ഓക്സിയോസ് കുമ്മനം ഓക്സിയോസ്; മുൻ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ എഴുതുന്നു…..

ഇന്നു പൊതുജീവിതത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ബാധ അഴിമതിയാണല്ലോ. നാലുവര്‍ഷം പിന്നിട്ടിട്ടും മോദി സര്‍ക്കാരിനെതിരെ വ്യക്തമായ ഒരു അഴിമതിയും ആരോപിക്കപ്പെട്ടിട്ടില്ല എന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ ഉജ്ജ്വലമായ മുഖം. അതിന്റെ കേരളത്തിലെ മുഖമാണ് കുമ്മനം രാജശേഖരന്‍.

Join Nation With Namo

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചത് അമിത്ഷായുടെയും നരേന്ദ്ര മോദിയുടെയും തീരുമാനമാണ്. അതിന്റെ ന്യായവും ഔചിത്യവും നാം ചര്‍ച്ച ചെയ്യേണ്ടതില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഒ.രാജഗോപാല്‍ ഗവര്‍ണറാകും എന്ന സംസാരം പരന്നതാണ്. കേരളത്തില്‍ ബിജെപിയുടെ ഏറ്റവും സുന്ദരവും സ്വീകാര്യവുമായ മുഖം രാജേട്ടന്റേതാണ് എന്ന തിരിച്ചറിവ് ആയിരിക്കാം. ആ നിയമനം അന്ന് നടക്കാതെ പോയതിന് കാരണം ഏതായാലും അങ്ങനെ ഒരു വിലയിരുത്തല്‍ തെറ്റായിരുന്നില്ല എന്ന് പിറകെ വന്ന പൊതുതെരഞ്ഞെടുപ്പ് തെളിയിച്ചു. രാജേട്ടന്‍ അല്ലെങ്കില്‍ പിന്നെ ഒരു രാഷ്ട്രീയ നിയമനത്തിന് പരിഗണിക്കാവുന്ന വ്യക്തി കുമ്മനം രാജശേഖരന്‍ തന്നെയാണ് എന്ന കാര്യത്തില്‍ സാമാന്യബുദ്ധിയും യുക്തിബോധവും അന്യമല്ലാത്ത ആര്‍ക്കും അഭിപ്രായാന്തരം ഉണ്ടാകാനിടയില്ല.

എന്റെ ലേഖനങ്ങള്‍ അച്ചടിച്ചതിനുശേഷം ഫേസ്ബുക്കില്‍ ചേര്‍ക്കാറുണ്ടെങ്കിലും അത് എന്റെ ഇഷ്ടമാധ്യമം അല്ല. അതുകൊണ്ട് ഇ-മെയില്‍ അലര്‍ട്ടോ സുഹൃത്തുക്കളുടെ പ്രത്യേക നിര്‍ദ്ദേശമോ ഇല്ലെങ്കില്‍ ഞാന്‍ ഫെയ്‌സ്ബുക്ക് നോക്കാറില്ല. എല്ലാവരും എല്ലാ പത്രങ്ങളും വായിക്കുന്നില്ലല്ലോ. അതുകൊണ്ട് കുമ്മനത്തെ പരിഹസിക്കുന്ന ട്രോളുകള്‍ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ അവ അസംഖ്യമാണ് എന്ന് ഫേസ്ബുക്ക് പതിവായി നിരീക്ഷിക്കുന്നവര്‍ പറഞ്ഞുതരുന്നു.

അത് ആയിക്കൊള്ളട്ടെ. പൊതുജീവിതത്തില്‍ നായകസ്ഥാനം ഉള്ളവരെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും തെറ്റല്ല. തെങ്ങിന്‍ തോപ്പില്‍ നടക്കാനിറങ്ങുന്നവര്‍ തലയില്‍ മച്ചിങ്ങ വീഴാനുള്ള സാധ്യത അറിഞ്ഞിട്ടാവണമല്ലോ നടക്കാന്‍ പുറപ്പെടുന്നത്. എന്നാല്‍ അത് വ്യക്തിപരം ആകരുത്. ഫേസ്ബുക്കില്‍ ബോഡിഷെയിമിംഗ് വരെ ഉണ്ടായി എന്നറിയുന്നു. അത് തീര്‍ത്തും അനുചിതമായി എന്ന് വിനയപൂര്‍വ്വം ചൂണ്ടിക്കാണിക്കാതെ വയ്യ.

