നുമാത്രം. ഈ മാര്‍ഗ്ഗത്തില്‍ക്കൂടി പോകുന്നവര്‍ വിഷയങ്ങളെ ആസ്വദിച്ചും അവയുമായി അനുഭവപരിചയം നേടിയും വസ്തുക്കളുടെ തത്ത്വബോധം വന്ന് ഒടുവില്‍ എല്ലാറ്റിനേയും ഉപേക്ഷിച്ചു നിസ്സംഗന്മാരാകുന്നു.

നിസ്സംഗത്വപ്രാപ്തിക്ക് ഒന്നാമത്തേതു യുക്തിവിചാരത്തിന്റെ വഴിയും രണ്ടാമത്തേതു കര്‍മ്മങ്ങളിലും ഫലാനുഭവങ്ങളിലും കൂടിയുള്ള വഴിയും ആകുന്നു. ആദ്യത്തേതു ജ്ഞാനയോഗം; കര്‍മ്മത്തിലൊന്നും ഏര്‍പ്പെടാതിരിക്കുകയാണ് അതിന്റെ പ്രത്യേകത. രണ്ടാമത്തേതു കര്‍മ്മയോഗം; അതില്‍ കര്‍മ്മത്തില്‍നിന്നു വിരമിക്കലെന്നുള്ളതില്ല. ജഗത്തില്‍ എല്ലാവരും കര്‍മ്മം ചെയ്യേണ്ടതുണ്ട്. ആത്മാവില്‍ത്തന്നെ പൂര്‍ണ്ണമായി രമിക്കുന്നവരും ആത്മാവൊഴിച്ചൊന്നിലും അഭിലാഷമില്ലാത്തവരും ആത്മഭിന്നമായ ഒന്നിലും മനസ്സു ചെല്ലാത്തവരും സര്‍വ്വവും ആത്മാവുമാത്രമായിട്ടുള്ളവരുമായ അപൂര്‍വ്വവ്യക്തികള്‍മാത്രം കര്‍മ്മം ചെയ്യുന്നില്ല. ബാക്കിയെല്ലാവരും കര്‍മ്മം ചെയ്തേ തീരൂ.

താനേ പാഞ്ഞൊഴുകുന്ന ഒരു സരിത്ത് ഒരു തടത്തില്‍വീണ് ചുഴലിയായിത്തീരുന്നു; കുറച്ചു സമയം അവിടെക്കിടന്നു ചുറ്റിയിട്ട് പുറത്തേയ്ക്കു കടന്നു വീണ്ടും തടവില്ലാതെ സ്വതന്ത്രമായൊഴുകുന്നു. ആ ഒഴുക്കുപോലെയാകുന്നു ഓരോ മനുഷ്യജീവിതവും. അതു ചുഴലിയില്‍ അകപ്പെടുന്നു, ദേശകാല നിമിത്തമയമായ ലോകത്തില്‍ കുടുങ്ങുന്നു: 'എന്റെ അച്ഛന്‍, എന്റെ സഹോദരന്‍, എന്റെ സല്‍പേര്, എന്റെ പ്രശസ്തി' എന്നെല്ലാം ആര്‍ത്തു വിളിച്ചുകൊണ്ട് കുറേ സമയം ചുറ്റിത്തിരിയുന്നു. ഒടുവില്‍, അതില്‍ നിന്നു പുറത്തുകടന്ന് പൂര്‍വ്വസ്വാതന്ത്ര്യത്തെ വീണ്ടെടുക്കുന്നു. ജഗത്തു മുഴുവന്‍ അതാണ് ചെയ്യുന്നത്. അതു നാം അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, അതിനെക്കുറിച്ചു നാം ബോധവാന്മാരാണെങ്കിലും അല്ലെങ്കിലും, ഈ ജീവിതസ്വപ്‌നത്തില്‍നിന്നു മോചിക്കുവാനാണ് നാമെല്ലാം കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്നത്; മനുഷ്യന് ലോകത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം അവനെ ഈ ജീവിതച്ചുഴലിയില്‍ നിന്നു പുറത്തുകടക്കുന്നതിനു പ്രാപ്തനാക്കാനുള്ളവയാകുന്നു.

വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തില്‍ നിന്ന്

Read Original Article Here

Tags
Show More
loading...

Related Articles

Leave a Reply

Close