രാജന് ഗവര്‍ണറാകാന്‍ ആകെയുള്ള പരിമിതി രാജ്ഭവനില്‍ ഒതുങ്ങിക്കൂടാനുള്ള പ്രായം ആയിട്ടില്ല എന്നതുമാത്രം ആണ്. അതേ സമയം ഒന്നോര്‍ക്കണം. ഇതിനേക്കാള്‍ പ്രായം കുറഞ്ഞവരാണ് പലപ്പോഴും പ്രശ്‌നഭരിതമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ആയിട്ടുള്ളത്. സ്വരാജ് കൗശല്‍ അവിടെ എവിടെയോ ഗവര്‍ണര്‍ ആയപ്പോള്‍ നാല്‍പ്പത് വയസ്സ് ആയിരുന്നു പ്രായം. അതുകൊണ്ട് ഇത്രയും നേരത്തെ സജീവരാഷ്ട്രീയം മതിയാക്കേണ്ടതില്ല എന്നു രാജന് തോന്നാന്‍ ന്യായം കാണാമെങ്കിലും ഗവര്‍ണറാകാന്‍ പ്രായമായില്ല എന്നുപറയാന്‍ ന്യായമേതും ഇല്ല.

കുമ്മനം രാജശേഖരന്‍ അനേകവര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള വ്യക്തിയാണ്. പ്രിയങ്കരനായ അനിയന്‍. ആദര്‍ശനപരതയാണ് എന്റെ മനസ്സില്‍ അദ്ദേഹത്തെ എന്നും നിര്‍വ്വചിച്ചിട്ടുള്ളത്.

നിലയ്ക്കല്‍ പ്രശ്‌നം ആണ് എന്നു തോന്നുന്നു അദ്ദേഹത്തിലേക്ക് ആദ്യകാലത്ത് ശ്രദ്ധ ക്ഷണിച്ചത്. അത് അനാവശ്യമായി പൊക്കിയെടുത്ത ഒന്നായിരുന്നു എന്നതില്‍ വിവരം ഉള്ളവര്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയില്ല. അതുകൊണ്ട് എന്തുപ്രയോജനമാണ് ഉണ്ടായത് എന്ന ചോദ്യം ക്രൈസ്തവബുദ്ധിജീവികള്‍ അന്ന് തന്നെ ഉയര്‍ത്തിയതാണ്. അന്നത്തെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയത്തിനും അന്ന് ഒരു പ്രദേശത്ത് ഒരു പ്രത്യേക വിഭാഗത്തിന്റെ മെത്രാന്‍ ആയിരുന്ന വ്യക്തിക്കും അല്ലാതെ ആര്‍ക്കും ഒരു ഗുണവും ആ വിഷയം വഴി ഉണ്ടായില്ല. അതുകൊണ്ട് ആ വിഷയത്തില്‍ കുമ്മനം അന്ന് സ്വീകരിച്ച നിലപാട് ന്യായയുക്തമായിരുന്നു എന്ന് ക്രൈസ്തവര്‍ക്കുപോലും തിരിച്ചറിയാനാവും.

അല്ലെങ്കില്‍ത്തന്നെ കുമ്മനത്ത് ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക് വര്‍ഗീയചിന്ത ഉണ്ടാവുക എളുപ്പമല്ല. രാജശേഖരന്റെ വീട്ടിലെ പുഴക്കടവില്‍ നിന്ന് പഴയ സെമിനാരിയുടെ കടവിലേക്ക് നീന്തിയാണ് താന്‍ ആ വിദ്യ അഭ്യസിച്ചത് എന്ന് അദ്ദേഹം തന്നെ എന്നോടുപറഞ്ഞിട്ടുണ്ട്. മൂന്ന് പ്രമുഖ മതങ്ങളും തോളുരുമ്മി ജീവിക്കുന്ന ഇടം ആണ് പഴയ തിരുവിതാംകൂറിന്റെ വടക്കന്‍ ഡിവിഷനും കൊച്ചിയും. കസേരകളിയുടെ അവസാന റൗണ്ടില്‍ ഒരു കസേരയ്ക്ക് രണ്ടുപേര്‍ മത്സരിക്കുന്ന സന്ദര്‍ഭം ഉണ്ടായാല്‍ ചിലപ്പോള്‍ അവനവന്റെ ജാതിയില്‍ പെട്ട ആളെ പ്രോത്സാഹിപ്പിച്ചുവെന്ന് വരാം എന്നതിനപ്പുറം ഉള്ള ജാതിചിന്തയൊന്നും അവിടെ ഉണ്ടായിരുന്നില്ല ഒരിക്കലും. അതുകൊണ്ട് കുമ്മനം രാജശേഖരന്‍ ആ നാട്ടുകാര്‍ക്ക് ജാതിമതഭേദമെന്യേ ‘നമ്മുടെ രാജന്‍’ തന്നെ.

പൊതുജീവിതത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ബാധ അഴിമതിയാണല്ലോ. നാലുവര്‍ഷം പിന്നിട്ടിട്ടും മോദി സര്‍ക്കാരിനെതിരെ വ്യക്തമായ ഒരു അഴിമതിയും ആരോപിക്കപ്പെട്ടിട്ടില്ല എന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ ഏറ്റവും ഉജ്വലമായ മുഖം. അതിന്റെ കേരളത്തിലെ മുഖമാണ് രാജശേഖരന്‍. നേരായാലും നുണയായാലും കേരളത്തിലും രാജന്‍ നയിച്ച കക്ഷി ആരോപണവിധേയമായി എന്നത് മറക്കുന്നില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചപ്പോഴും കുമ്മനം രാജശേഖരന്‍ കള്ളനാണെന്നോ അഴിമതി കാട്ടിയെന്നോ ആരും ആരോപിച്ചില്ല.

കുമ്മനത്തെ ശ്രദ്ധിക്കുന്നവര്‍ തിരിച്ചറിയുന്ന മറ്റൊരു സംഗതി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പരിവ്രാജക ഭാവമാണ്. ഗുരുവും ജ്യേഷ്ഠനുമായി പരമേശ്വര്‍ജിയെ ആണ് ഇക്കാര്യത്തില്‍ രാജന്‍ മാതൃകയാക്കിയിട്ടുള്ളത് എന്ന് എനിക്ക് തോന്നുന്നു. നിഷ്‌ക്കാമകര്‍മ്മം അനുഷ്ഠിക്കണം എന്നത് ഭാരതീയധര്‍മ്മത്തിന്റെ ശ്രേഷ്ഠമായ അനുശാസനമാണ്. ‘കര്‍മ്മണ്യേവാധികാരസ്ഥേ മാ ഫലേഷു കദാചന’. അത് എളുപ്പമല്ല. കര്‍മ്മം ചെയ്യുന്നതിനേക്കാള്‍ പ്രയാസമാണ് അതിന്റെ ഫലത്തോട് നിസംഗത പുലര്‍ത്തുന്നത്. ‘യോഗഃ കര്‍മ്മസു കൗശലം’ എന്നതാണ് ഐ.എ.എസിന്റെ ആപ്തവാക്യം. കര്‍മ്മകുശലതയാണ് യോഗരഹസ്യം എന്ന സാമാന്യമായ അര്‍ത്ഥം മാത്രം ആണ് മിക്ക ഐ.എ.എസ്സുകാര്‍ക്കും അറിയുന്നത്. അത് ‘കര്‍മ്മണ്യേവാധികാരസ്ഥ’ വരെ മാത്രമേ എത്തുന്നുള്ളൂ. സത്യത്തില്‍ ഭഗവദ്ഗീത ഉദ്ദേശിക്കുന്നത് ‘കര്‍തൃത്വത്തിലോ’ ‘ഭോക്തൃത്വത്തിലോ’ കാര്‍മ്മികന് കാര്യമില്ല എന്നാണ്. അവിടെയാണ് ‘മാ ഫലേഷു കദാചന’ കടന്നുവരുന്നത്. ആ രഹസ്യം തിരിച്ചറിയുന്നവരാണ് യഥാര്‍ത്ഥ പരിവ്രാജകര്‍. കുമ്മനത്തിന്റെ വ്യക്തിത്വം നിരീക്ഷണവിധേയമാക്കുന്നവര്‍ക്ക് കുമ്മനത്തില്‍ അങ്ങനെ ഒരു ഭാവം തിരിച്ചറിയാന്‍ കഴിയും.

എന്റെ പ്രിയപ്പെട്ട അനിയന്‍ കുമ്മനം രാജശേഖരന്‍ അവര്‍കളെ കണ്ടിട്ടാവണം ഭാരതീയാചാര്യന്മാര്‍ പണ്ട് കുറിച്ചത്

‘ഉദയേ സവിതാ രക്ത: രക്തശാസ്തമയേ തഥാ സമ്പത്തൗ ച വിപത്തൗ ച മഹതാമേകരൂപതാ’ എന്ന്. ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യന് രക്തവര്‍ണമാണ്; മഹാന്മാര്‍ക്ക് സമ്പത്തിലും വിപത്തിലും ഒരേ ഭാവമായിരിക്കും. ഞങ്ങളുടെ സഭയില്‍ ഒരാളെ മെത്രാനായി അവരോധിക്കുമ്പോള്‍ സാമാജികര്‍ അദ്ദേഹത്തെ സിംഹാസനത്തില്‍ ഇരുത്തി, ഉയര്‍ത്തി, വിളിക്കാറുള്ളതുപോലെ പറഞ്ഞുനിര്‍ത്താം: ‘ഓക്‌സിയോസ്, ഓക്‌സിയോസ്, ഗവര്‍ണര്‍ രാജശേഖരന്‍ ഓക്‌സിയോസ്’. കുമ്മനം ഈ കസേരയ്ക്ക് യോഗ്യനാണ് എന്നര്‍ത്ഥം

ശുഭമസ്തു. അവിഘ്‌നമസ്തു

Digital Signage

1 COMMENT

  1. കര്‍മ്മ ധീരതക്ക് പരൃായം തേടണൊ……..
    അതുപോലെ എഴുത്ത് തൊഴിലിന്
    ഒാക്സിയോസ് പോള്‍ജീ ഒാക്സിയോസ്!!!!

Leave a Reply